വടി കൊടുത്ത് അടി വാങ്ങിയതില്‍ ഹമാസ് നേതാവിന് വീണ്ടുവിചാരം; ഇത്രയും വലിയ തിരിച്ചടി ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇസ്രയേലില്‍ കടന്നുകയറി ഉള്ള ഒക്ടോബര്‍ 7 ലെ ആക്രമണത്തെ പിന്തുണയ്ക്കില്ലായിരുന്നു എന്ന് മൂസ അബു മര്‍സൂഖ്; ഗസ്സയിലെ ഹമാസിന്റെ നിരായുധീകരണത്തോടും മര്‍സൂഖിന് യോജിപ്പ്; ഒരുവിഭാഗം നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നത് ഫലസ്തീനികളുടെ തീരാദുരിതം

വടി കൊടുത്ത് അടി വാങ്ങിയതില്‍ ഹമാസ് നേതാവിന് വീണ്ടുവിചാരം

Update: 2025-03-01 18:04 GMT

ടെല്‍അവീവ്: വടി കൊടുത്ത് അടി വാങ്ങി. അതാണ് 2023 ഒക്ടോബര്‍ 7 ന് ഹമാസ് ചെയ്തതെന്ന് പറയാന്‍ കാരണം തുടര്‍ന്നുണ്ടായ യുദ്ധം കാരണം നഷ്ടപ്പെട്ട മനുഷ്യജീവനുകളാണ്. ഇസ്രയേലില്‍ കടന്നുകയറിയുള്ള ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ശരിയായിരുന്നു എന്നുതന്നെയാണ് വിവിധ ഹമാസ് നേതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയത് ശരിയായില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് ഹമാസ് നേതാവ് മൂസ അബു മര്‍സൂഖ്.

ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് മര്‍സൂഖ്. ഇത്രയും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒക്ടോബര്‍ ഏഴ് ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കില്ലായിരുന്നുവെന്ന് മര്‍സൂഖ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഇസ്രയേലിന് മേലേ വിജയം പ്രഖ്യാപിക്കുകയും, തങ്ങളുടെ പോരാളികള്‍ ഒക്ടോബര്‍ 7 സ്‌റ്റൈല്‍ ആക്രമണങ്ങള്‍ ഭാവിയിലും തുടരും എന്നൊക്കെയാണ് ഹമാസിന്റെ ചില നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഒരു ഹമാസ് നേതാവ് പരസ്യമായി ആ ആക്രമണത്തെ തള്ളിപറഞ്ഞിരിക്കുന്നു. 20 ലക്ഷത്തോളം ഫലസ്തീന്‍കാരെ വഴിയാധാരമാക്കിയ ആക്രമണം വരുത്തി വച്ച ദുരിതങ്ങള്‍ എളുപ്പത്തില്‍ പറഞ്ഞുതീര്‍ക്കാവുന്നതല്ല. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൂസ അബു മര്‍സൂഖ് ചിന്തിക്കുന്നതും യുദ്ധം ഗസ്സയെ തകര്‍ത്തു തരിപ്പണമാക്കിയതിനെ കുറിച്ചാണ്. ഇത്രയും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും ആക്രമണത്തെ പിന്തുണയ്ക്കില്ലായിരുന്നു എന്നു അബു മര്‍സൂഖ് പറഞ്ഞു.

ഒക്ടോബര്‍ 7 ആക്രമണത്തിന്റെ ക്യത്യമായ പദ്ധതി തന്നെ അറിയിച്ചിരുന്നില്ലെന്ന് അബു മര്‍സൂഖ് പറഞ്ഞു. ഇസ്രയേലില്‍ കടന്നുകയറിയുള്ള ഹമാസ് ആക്രമണത്തില്‍, 1200 ഓളം പേര്‍ കൊല്ലപ്പെടുകയും, 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇസ്രയേലിനെ സൈനികമായി ആക്രമിക്കുന്നതിനെയാണ് താനും മറ്റു ഹമാസ് രാഷ്ട്രീയ നേതാക്കളും ശരിവച്ചതെന്ന് അബു മര്‍സൂഖ് പറഞ്ഞു.

74 കാരനായ അബു മര്‍സൂഖ് 1990 കളില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസിലെ ആദ്യ നേതാവാണ്. വെള്ളിയാഴ്ച ടെലിഫോണ്‍ വഴിയാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ ആദം റാസ്ഗണ് മര്‍സൂഖ് അഭിമുഖം നല്‍കിയത്. ഗസ്സയില്‍ ഹമാസിന്റെ നിരായുധീകരണം സംബന്ധിച്ച ഇസ്രയേലുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധമാകാന്‍ ഗ്രൂപ്പില്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടെന്നും മര്‍സൂഖ് പറയുന്നു. മറ്റു ഹമാസ് നേതാക്കള്‍ ഇതുപലവട്ടം തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കണമെന്നാണ് ഇസ്രയേലിന്റെ താല്‍പര്യം. ആ ദിശയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍, മറ്റൊരുയുദ്ധത്തിന് വീണ്ടും കളമൊരുങ്ങുന്നതും ഒഴിവാക്കാം.

മര്‍സൂഖിന്റെ അഭിപ്രായത്തോട് മറ്റു ഹമാസ് നേതാക്കള്‍ എത്രമാത്രം യോജിക്കുന്നുണ്ടെന്ന് വ്യക്തമല്ല. ഇസ്രയേലുമായുള്ള മധ്യസ്ഥ ചര്‍ച്ചയെ സ്വാധീനിക്കാനോ, ഹമാസിലെ സഹപ്രവര്‍ത്തകരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമമാണോ എന്നുവ്യക്തമല്ല. ഇറാനുമായും, ഹിസ്ബുള്ളയുമായും അടുത്ത ബന്ധമുള്ള മറ്റുഹമാസ് നേതാക്കള്‍ കൂടുതല്‍ തീവ്രവാദ നിലപാടാണ് സ്വീകരിച്ചുവരുന്നത്.

ന്യൂയോര്‍ക്ക് ടൈംസില്‍ ലേഖനം വന്നതിന് പിന്നാലെ അബു മര്‍സൂഖ് പറഞ്ഞതെല്ലാം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചതാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടത്തിയ ആക്രമണം സ്വയം പ്രതിരോധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയും, കുടിയേറ്റത്തിനും, അധിനിവേശത്തിനും എതിരായ ചെറുത്തുനില്‍പ്പിനെയും സൂചിപ്പിക്കുന്നതാണെന്നും പ്രസ്താവനയിലുണ്ട്. തങ്ങളുടെ ഭൂമിയില്‍ അധിനിവേശം ഉളളിടത്തോളം ഗസ്സയിലെ ഹമാസിന്റെ നിരായുധീകരണം സാധ്യമല്ലെന്നും ഹമാസ് വ്യക്തമാക്കി.

എന്തായാലും ഒക്ടോബര്‍ 7 ആക്രമണത്തില്‍ സ്വീകരിച്ച പാര്‍ട്ടി ലൈനിലും അതിന്റെ പ്രത്യാഘാതങ്ങളിലും ഹമാസിലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടെന്നാണ് അബു മര്‍സൂഖിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഇസ്രയേലിലെ കടന്നാക്രമണം കാരണം തങ്ങള്‍ അസാധാരണമായ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്ന ഗസ്സയിലെ ഫലസ്തീന്‍കാരുടെ നിരാശപ്രകടനവും ഹമാസ് നേതാക്കളില്‍ ചലനം ഉണ്ടാക്കിയിട്ടുണ്ട്.

2006ല്‍ ഇസ്രയേലും, ഹിസ്ബുള്ളയും തമ്മിലുളള യുദ്ധത്തിന് ശേഷം ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള നടത്തിയ പ്രസ്താവനയ്ക്ക് സമാനമാണ് അബു മര്‍സൂഖിന്റേത്. ഇത്രയും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍, തങ്ങള്‍ നിരവധി ഇസ്രയേലി സൈനികരെ തട്ടിയെടുത്ത് വകവരുത്തുക ഇല്ലായിരുന്നുവെന്നാണ് അന്ന് നസ്രള്ള പറഞ്ഞത്

Tags:    

Similar News