മലനിരകൾ നിറഞ്ഞ വനത്തിന് നടുവിൽ പതിനെട്ടുകാരൻ ഒറ്റപ്പെട്ടു; പത്ത് ദിവസം കൊടുംതണുപ്പിൽ പെട്ടു; സഹായത്തിനായി വലഞ്ഞ് കുട്ടി; വിശപ്പടക്കാൻ 'ടൂത്ത് പേസ്റ്റ്' കഴിച്ചു; ദാഹം മാറ്റാൻ ഐസ് ഉരുക്കി വെള്ളം കുടിച്ചു; ഒടുവിൽ അത്ഭുത രക്ഷപ്പെടൽ; ഇത് അവിശ്വസനീയമായ അതിജീവന കഥ!

Update: 2025-02-27 10:02 GMT

ബെയ്‌ജിങ്‌: ചുറ്റും മലനിരകൾ നിറഞ്ഞ വനത്തിന് നടുവിൽ പതിനെട്ടുകാരൻ ഒറ്റപ്പെട്ടു. തുടർന്ന് കൗമാരക്കാരൻ ഒറ്റപ്പെട്ടതും പിന്നീട് അത്ഭുതകരമായി രക്ഷപ്പെട്ടതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. വടക്ക് പടിഞ്ഞാറൻ ചൈനയിലെ കൊടുംതണുപ്പും മലനിരകളും നിറഞ്ഞ ഭൂപ്രദേശത്ത് കാണാതായ 18 -കാരനെ ഒടുവിൽ വിജയകരമായി രക്ഷപ്പെടുത്തി. 10 ദിവസമായി കൌമാരക്കാരനെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ 10 ദിവസം ജീവൻ നിലനിർത്തിയത് ടൂത്ത് പേസ്റ്റും മഞ്ഞും ഭക്ഷിച്ചാണെന്ന് രക്ഷപ്പെട്ടതിന് ശേഷം യുവാവ് വെളിപ്പെടുത്തി.

ഫെബ്രുവരി 8 -നാണ് സൺ എന്ന് പേരുള്ള യുവാവ് തന്‍റെ സോളോ ഹൈക്കിംഗ് സാഹസിക യാത്ര ആരംഭിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ കിഴക്ക് - പടിഞ്ഞാറ് പർവതനിരയായ ക്വിൻലിംഗിലേക്ക് ആയിരുന്നു ഈ യാത്ര. ശരാശരി 2,500 മീറ്റർ ഉയരത്തിനും സസ്യങ്ങളുടെയും വന്യജീവികളുടെയും ശ്രദ്ധേയമായ വൈവിധ്യത്തിനും പേരുകേട്ടതാണ് ക്വിൻലിംഗ് പർവ്വതനിര.

യാത്ര ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററി തീർന്നതോടെ കുടുംബവുമായുള്ള ബന്ധം സണ്ണിന് നഷ്ടപ്പെട്ടു. പർവ്വതനിരയിൽ ഒറ്റപ്പെട്ടുപോയ ഇദേഹത്തിന് വഴിതെറ്റുകയും പുറംലോകവുമായി ഉള്ള ബന്ധം പൂർണമായും നഷ്ടപ്പെടുകയും ചെയ്തു. കഠിനമായ കാലാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ ഒരു വലിയ പാറയുടെ പിന്നിൽ യുവാവ് അഭയം തേടി. വൈക്കോലും ഇലകളും ഉപയോഗിച്ച് ഒരു താൽക്കാലിക കിടക്ക നിർമ്മിക്കുകയും അവിടെ കഴിയുകയും ചെയ്തു.

ഭാഗ്യവശാൽ തിരച്ചിലിനിടയിൽ ഫെബ്രുവരി 17 -ന് രക്ഷാപ്രവർത്തകർക്ക് സണ്ണിനെ കണ്ടെത്താനായി. റിപ്പോർട്ടുകൾ അനുസരിച്ച്, ആശങ്കാകുലരായ കുടുംബത്തിന്‍റെ അഭ്യർത്ഥന മാനിച്ച് ഒരു പ്രാദേശിക തിരച്ചിൽ സംഘമാണ് യുവാവിനെ തേടിയിറങ്ങിയത്. വഴിതെറ്റി ഒറ്റപ്പെട്ടുപോയ ദിവസങ്ങളിൽ കയ്യിലെ ഭക്ഷണസാധനങ്ങൾ തീർന്നതോടെ ടൂത്ത് പേസ്റ്റും മഞ്ഞും അരുവിയിലെ വെള്ളവും കുടിച്ചാണ് താൻ ജീവൻ നിലനിർത്തിയത് എന്നാണ് ഈ ചെറുപ്പക്കാരൻ പറയുന്നത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും രക്ഷപ്പെട്ടതിന് ശേഷം വ്യക്തമാക്കി.

പ്രവചനാതീതമായ കാലാവസ്ഥ കാരണം ചൈനയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അഞ്ച് ഹൈക്കിംഗ് പാതകളിൽ ഒന്നായാണ് ക്വിൻലിംഗ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഈ പാതയിൽ 50 -ലധികം ആളുകളെ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി റിപ്പോർട്ടുകളും ഉണ്ട്. 2018 -ൽ, പ്രാദേശിക അധികാരികൾ പ്രദേശത്ത് പ്രവേശിക്കുന്നതിന് യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ഇപ്പോഴും ഇവിടേക്ക് അതിക്രമിച്ചു കയറുന്നവർ നിരവധിയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇവിടെ കാണാതായതിന് ശേഷം രക്ഷപ്പെട്ടെത്തുന്ന ആദ്യത്തെ വ്യക്തിയാണ് സൺ എന്നും റിപ്പോർട്ടുകളും ഉണ്ട്. ഇപ്പോൾ കുട്ടിയുടെ അതിജീവനകഥ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്. 

Tags:    

Similar News