തൃശൂരും കണ്ണൂരും ഒപ്പത്തിനൊപ്പം; തൊട്ടുപിന്നാലെ പാലക്കാട്; ആര് ഉയര്‍ത്തും സ്വര്‍ണക്കപ്പ്; സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍; സമാപന ചടങ്ങില്‍ ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരശീല വീഴാന്‍ മണിക്കൂറുകള്‍
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ നാലാംദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ തൃശൂര്‍ മുന്നില്‍. 925 പോയിന്റുമായി തൃശൂര്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 923 പോയിന്റുള്ള കണ്ണൂര്‍ രണ്ടാം സ്ഥാനത്താണ്. 921 പോയിന്റുള്ള പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 919 പോയിന്റുള്ള കോഴിക്കാട് നാലാം സ്ഥാനത്തും 896 പോയിന്റുള്ള മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം പൂര്‍ത്തിയായി. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്കൂളുകളുടെ പട്ടികയില്‍ 151 പോയിന്റുമായി പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുന്നില്‍. 101 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാമതും, 101 പോയിന്റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.
ഇന്ന് ഒന്നാം വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ എം.ടി നിളയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, സംഘനൃത്തം എന്നിവയാണ് നടന്നത്. രണ്ടാം വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചുപ്പുടി, കോല്‍ക്കളി എന്നിവയാണ്. ടാഗോര്‍ തിയേറ്ററിലെ മൂന്നാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം നാടകം തുടരുകയാണ്. പാളയം സെന്റ് ജോസഫ് എച്ച്.എസ്.എസിലെ ആറാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മിമിക്രി നടക്കുന്നു. തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.
സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും. മന്ത്രി ജി. ആര്. അനില്‍ അധ്യക്ഷനാകും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും, 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്കാര വിതരണവും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന് കടന്നപ്പള്ളി, കെ.ബി.ഗണേഷ് കുമാര്‍, വി.എന്‍.വാസവന്, പി.എ.മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, പി പ്രസാദ്, സജി ചെറിയാന്, ഡോ. ആര് ബിന്ദു, ജെ. ചിഞ്ചുറാണി, ഒ.ആര്.കേളു, വി. അബ്ദുറഹ്മാന് എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. എം.എല്‍.എമാരും കലോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്മാന്മാരുമായ ആന്റണി രാജു, കെ ആന്‍സലന്‍, ജി.സ്റ്റീഫന്‍, ഒ.എസ്.അംബിക, വി.ശശി, ഡി.കെ.മുരളി, സി.കെ.ഹരീന്ദ്രന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ ആര്.എസ്.ഷിബു, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സാലു ജെ.ആര്. തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിക്കും. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന് നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മ്മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് തുടങ്ങിയവരെയും ആദരിക്കും. പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്കാരങ്ങളാണ് നല്‍കുന്നത്. വേദിയിലെത്തി സമ്മാനം സ്വീകരിക്കുന്നതിനായി പരമാവധി പത്ത് പേരെ മാത്രമേ അനുവദിക്കൂ. എട്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് അനുമതി. ഇവര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വേദിയിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ക്രമീകരണം.
സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. ഉച്ചക്ക് രണ്ടുമണിയോടെ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് അപ്പീലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. നാല് മണിയോടെ സ്വര്‍ണ കപ്പ് വേദിയിലേക്ക് കൊണ്ട് വരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്കൂള്‍ കലാമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഗതാഗതക്രമീകരണങ്ങള് നടത്തുന്നതിനും സഹായിച്ച പോലീസിനും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സ്വാഗതസംഘം ചെയര്മാന് കൂടിയായ മന്ത്രി ജി. ആര്. അനില്‍ നന്ദി അറിയിച്ചു. എംഎല്‍എമാരായ ആന്റണി രാജു, ഐ.ബി. സതീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.