ടേക്ക് ഓഫിനായി റൺവേയിലൂടെ കുതിച്ചുപാഞ്ഞ് ഡെൽറ്റ എയർലൈൻസ്; എതിർദിശയിൽ മറ്റൊരു വിമാനം; ആശങ്ക; 'സ്റ്റോപ്പ്, സ്റ്റോപ്പ് ഐ സെ പ്ലീസ് സ്റ്റോപ്പ്...'എന്ന് വിളിച്ചുപറഞ്ഞ് എയർ ട്രാഫിക് കൺട്രോളർ; പരിഭ്രാന്തിയിൽ യാത്രക്കാർ; വൻ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; ലോസ് ഏഞ്ചൽസിലെ എയർപോർട്ടിൽ നടന്നത്!

Update: 2024-12-31 10:32 GMT

കാലിഫോർണിയ: ഈ വർഷം അവസാനമായപ്പോൾ രണ്ടുവലിയ വിമാന ദുരന്തങ്ങളാണ് നമ്മൾ കണ്ടത്. രണ്ടു അപകടങ്ങളിലായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഇപ്പോഴിതാ മറ്റൊരു വലിയ വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിവായതാണ് വാർത്ത. ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പകർത്തിയിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന വിമാനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വലിയ ഞെട്ടലാണ് ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വിമാനങ്ങൾ അപകടകരമാം വിധം പരസ്‌പരം അടുത്തെത്തുന്നതാണ് വീഡിയോയിൽ ഉണ്ട്.

വിമാനങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നത് തടയാൻവേണ്ടി എയർ ട്രാഫിക് കൺട്രോളർ സ്റ്റോപ്പ്, 'സ്റ്റോപ്പ്, സ്റ്റോപ്പ്' എന്ന് വിളിച്ചു പറയുന്നതും കേൾക്കാം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ഡെൽറ്റ എയർലൈൻസ് വിമാനവും ഗോൺസാഗ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോൾ ടീം സഞ്ചരിച്ചിരുന്ന പ്രൈവറ്റ് വിമാനവുമാണ് വീഡിയോയിൽ ഉള്ളത്. ഗോൺസാഗയുടെ ചാർട്ടേഡ് കീ ലൈം എയർ ഫ്ലൈറ്റ് 563 റൺവേക്ക് കുറുകെ നീങ്ങുകയായിരുന്നു. ആ സമയത്താണ് എയർ ട്രാഫിക് കൺട്രോളർമാർ നിർത്താൻ പറയുന്നത്.

അറ്റ്ലാൻ്റയിലേക്ക് പോകുന്ന എയർബസ് എ 321 ഡെൽറ്റ ഫ്ലൈറ്റ് 471 ടേക്ക്ഓഫ് ചെയ്യുമ്പോഴാണ് ചാർട്ടേഡ് കീ ലൈം എയർ ഫ്ലൈറ്റ് 563 ഉം റൺവേയിലേക്ക് നീങ്ങിയത്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എയർ ട്രാഫിക് കൺട്രോളർമാർ ഗോൺസാഗ വിമാനത്തിന് റൺവേയിലേക്കിറങ്ങാൻ നിർദ്ദേശം നൽകിയതായി അധികൃതർ സ്ഥിരീകരിച്ചു.

ജെറ്റ് മുന്നോട്ട് നീങ്ങിയപ്പോഴാണ്, ഡെൽറ്റയുടെ വിമാനം അടുത്തെത്തിയത്. അപ്പോൾ തന്നെ കൺട്രോളർമാർ പൈലറ്റിനോട് നിർത്താൻ പറഞ്ഞു എന്നും എഫ്‍എഎ വക്താവ് പറയുന്നു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Tags:    

Similar News