ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം നിര്‍ത്താതെ പോയ വാഹനം പിടികൂടി; കമ്പത്ത് നിന്നും ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തത് സാഹസികമായി; വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് ആണ്‍മക്കളെ നഷ്ടമായ ദുഖത്തില്‍ മാതാപിതാക്കള്‍
ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട് കൊലപ്പെടുത്തിയ ശേഷം നിര്‍ത്താതെ പോയ വാഹനം പിടികൂടി
ശ്യാം സി ആര്‍
പീരുമേട്: ദേശീയപാതയില്‍ ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറെയും പോലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവറായ കമ്പം സ്വദേശി സുരേഷ് കുമാര്‍ ആണ് പിടിയിലായത്. ഡ്രൈവറെ തിരിച്ചറിയാന്‍ കഴിയാതെ നിന്ന പോലീസിന് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍ തിരിഞ്ഞു. ഡ്രൈവറെ കാട്ടി തരാതെ പോലീസിനെ പിന്തിരിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു. ഒടുവില്‍ സാഹസികമായി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പീരുമേട് എസ്. എച്ച്. ഒ, എസ്. ഐ. എന്നിവരുടെ നേതൃത്വത്തില്‍ 4 അംഗ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വൈകുന്നേരത്തോടെ സ്റ്റേഷനില്‍ എത്തിച്ചു. പീരുമേട് മുറിഞ്ഞപുഴ സദേശിയായ പുന്നയ്ക്കല്‍ നാരായണന്റെ മകന്‍ വിഷ്ണു (20) ആണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി പത്തരയോടെ മുറിഞ്ഞപുഴയിലാണ് അപകടം. മുറിഞ്ഞപുഴയില്‍ നിന്നും കുട്ടിക്കാനം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വിഷ്ണു സഞ്ചരിച്ച ബൈക്കിനെ മറ്റൊരു വാഹനത്തെ മറികടന്ന് ഇറക്കം ഇറങ്ങി വന്ന പിക്ക് അപ്പ് വാനാണ് ഇടിച്ചിട്ടത്.
അമിത വേഗതയിലായതിനാല്‍ അപകടം വരുത്തിയ വാഹനം കടന്നു പോയത്. മറ്റൊരു വാഹനത്തില്‍ തടിലോഡുമായി അതു വഴി കടന്നു വരികയായിരുന്ന പഞ്ചായത്തംഗവും ഡ്രൈവറും ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. അപകടത്തിന്റെ ദൃക്സാക്ഷിയായിരുന്നു വാര്‍ഡംഗം എ. ജെ. തോമസ്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ പീരുമേട് പോലീസ് തമിഴ്‌നാട് കമ്പത്ത് നിന്നും പിടികൂടുകയായിരുന്നു. വാര്‍ഡംഗം സ്റ്റേഷനിലെത്തി വാഹനം ഇത് തന്നെയെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വിഷ്ണുവിന്റെ ജ്യേഷ്ഠനായ മനു (23) ഒരു വര്‍ഷം മുന്‍പ് ഓഗസ്റ്റ് 3 ന് വണ്ടിപെരിയാറില്‍ നടന്ന അപകടത്തിലാണ് മരണപ്പെടുന്നത്. മൂത്തമകന്‍ നഷ്ടമായതിന്റെ ദുഖത്തില്‍ കഴിയുമ്പോഴാണ് ഇളയമകന്റെയും വേര്‍പാട് നാരായണനെയും ഭാര്യ സുശീലയെയും തളര്‍ത്തിയത്. ഒരു കുടുംബത്തിന്റെ ആശ്രയമാകേണ്ടിയിരുന്ന യുവാക്കളെ മരണം തട്ടിയെടുത്തു. രണ്ട് ആണ്‍ മക്കള്‍ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. മകളുടെ വിവാഹം കഴിഞ്ഞു. കൂലിവേല എടുത്താണ് ദമ്പതികള്‍ മക്കളെ നല്ല നിലയില്‍ പഠിപ്പിച്ചത്. സ്ഥിരമായി ഒരു ജോലി കിട്ടുന്നതിന് മുന്‍പ് മാതാപിതാക്കള്‍ക്ക് ഒരു സഹായമാകുന്നതിനാണ് രണ്ട് പേരും ജോലിക്കിറങ്ങിയത്. രണ്ട് പേരുടെയും ജീവന്‍ റോഡില്‍ പൊലിയുകയായിരുന്നു.
വാഹനം കണ്ടെത്തുന്നതിനായി പീരുമേട് പോലീസ് സി. സി. ടി. വികള്‍ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. പാതയിലൂടെ നിരവധി വാഹനങ്ങളാണ് അമിത വേഗതയില്‍ ചീറിപായുന്നത്. അമിത വേഗത പലപ്പോഴും അപകടത്തിന് കാരണമാകുന്നു.