റബര്‍ ചെടികള്‍ വികസിപ്പിക്കാന്‍ ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ; മലയാളി ശാസ്ത്രജ്ഞയെ അംഗീകരിച്ച് ചൈനീസ് സര്‍ക്കാരും ശാസ്ത്രലോകവും; ഇത് ലോകറാങ്കിങില്‍ ചൈനയെ ഒന്നാമതെത്തിക്കാന്‍ സഹായിക്കുന്ന കണ്ടു പിടുത്തം; പത്തനംതിട്ടക്കാരി ഡോ ജിനു ഉദയഭാനു കൈയ്യടി നേടുമ്പോള്‍
പത്തനംതിട്ട: ലോകത്തില്‍ ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉല്‍പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. അടൂര്‍ അങ്ങാടിക്കല്‍ സ്വദേശിനി ഡോ: ജിനു ഉദയഭാനുവിനാണ് ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത്. ചൈനയിലെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന് കീഴില്‍ റബര്‍ ചൈനീസ് അക്കാദമി ഓഫ് ട്രോപ്പിക്കല്‍ അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ (ആര്‍ആര്‍ഐ) ശാസ്ത്രജ്ഞയാണ് ഡോ. ജിനു. മികച്ച ശാസ്ത്രീയവും സാങ്കേതികവുമായ നേട്ടങ്ങള്‍ കണ്ടുപിടിച്ചതിനുള്ള ചൈനീസ് ട്രോപ്പിക്കല്‍ ക്രോപ്സ് സൊസൈറ്റിയുടെ പ്രശസ്തി പത്രമാണ് ഡോ. ജിനു ഉദയഭാനുവിന് ലഭിച്ചത്. റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈനയുടെ ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന ചുമതലക്കാരിയാണ് ജിനു. കണ്ടുപിടുത്തത്തിന് കഴിഞ്ഞ വര്‍ഷം ചൈനീസ് നാഷണല്‍ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.
പൂക്കുകയും കായ്ക്കുകയും ചെയ്യാത്ത അത്യുല്‍പ്പാദന ശേഷിയുള്ള റബ്ബര്‍ തൈകള്‍ ജനിതക പരിണാമത്തിലൂടെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഒരു ടിഷ്യൂവില്‍ നിന്നും 20 റബര്‍ തൈകള്‍ ഉല്‍പാദനം നടത്തി. ഇവയില്‍ നിന്നും വീണ്ടും 70 റബര്‍ തൈകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് കണ്ടുപിടിത്തം. മിനിസ്ട്രി ഓഫ് സയന്‍സ് ടെക്നോളജി പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഫോറിന്‍ എക്സ്പെര്‍ട്ട് യങ് ടാലന്റ് പോളിസി വഴി ഫോറിന്‍ എക്സ്പെര്‍ട്ട് ആയി 2021 - 22 കാലയളവില്‍ ഡോ. ജിനു ഉദയഭാനുവിന് ചൈനീസ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയിരുന്നു. 2019-ല്‍ ഉയര്‍ന്ന കാര്യക്ഷമത ഉളള ജീന്‍ എഡിറ്റിങ് രൂപകല്‍പ്പന ചെയ്തതിന് റിസേര്‍ച്ച് ഡവലപ്പ്മെന്റ് ബ്യൂറോ ഓഫ് സി.സി.പി (ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി)യുടെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
ഇന്ത്യ, ചൈന, മലേഷ്യ, തായ്ലാന്റ്, ശ്രീലങ്ക, ഫ്രാന്‍സ് തുടങ്ങി പല രാജ്യങ്ങളില്‍ ഉള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ അത്യൂല്‍പാദന ശേഷിയുള്ളതും കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കുന്നതും രോഗങ്ങള്‍ ചെറുക്കാന്‍ കഴിയുന്നതുമായ ജനിതക വ്യതിയാനം വരുത്തിയ റബ്ബര്‍ ചെടികള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഡോ. ജിനു നടത്തി വരികയാണ്. 2019 - 2024 മാര്‍ച്ച് കാലയളവില്‍ ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനിതക വ്യതിയാനം വരുത്തിയ റബര്‍ ചെടികള്‍ ഉല്പാദിപ്പിച്ചു. ചൈനയില്‍ ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ ആണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. കംബോഡിയ, തായ്ലാന്റ് മുതലായ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. എന്നാല്‍ ആവശ്യത്തിനു അനുസരിച്ചുള്ള ഉല്‍പാദനം കുറവായിരുന്നു. ഈ വിഷയം ചൈനീസ് റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍മാര്‍ ഡോ. ജിനുവിനോട് അവതരിപ്പിച്ചു.
തുടര്‍ന്ന് വളരെ എളുപ്പവും ചെലവ് കുറവുള്ളതും സമയ നഷ്ടം ഇല്ലാത്തതുമായ ഒരു സാങ്കേതിക വിദ്യ ജിനു കണ്ടെത്തി. അങ്ങനെയാണ് ഒരു ടിഷ്യൂവില്‍ നിന്ന് 70 തൈകള്‍ വരെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞത്. പുതിയ സാങ്കേതിക വിദ്യ ടിഷ്യു കള്‍ച്ചര്‍ റബ്ബര്‍ തൈകളുടെ ഉല്‍പ്പാദന നിരക്ക് വളരെ അധികം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. സാധാരണയായി ടിഷ്യു കള്‍ച്ചര്‍ പ്രക്രിയയില്‍ ഒരു എക്സ് പ്ലാന്റില്‍ നിന്നും 20 തൈകള്‍ ആണ് ലഭ്യമാവുന്നത്. എന്നാല്‍ ജിനു കണ്ടുപിടിച്ച പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു എക്സ് പ്ലാന്റിലൂടെ 70 ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നു. ചൈനയുടെ അഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള റബ്ബര്‍ തൈകള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും മറ്റു രാജ്യങ്ങളിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാനും സാധിക്കുന്നു. ജനിതക വ്യതിയാനം നടത്താന്‍ ഉപയോഗിക്കുന്ന വൈറല്‍ പ്രൊമോട്ടേഴ്സിന് പകരം ചെടികളില്‍ നിന്നു തന്നെ വേര്‍തിരിച്ചെടുക്കാവുന്ന 3 പ്ലാസ് ബേസ്ഡ് പ്രമോട്ടേഴ്സിനെ കണ്ടുപിടിച്ചു. ഇതിന് ചൈനീസ് നാഷണല്‍ പേറ്റന്റ് ലഭിച്ചു.
ഈ നേട്ടങ്ങള്‍ കണക്കിലെടുത്ത് ചൈനീസ് ഗവണ്‍മെന്റിന്റെ ഏറ്റവും പുതിയ പദ്ധതിയില്‍ ജോലി ചെയ്യാന്‍ ജിനുവിന് സാധിച്ചു. 30 ല്‍ പരം അന്തര്‍ദേശീയ ലേഖനങ്ങള്‍ ജിനുവിന്റേതായി പുറത്തു വന്നിട്ടുണ്ട്. റബ്ബര്‍ ചെടികളിലെ ഹെറ്ററോസൈഗസ് സ്വഭാവം കാരണം ജനിതകമാറ്റം വളരെ ദുഷ്‌കരമാണ്. പലപ്പോഴും, ജനിതകമാറ്റം നടന്നാല്‍ പോലും അതു പിന്നീടുള്ള വര്‍ഷങ്ങളില്‍ നിലനില്‍ക്കാതെ അതിന്റെ യഥാര്‍ത്ഥ ജീനിനിലേക്ക് മാറുന്നത് ഗവേഷണങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തില്‍ ആദ്യമായ് ഹോമോസൈഗസ് റബ്ബര്‍ ചെടികള്‍ ഉല്പാദിപ്പിച്ചു. ഇതോടെ ഏതു റബര്‍ ചെടികളും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വികസിപ്പിക്കാന്‍ കഴിയും. ഈ കണ്ടുപിടിത്തം ചൈനയില്‍ ദേശീയശ്രദ്ധ നേടി. ഇപ്പോള്‍ റബ്ബര്‍ ഉല്‍പാദനത്തിലും കയറ്റുമതിയിലും ലോകത്ത് അഞ്ചാം റാങ്കില്‍ നില്‍ക്കുന്ന ചൈനയ്ക്ക് ഒന്നാം റാങ്ക് എന്ന സ്വപ്നത്തിലേക്കുള്ള വഴിയാകും ഈ കണ്ടുപിടിത്തവും ഇനി വരുന്ന ഗവേഷണ ഫലങ്ങളും. ഇന്‍ഡസ്ട്രിയല്‍ കോര്‍പ്സ് ആന്‍ഡ് സയന്‍സ് എന്ന ജേര്‍ണലില്‍ ഇതു സംബന്ധിച്ച ജിനുവിന്റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു.
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ അങ്ങാടിക്കല്‍ പുതുശ്ശേരില്‍ പരേതനായ വിമുക്തഭടന്‍ പി.കെ. ഉദയഭാനുവിന്റേയും റിട്ടേര്‍ഡ് ഹെഡ്മിസ്ട്രസ് സി.കെ. ഓമനയുടെയും മകളാണ് ഡോ. ജിനു ഉദയഭാനു. കോഴിക്കോട് കക്കോടി സ്വദേശി റിയാദില്‍ ബിസിനസ്സ് നടത്തുന്ന ലിജീഷ് ആണ് ഭര്‍ത്താവ്. വര്‍ഷിക ആണ് മകള്‍. ബയോടെക്നോളജിയില്‍ ഡോക്ട്രേറ്റ് നേടിയിട്ടുള്ള ജിനു ഉദയഭാനു 2019 ജനുവരി മുതല്‍ ചൈനീസ് റബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സേവനം അനുഷ്ടിക്കുന്നത്.