മുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ ചൂടേറ്റ് ഉറക്കം; ഒന്നര വയസ്സുകാരന് ഉണര്‍ന്നെണീറ്റത് ഉമ്മയില്ലാത്ത ലോകത്തിലേക്ക്: അനീസയെ കടലെടുത്തതറിയാതെ ശാന്തമായി ഉറങ്ങി എസ്താന്
മുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ ചൂടേറ്റ് ഉറക്കം; ഒന്നര വയസ്സുകാരന് ഉണര്‍ന്നെണീറ്റത് ഉമ്മയില്ലാത്ത ലോകത്തിലേക്ക്
പയ്യോളി: മുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ മാറിന്റെ ചുടേറ്റ് ശാന്തമായി ഉറങ്ങിയ എസ്താന് ഉണര്‍ന്നെഴുനേറ്റത് ഉമ്മയില്ലാത്ത ലോകത്തിലേക്ക്. ഉറക്കമുണര്‍ന്നാല്‍ ഉമ്മയെ കാണാതെ ഒന്നര വയസ്സുകാരന് നിലവിളിക്കുമെന്ന പേടിയില്‍ ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ കടിച്ചമര്‍ത്തിയാണ് ആ സുഹൃത്തുക്കള്‍ അവനെ ഉറ്റവര്‍ക്ക് അരികില്‍ എത്തിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടലിലേക്ക് നടന്നുനീങ്ങിയ കല്പറ്റ തരുവണ ആറുവാള്‍ പാട്ടശ്ശേരി അനീസ (35) കടല്‍ പെട്ടെന്ന് പ്രക്ഷുബ്ധമായപ്പോള്‍ കാലിടറി വീഴുകയായിരുന്നു.
ഈ സമയം ഉമ്മയെ കടലെടുത്തതറിയാതെ കുഞ്ഞ് എസ്താന് ടെമ്പോട്രാവലറിലെ സീറ്റില്‍ ശാന്തമായി ഉറങ്ങുകയായിരുന്നു. പുറത്തെ ബഹളങ്ങളൊന്നുമറിയാതെ ഉറങ്ങി കിടന്ന ആ കുഞ്ഞ് കണ്ടു നിന്നവരിലെല്ലാം നൊമ്പരമായി. ഒപ്പമുണ്ടായിരുന്ന നാലു പേരെ കടലെടുത്തിട്ടും കൂടെയുണ്ടായിരുന്നവര്‍ക്ക് ഒന്ന് നെഞ്ചു പൊട്ടി കരയാന്‍ പോവും ആയില്ല. പിന്നീട് ഏതാനും നേരം അവിടെയെങ്ങും കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കുഞ്ഞ് ഉണരാതിരിക്കാന്‍ വാ പൊത്തി പിടിച്ച് യാത്രാസംഘത്തിലുണ്ടായിരുന്നവര് കരച്ചിലൊതുക്കി. തിരിച്ചറിവാകും മുന്നേ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെ ഓര്‍ത്ത് അവര്‍ ഓരോരുത്തരും വിങ്ങിപ്പൊട്ടി.
അനീസയും എസ്താനും മാത്രമാണ് ആ സുഹൃത്തുക്കളുടെ യാത്രയില്‍ വീട്ടില്‍നിന്ന് വന്നിരുന്നുള്ളൂ. അതിനാല്‍ കുഞ്ഞ് ഉണരുന്നതിനുമുന്‍പ് ബന്ധുക്കളെ ഏല്‍പ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. കല്പറ്റയില്നിന്ന് ബന്ധുക്കളെത്താന്‍ സമയമെടുക്കും. സുഹൃത്തുകളുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍നിന്ന് നാട്ടിലേക്ക് തിരിക്കാനും സംഘാംഗങ്ങള്‍ക്ക് ആവുന്നില്ല. ഒടുവില്‍ വഴിയില്‍ കാണുന്നിടത്തുവെച്ച് കുഞ്ഞിനെ ബന്ധുകള്‍ക്ക് കൈമാറാമെന്ന ധാരണയില്‍ യാത്രാസംഘാംഗങ്ങള്‍ തിക്കോടിയില്‍നിന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ കല്പറ്റയില്നിന്നും യാത്രതിരിച്ചു.
ഉമ്മയുടെ അമിഞ്ഞപ്പാല്‍ നുണഞ്ഞ് ഉറങ്ങിപ്പോയ കുഞ്ഞ്, ബന്ധുക്കളുടെ കൈകളിലേക്ക് കൈമാറുന്നതുവരെ ഉണരരുത് എന്നതായിരുന്നു വാഹനം പുറപ്പെടുമ്പോള്‍ ഏവരുടെയും പ്രാര്‍ഥന.