മരിച്ചവരില്‍ ഐസ് സ്‌കേറ്റിംഗ് മുന്‍ ലോക ചാമ്പ്യന്മാര്‍ അടക്കമുള്ളവര്‍; ആ വിമാനത്തിലും ഹെലികോപ്ടറിലും ഉണ്ടായിരുന്ന 67 പേരും മരിച്ചു; കണ്ടെത്തിയത് 40 മൃതദേഹങ്ങള്‍; എല്ലാം ബൈഡന്റെ പിഴയെന്ന് ട്രംപ്; രണ്ട് ബ്ലാക് ബോസ്‌കും കണ്ടെത്തിയത് നിര്‍ണ്ണായകം; അന്വേഷണം അതിവേഗം തീര്‍ക്കും

Update: 2025-01-31 02:00 GMT

വാഷിങ്ടണ്‍: വാഷിങ്ടണില്‍ വിമാനാപകടത്തില്‍ 67 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കന്‍ ഏജന്‍സികള്‍ അറിയിക്കുന്നു.

മരിച്ചവരില്‍ 14 ഫിഗര്‍ സ്‌കേറ്റിംഗ് താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. പരിശീലകരും കളിക്കാരും എല്ലാം ഈ സംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്‌സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തത് നിര്‍ണ്ണായകമാണ്. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്ഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചു. അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തില്‍ ബൈഡന്‍ സര്‍ക്കാരിനെ പഴിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുന്‍ സര്‍ക്കാരിന്റെ ഡൈവേര്‍സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ 64 പേരുമായി പോയ യാത്രാവിമാനം ആകാശത്തുവച്ച് സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്നു വീഴുകയായിരുന്നു. തണുത്തുറഞ്ഞ പൊട്ടോമക് നദിയിലേക്കാണ് വിമാനവും ഹെലികോപ്റ്ററും വീണത്. 60 യാത്രക്കാരും നാലു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ആരും രക്ഷപ്പെട്ടില്ല. അമേരിക്കന്‍ സമയം ബുധനാഴ്ച രാത്രി ഒന്പതിന് വാഷിംഗ്ടണ്‍ ഡിസിയിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തില്‍ യാത്രാവിമാനം ലാന്‍ഡിംഗിനു ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. യുഎസ് സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററില്‍ മൂന്നു സൈനികരുണ്ടായിരുന്നു.

വൈറ്റ്ഹൗസില്‍നിന്നും കാപ്പിറ്റോളില്‍നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു അപകടമുണ്ടായത്. പൊട്ടാമക് നദിയിലും പരിസരങ്ങളിലും മുങ്ങല്‍ വിദഗ്ധരും രക്ഷാപ്രവര്‍ത്തകരും വന്‍ തോതിലുള്ള തെരച്ചില്‍ നടത്തി. ബോസ്റ്റണ്‍ സ്‌കേറ്റിംഗ് ക്ലബ്ബിന്റെ ആറ് അംഗങ്ങള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ രണ്ടു പേര്‍ റഷ്യക്കാരാണ്. ഐസ് സ്‌കേറ്റിംഗ് പരിശീലകരും മുന്‍ ലോകചാന്പ്യന്മാരുമായ എവ്‌ഗെനിയ ഷിഷ്‌കോവ, വാദിം നുമോവ് എന്നിവരാണു മരിച്ച റഷ്യക്കാര്‍. കന്‍സാസിലെ വിചിറ്റയില്‍നിന്നു പറന്ന കനേഡിയന്‍ നിര്‍മിത ബൊംബാര്‍ഡിയര്‍ സിആര്‍ജെ-701 ഇരട്ട എന്‍ജിന്‍ വിമാനമാണ് തകര്‍ന്നുവീണത്. ഇതില്‍ 70 പേര്‍ക്കു യാത്ര ചെയ്യാനാകും. 24 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് ബുധനാഴ്ചയുണ്ടായത്.

പരിശീലന പറക്കലിലായിരുന്നു സൈനിക ഹെലികോപ്റ്റര്‍. കന്‍സാസില്‍നിന്നു പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 എന്ന വിമാനം റണ്‍വേയിലേക്ക് അടുക്കുന്നതിനിടെയാണു സൈന്യത്തിന്റെ ബ്ലാക്ക് ഹാക് ഹെലികോപ്റ്ററില്‍ ഇടിച്ചത്. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ ഇല്ലായിരുന്നെന്നാണു വിവരം. തുടര്‍ന്ന് വിമാനം നദിയിലേക്ക് വീഴുകയായിരുന്നു. വൈറ്റ് ഹൗസില്‍നിന്ന് 5 കിലോമീറ്റര്‍ ദൂരത്തായിരുന്നു അപകടം നടന്നത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്.

ഇതു നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയില്‍ സംശയവും പ്രകടിപ്പിച്ചു. 2009 ന് ശേഷം യുഎസിലുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ ന്യൂയോര്‍ക്കിലുണ്ടായ അപകടത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Tags:    

Similar News