നൈറ്റ് ക്ലബില്‍ അര്‍ദ്ധനഗ്നയായ നര്‍ത്തകിക്ക് ഒപ്പം നൃത്തം ചവിട്ടുന്ന ട്രംപ്; വിനോദ സഞ്ചാരികള്‍ക്കു മേലേ പണം വാരി വിതറുന്ന മസ്‌ക്; നെതന്യാഹുവിന് ഒപ്പം പൂളിന് സമീപം വെയില്‍ കായുന്ന യുഎസ് പ്രസിഡന്റ്; എല്ലാറ്റിനും സാക്ഷിയായി ട്രംപിന്റെ സ്വര്‍ണപ്രതിമ; അമേരിക്ക ഗസ്സ ഏറ്റെടുത്താല്‍ സംഭവിക്കുന്നത്: വിവാദ എഐ വീഡിയോ ട്രംപ് പങ്കുവച്ചതോടെ കോലാഹലം
വിവാദ എഐ വീഡിയോ പങ്കുവച്ച് ട്രംപ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വെറും വാക്ക് പറയാറില്ല. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിക്കുമ്പോള്‍, ഗസ്സ അമേരിക്ക ഏറ്റെടുത്ത് കടലോര വിശ്രമകേന്ദ്രമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം ആദ്യം തമാശയെന്നാണ് മിക്കവരും കരുതിയത്. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വഴിയേ എല്ലാവര്‍ക്കും മനസ്സിലായി. അറബ് രാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുകയും ചെയ്തു. ഇതൊന്നും ഗൗനിക്കാതെ തന്റെ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് ട്രംപ്. ഏറ്റവുമൊടുവില്‍, യുഎസ് ഏറ്റെടുത്താല്‍ ഗസ്സയെ എങ്ങനെ മാറ്റി മറിക്കും എന്ന് വിശദമാക്കുന്ന എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ്. വീഡിയോ വിവാദമായെന്ന് പറയേണ്ടതില്ലല്ലോ.
ഈ മാസമാദ്യമാണ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒപ്പമുളള വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്ക, ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 20 ലക്ഷത്തോളം വരുന്ന ഫലസ്തീന്‍കാരെ ജോര്‍ദ്ദാനിലേക്കോ, ഈജിപ്റ്റിലേക്കോ മാറ്റാനുള്ള പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. എന്തായാലും ചൊവ്വാഴ്ച രാത്രി ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട 35 സെക്കന്‍ഡ് വീഡിയോ എങ്ങനെയാണ് ഗസ്സയെ ഒരു കടലോര വിശ്രമ കേന്ദ്രമായി മാറ്റിയെടുക്കുന്നത് എന്നാണ് വിശദീകരിക്കുന്നത്. ആരാണ് വീഡിയോ സൃഷ്ടിച്ചതെന്ന് വ്യക്തമല്ല. ഗസ്സ 2025: വാട്‌സ് നെക്‌സ്റ്റ് എന്ന ചോദ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.
യുദ്ധാവശിഷ്ടങ്ങള്‍ക്ക് മേലേ നിര്‍മ്മിച്ച ആഡംബര ഹോട്ടലുകള്‍ നിറഞ്ഞ തിളങ്ങുന്ന ബീച്ച് റിസോര്‍ട്ടിന്റെ എഐ നിര്‍മ്മിത ചിത്രങ്ങളാണ് അണിഅണിയായി വരുന്നത്. വിനോദസഞ്ചാരികളെ നിരീക്ഷിച്ച് കൊണ്ട് എണ്ണപ്പനകളുടെ പശ്ചാത്തലത്തില്‍ ട്രംപിന്റെ ഭീമാകാരമായ സ്വര്‍ണ്ണപ്രതിമയും കാണാം.
മറ്റൊരിടത്ത് ട്രംപിന്റെ ചിത്രമുളള സ്വര്‍ണബലൂണുമായി ഒരു കുട്ടി കാഴ്ചകള്‍ ആസ്വദിക്കുന്നു. ട്രംപിന്റെ ഉറ്റതോഴന്‍, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് റിസോര്‍ട്ടിലെ കാഴ്ചകള്‍ കണ്ടാസ്വദിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, വിനോദസഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും മേലേ പണം വാരിവിതറുന്നതും കാണാം.
അവിടം കൊണ്ടും തീരുന്നില്ല കാഴ്ചകള്‍. ബഹുനില കെട്ടിടങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, സ്ട്രിപ് ക്ലബ്ലുകള്‍, ബീച്ച് എന്നിങ്ങനെ ട്രംപിന്റെ ആഡംബര ജീവിത സങ്കല്‍പ്പത്തില്‍ ഉള്ളതെല്ലാം ഉണ്ട് വീഡിയോയില്‍.
ട്രംപ് നൈറ്റ് ക്ലബ്ബിലെ നര്‍ത്തകിക്ക് ഒപ്പം നൃത്തം വയ്ക്കുന്നതും കാണാം.
ഏറ്റവും ശ്രദ്ധേയമായ കാഴ്ച ബെഞ്ചമിന്‍ നെതന്യാഹു വിന് ഒപ്പം ബീച്ചിലെ പൂളിന് സമീപം വെയില്‍ കായുന്ന ട്രംപാണ്.
ട്രംപിന്റെ എഐ വീഡിയോ എക്‌സില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വീഡിയോ ഭീകരമെന്ന് ഒരുകൂട്ടര്‍ വിശേഷിപ്പിക്കുമ്പോള്‍, മറ്റുചിലരാകട്ടെ, ട്രംപിന്റെ ഗസ്സ പദ്ധതി കൂടുതല്‍ ഗൗരവത്തോടെ കാണേണ്ട സമയമായെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍, യുഎസ് പ്രസിഡന്റ് ഇത്തരമൊരു വീഡിയോ ഷെയര്‍ ചെയ്തതില്‍ പലരും സോഷ്യല്‍ മീഡിയയില്‍ നടുക്കം പ്രകടിപ്പിച്ചു. അമേരിക്ക ഒരു ഗൗരവമുളള രാജ്യമല്ലെന്ന് തോന്നുമെന്ന് പലരും കമന്റ് ചെയ്തു.
ട്രംപിന്റെ അടുത്ത റിയല്‍ എസ്റ്റേറ്റ് സംരംഭം പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. ആഗോള രാഷ്ട്രീയത്തെ സിംസിറ്റി വികസന പാക്കേജ് പോലെയാണ് ട്രംപ് കൈകാര്യം ചെയ്യുന്നത്. അദ്ദേഹം ഒരു സമാധാന പ്രിയനോ, തന്ത്രജ്ഞനോ അല്ല, മറിച്ച് വ്യാജസ്വപ്‌നങ്ങള്‍ വില്‍ക്കുന്ന ഭൂവുടമയെ പോലെ കുഴപ്പങ്ങള്‍ മാത്രം സൃഷ്ടിക്കുകയാണ്, മറ്റൊരാള്‍ കുറിച്ചു. എന്തായാലും ഗസ്സയുടെ ഭാവിയെ കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ സ്വപ്‌നം വിശദീകരിക്കുന്ന 35 സെക്കന്‍ഡ് വീഡിയോ വൈറലാണ്.