പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ആനന്ദകുമാറിനെ പ്രധാന പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ കേസ്; മുഴുവന്‍ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് തിരൂര്‍ വാക്കാട് സ്വദേശി

പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ആനന്ദകുമാറിനെ പ്രധാന പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ കേസ്

Update: 2025-02-12 18:17 GMT

കൊച്ചി: പാതിവില സ്‌കൂട്ടര്‍ തട്ടിപ്പുകേസില്‍ ആനന്ദ കുമാറിനെ ഒന്നാം പ്രതിയാക്കി ഫോര്‍ട്ടുകൊച്ചിയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിന്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്ന എന്‍ജിഒ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനന്തുകൃഷ്ണന്‍ കേസില്‍ രണ്ടാം പ്രതിയാണ്. ആനന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം അനന്തുകൃഷ്ണന്റെ അക്കൗണ്ട് വഴിയാണ് പണം വാങ്ങിയതെന്നാണ് പരാതി.

പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ ഒട്ടനവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ആദ്യ 34 കേസുകളില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എല്ലാ കേസുകളിലും അനന്തുകൃഷ്ണനാണ് മുഖ്യപ്രതി. ചില കേസുകളില്‍ അനന്തുകൃഷ്ണന്‍ മാത്രമാണ് പ്രതിയായിട്ടുള്ളത്. ആനന്ദകുമാര്‍ മിക്ക കേസുകളിലും രണ്ടാം പ്രതിയായിരുന്നു. എന്നാല്‍ ഫോര്‍ട്ട് കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആനന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. മുഴുവന്‍ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ അക്കൗണ്ടിലൂടെയാണെന്നും അനന്തുവാണ് മുഖ്യ ആസൂത്രകനെന്നുമാണ് ജാമ്യാപേക്ഷയില്‍ ആനന്ദകുമാര്‍ പറയുന്നത്. തനിക്കിതില്‍ ബന്ധമില്ലെന്നും താന്‍ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കാതെ തിരിച്ചയക്കുകയിരുന്നുവെന്നും ആനന്ദകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

എന്നാല്‍ ഈ കേസില്‍ ആനന്ദകുമാറിന് പ്രധാന പങ്കുണ്ടെന്ന വിധത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. പകുതിവില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ആനന്ദകുമാറിനും അനന്തുകൃഷ്ണനും ഒരുപോലെ പങ്കുണ്ടെന്നാണ് പോലീസിന്റെ നിരീക്ഷണം. പുതിയ കേസ് ആനന്ദകുമാറിനെതിരെ അന്വേഷണം ശക്തമാകുന്നതിന് വഴിവെച്ചേക്കും.

അതേ സമയം കേസില്‍ മലപ്പുറത്ത് ഒരാള്‍ കൂടി അറസ്റ്റിലായി. തിരൂര്‍ വാക്കാട് സ്വദേശിയായ പാലക്ക വളപ്പില്‍ ചെറിയ ഒറ്റയില്‍ റിയാസ് (45) എന്നയാളാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആല്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സ്ഥാപനം വഴി പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

പകുതി വില തട്ടിപ്പിനിരയായ അമ്പതോളം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ആല്‍ ഫൗണ്ടേഷന്‍ തട്ടിപ്പിന്റെ മലപ്പുറം ജില്ലയിലെ ഇടനിലക്കാരനാണ് അറസ്റ്റിലായ പ്രതി. ഇതോടെ പതിവില തട്ടിപ്പില്‍ മലപ്പുറത്ത് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

Tags:    

Similar News