60,000വര്‍ഷം ചൈനയെ വൈദ്യുതി സ്വയംപര്യാപ്തമാക്കുന്ന 'പരിധിയില്ലാത്ത' ഊര്‍ജ്ജ സ്രോതസ് കണ്ടെത്തി; അനുഗ്രഹമായത് ഇന്നര്‍ മംഗോളിയയിലെ അളവറ്റ തോറിയം നിക്ഷേപം; ആണവോര്‍ജ്ജ ഉത്പാദന മത്സരത്തില്‍ അമേരിക്കയെയും റഷ്യയെയും ചൈന വെല്ലുമെന്ന് സൂചന
60,000വര്‍ഷം ചൈനയെ വൈദ്യുതി സ്വയംപര്യാപ്തമാക്കുന്ന 'പരിധിയില്ലാത്ത' ഊര്‍ജ്ജ സ്രോതസ് കണ്ടെത്തി
ബീജിങ്: 60,000 വര്‍ഷമെങ്കിലും ചൈനയെ വൈദ്യുതി സ്വയംപര്യാപ്തമാക്കുന്ന 'പരിധിയില്ലാത്ത' ഊര്‍ജ്ജ സ്രോതസ് ജിയോളജിസ്റ്റുകള്‍ കണ്ടെത്തി. വടക്കന്‍ ചൈനയിലെ സ്വയംഭരണമേഖലയായ ഇന്നര്‍ മംഗോളിയയിലെ ബയാന്‍ ഓബോ ഖനന സമുച്ചയത്തില്‍ ചൈനയിലെ ഗാര്‍ഹിക ഊര്‍ജ്ജാവശ്യങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിറവേറ്റാനുള്ള തോറിയം നിക്ഷേപം ഉണ്ടെന്ന് ഒരു ദേശീയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോള്‍ട്ടന്‍ സോള്‍ട്ട് റിയാക്റ്റര്‍ എന്ന് വിളിക്കുന്ന ഒരു തരം ആണവോര്‍ജ്ജ സ്റ്റേഷന് വേണ്ടത്ര തോറിയം നിക്ഷേപം ലഭ്യമാണ്. ഈ ഖനന സമുച്ചയം പൂര്‍ണമായി ചൂഷണം ചെയ്താല്‍ 10 ലക്ഷം ടണ്‍ തോറിയം കിട്ടുമെന്നാണ് സൗത്ത് ചൈന പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഫോസില്‍ ഇന്ധനങ്ങളുടെ മേലുള്ള വ്യാപകമായ ആശ്രിതത്വം കുറയ്ക്കാനും തോറിയം സ്രോതസുകള്‍ ഉപയുക്തമാക്കിയാല്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.
ഇന്നര്‍ മംഗോളിയയിലെ ഒരു ഇരുമ്പയിര് ഖനിയില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്ന് 1000 വര്‍ഷത്തേക്കുള്ള അമേരിക്കയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാനുള്ള തോറിയം കിട്ടുമെന്നും പഠനത്തില്‍ ഉണ്ട്.
ആണവോര്‍ജ്ജം മുഖ്യ ഊര്‍ജ്ജ സ്രോതസാക്കി മാറ്റാന്‍ ചൈനയും,റഷ്യയും അമേരിക്കയും മത്സരിക്കുന്നതിനിടയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. രാജ്യത്തുടനീളം 233 തോറിയം സമ്പുഷ്ട മേഖലകള്‍ പഠനത്തില്‍ കണ്ടെത്തി. ഈ പഠനം കൃത്യമാണെങ്കില്‍ ചൈനയുടെ തോറിയം നിക്ഷേപം മുന്‍കാലത്ത് കണക്കുകൂട്ടിയതിനേക്കാള്‍ വളരെ അധികമായിരിക്കും.
പരമ്പരാഗത ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന യുറേനിയം-232 വിനേക്കാള്‍ 500 മടങ്ങ് സമൃദ്ധമാണ് തോറിയം നിക്ഷേപം. അതുകൊണ്ട് തന്നെ ആണവോര്‍ജ്ജത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രബലമായ പരിഹാരമാര്‍ഗ്ഗമാണ് തോറിയം എന്ന് പറയപ്പെടുന്നു.
അതിനിടെ, യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് യുക്രെയിനുമായുള്ള പ്രകൃതി വിഭവ കരാര്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഇന്നുഒപ്പുവയ്ക്കും.