16 മാസം ഹമാസിന്റെ തടവറയില്‍ കിടന്ന് ചോരയും നീരുമെല്ലാം വറ്റി; പെട്ടെന്ന് ഒരു 10 വര്‍ഷം പ്രായം കൂടിയ പോലെ; മെലിഞ്ഞുണങ്ങിയും, മുടി നരച്ചും കണ്ണുകുഴിഞ്ഞും പഴയ സുന്ദരരൂപങ്ങളുടെ പ്രേതങ്ങള്‍ പോലെ; ഹമാസ് വിട്ടയച്ച മൂന്നുബന്ദികളുടെ പ്രാകൃത രൂപം കണ്ട് സങ്കടപ്പെട്ട് ബന്ധുക്കള്‍; ഭാര്യയും മക്കളും കൊല്ലപ്പെട്ടതറിയാതെ ഷറാബി
ഹമാസ് വിട്ടയച്ച മൂന്നുബന്ദികളുടെ പ്രാകൃത രൂപം കണ്ട് സങ്കടപ്പെട്ട് ബന്ധുക്കള്‍
ജെറുസലേം: ഹമാസ് ഇന്ന് മോചിപ്പിച്ച മൂന്ന് ബന്ദികളെ കണ്ടാല്‍ ആര്‍ക്കും സങ്കടം വരും. തീര്‍ച്ചയായും ഈ ഹമാസ് തടങ്കലിലാക്കിയ ബന്ദികളെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പീഡനങ്ങള്‍ അനുഭവിച്ചവരാണ്. 500 ദിവസം മുമ്പ് ഹമാസ് ഈ മൂന്ന് പേരെയും ബന്ദികളാക്കുമ്പോള്‍ അവരെ കണ്ടിട്ടുള്ളവരാരും ഇപ്പോഴത്തെ അവരുടെ രൂപം കണ്ടാല്‍ പൊറുക്കില്ല. എപ്പോഴും ചിരിക്കുന്ന, തിളങ്ങുന്ന മുഖത്തോടുകൂടിയ ആരോഗ്യവാന്മാരായിരുന്നു അവര്‍. ഇന്നിപ്പോള്‍ മൂവരെയും കണ്ടാല്‍ ചോരയും നീരും വറ്റി പോയവരെ പോലെ.
എലി ഷറാബി(52), ഒഹാദ് ബെന്‍ ആമി (56), ഓര്‍ ലെവി (34) എന്നിവരെയാണ് ഇന്ന് മോചിപ്പിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം തടവുകാരെ കൈമാറുന്ന അഞ്ചാമത്തെ സംഭവമാണിത്. 18 ബന്ദികളെയും 550ലധികം ഫലസ്തീന്‍ തടവുകാരെയും ഇതിനകം മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച, പരിക്കേറ്റ ഫലസ്തീനികളെ മെയ് മാസത്തിന് ശേഷം ആദ്യമായി ഗസ്സയില്‍ നിന്ന് ഈജിപ്തിലേയ്ക്ക് പോകാന്‍ അനുവദിച്ചു.
മോചിപ്പിക്കും മുന്‍പ് ബന്ദികളെ ഹമാസ് ജനക്കൂട്ടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു്. നൂറുകണക്കിനു വരുന്ന ആള്‍ക്കാരുടെ മുന്നില്‍ ബന്ദികളെ എത്തിച്ച് മുഖംമൂടി ധാരികളായ ഹമാസ് സൈനികര്‍ ഇവരോട് എന്തെങ്കിലും പറയാന്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് മൂന്നു പേരെയും അന്താരാഷ്ട്രാ റെഡ് ക്രോസിനു കൈമാറിയത്. മൂന്നു പേരെയും സ്വീകരിച്ചതായി പിന്നീട് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
കാഴ്ചയില്‍ ആകെ ക്ഷീണരായ മൂവരും അവരുടെ പഴയകാലരൂപം വച്ചുനോക്കുമ്പോള്‍ പ്രേതങ്ങളെ പോലെ തോന്നും. കുഴിഞ്ഞ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍. 16 മാസം തടങ്കലില്‍ അനുഭവിച്ച ദുരിതങ്ങള്‍ എല്ലാം ആ മുഖങ്ങളില്‍ കാണാം.
തല മൊട്ടയടിച്ച് കട്ടിത്താടിയോടെയാണ് എലി ഷറാബിയെ കണ്ടത്. ആകെ മെലിഞ്ഞുപോയി. അദ്ദേഹത്തിന്റെ ബ്രിട്ടീഷുകാരിയായ ഭാര്യ ലിയാനും കൗമാരക്കാരായ പെണ്‍മക്കള്‍ നോയിയും യാഹേലും ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂവരുടെയും കരളുരുക്കുന്ന ദൃശ്യങ്ങള്‍ കണ്ട ബന്ധുക്കള്‍ മറ്റുബന്ദികളെ എത്രയും വേഗം മോചിപ്പിക്കാന്‍ ഇസ്രേയല്‍ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.
കിബുത്സ് ബേരിയിലെ ഒരു കമ്യൂണിറ്റി ഫാമില്‍ നിന്നാണ് ഷറാബിയെ ഒക്ടോബര്‍ 7 ന് നടന്ന ആക്രമണത്തില്‍ ഹമാസ് ബന്ദിയാക്കിയത്. ഒരുമുറിയില്‍ ഭാര്യയെയും മക്കളെയും ഒളിപ്പിച്ചെങ്കിലും ഹമാസ് സായുധസംഘം അവരെ തിരഞ്ഞുപിടിച്ച് വകവരുത്തുകയായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്ന സഹേദരനെ ബന്ദിയായിരിക്കെ ഹമാസ് കൊലപ്പെടുത്തി. തന്റെ മക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല എന്ന വിവരം ഷറാബിക്ക് അറിയാമോ എന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് കുടുംബം പറഞ്ഞത്.
ഭാര്യാപിതാവും മാതാവുമാണ് ഷറാബിയെ സ്വീകരിക്കാന്‍ എത്തിയത്. ഷറാബിയുടെ ഭീകരാവസ്ഥ കണ്ട് ആകെ സങ്കടപ്പെട്ടുപോയി അവര്‍. തനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് അറിയുമ്പോള്‍, ഷറാബി എങ്ങനെ പ്രതികരിക്കുമെന്നും കുടുംബത്തിന് വ്യക്തതയില്ല.
ഒഹാദ് ബെന്‍ ആമി
ഒഹാദ് ബെന്‍ ആമിയെയും ഷറാബിയെയും കിബുത്്‌സ് ബേരിയിലെ കമ്യൂണിറ്റി ഫാമില്‍ നിന്നും ഓര്‍ ലെവിയെ നോവാ മ്യൂസിക് ഫെസ്റ്റിവലില്‍ നിന്നുമാണ് പിടിച്ചുകൊണ്ടുപോയത്.
ഓര്‍ ലെവി
മറ്റുബന്ദികളെ പോലെ ടെല്‍അവീവിലെ മെഡിക്കല്‍ സെന്ററില്‍ ഷറാബിയും ചികിത്സ തേടും. അവിടെ സൈക്യാട്രിസ്റ്റുകളും, ഡയറ്റീഷ്യന്മാരും സാമൂഹിക പ്രവര്‍ത്തകരും അടക്കം വലിയൊരു വൈദ്യ സംഘം ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിന് തിരിച്ചെത്തിയവരെ സഹായിക്കും.
ബന്ദികളെ വിട്ടയയ്ക്കുന്നതിന് പകരമായി 183 പലസ്തീന്‍ തടവുകാരില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 18 പേരെയും ദീര്‍ഘകാല തടവ് അനുഭവിക്കുന്ന 54 പേരെയും 111 ഫലസ്തീനികളെയുമാണ് ഇസ്രയേല്‍ മോചിപ്പിക്കുന്നത്. എല്ലാവരും 20 മുതല്‍ 61 വയസ് വരെയുള്ള പുരുഷന്‍മാരാണ്.