പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന 97 ചിത്രങ്ങള്‍ പ്രദീപ് ബന്ധുവിന് അയച്ചു നല്‍കി; കുട്ടിയുടെ ഫോണ്‍ ആദ്യം വിളിച്ചപ്പോള്‍ റിംഗ് ചെയ്തു; പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയി; മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനരികെ ഫോണുകളും കത്തിയും ഒരു ചോക്‌ളേറ്റ് കവറും; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പെണ്‍കുട്ടിക്ക് ഒപ്പം നില്‍ക്കുന്ന 97 ചിത്രങ്ങള്‍ പ്രദീപ് ബന്ധുവിന് അയച്ചു നല്‍കി

Update: 2025-03-09 13:17 GMT

കാസര്‍ഗോഡ്: പൈവളിഗെയില്‍ കാണാതായ പതിനഞ്ച് വയസുകാരിയുടെയും അയല്‍വാസിയുടെയും മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ്. ഇന്ന് രാവിലെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ വനത്തില്‍ നിന്നും ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യ തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് കുമ്പള സി.ഐ വിനോദ് കുമാര്‍ പ്രതികരിച്ചു. ആത്മഹത്യയെങ്കില്‍ അതിലേക്ക് നയിച്ച കാരണമെന്തെന്ന് അറിയാന്‍ അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ നേരത്തെയും തിരച്ചില്‍ നടത്തിയിരുന്നു. ഇരുവരുടെയും കൃത്യമായ ഫോണ്‍ ലൊക്കേഷന്‍ നേരത്തെ ലഭിച്ചിരുന്നില്ല. കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും തുമ്പുകളൊന്നും കിട്ടാതെ വന്നതോടെ ബന്ധുക്കള്‍ പൊലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ പൊലീസ് കൃത്യമായ തിരച്ചില്‍ നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ കാണാതായത്. അയല്‍വാസിയായ 42 കാരന്‍ പ്രദീപിനെയും അന്നുതന്നെ കാണാതായി. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ലഭിച്ചത് വീടിന് ഒരു കിലോ മീറ്റര്‍ പരിധിയിലായിരുന്നു. ഡ്രോണ്‍, ഡോഗ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊലീസ് പല ഘട്ടങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലും എങ്ങുമെത്തിയില്ല.

പൊലീസിന്റെ അന്വേഷണം ഊര്‍ജിതമല്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഒടുവില്‍ ഇന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ വീടിന് 200 മീറ്റര്‍ അകലെ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു പേരുടെയും മൊബൈല്‍ ഫോണുകളും കത്തിയും ചോക്ലേറ്റിന്റെ കവറും സമീപത്ത് നിന്ന് കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഫോട്ടോകള്‍ ബന്ധുവിന് അയച്ചു

മൂന്നാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്. 15കാരിയെയും പ്രദേശവാസിയായ പ്രദീപിനെയും (42) ആണ് മണ്ടേക്കാപ്പിലെ ഗ്രൗണ്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് കര്‍ണാടകയിലെ ബന്ധുവിന് അയച്ചുകൊടുത്ത 97 ചിത്രങ്ങളാണ്. ഫോണുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഇനിയും തെളിവുകള്‍ ലഭിക്കാന്‍ സാധ്യതയുടെന്നാണ് പ്രാഥമിക നിഗമനം.

ഫെബ്രുവരി പന്ത്രണ്ടിനാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കുട്ടിയെ കാണാതായ ദിവസം തന്നെ പ്രദേശവാസിയായ പ്രദീപിനെയും കാണാതാവുകയായിരുന്നു. ഇതേദിവസമാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കര്‍ണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തത്. പല സ്ഥലങ്ങളില്‍ വച്ച് പല സമയത്തായി എടുത്ത ചിത്രങ്ങളാണ് അയച്ചുനല്‍കിയത്. ഇതിലൂടെയാണ് ഇരുവരും ഒരുമിച്ചുണ്ടാകാമെന്ന സൂചന പൊലീസിന് ലഭിച്ചത്. പിന്നാലെ കര്‍ണാടക പൊലീസിനെ ബന്ധപ്പെട്ട് കര്‍ണാടകയിലും തെരച്ചില്‍ നടത്തിയിരുന്നു.

കര്‍ണാടകയിലേയ്ക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പിച്ചതോടെയാണ് വീടിന്റെ പരിസരത്ത് അന്വേഷണം വ്യാപിപ്പിച്ചത്. തുടര്‍ന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പരിസരത്തുനിന്ന് രണ്ട് ഫോണുകളും ഒരു കത്തിയും ഒരു ചോക്‌ളേറ്റും കണ്ടെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യാകുറിപ്പ് കണ്ടുകിട്ടിയില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവികള്‍ അടക്കം പരിശോധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കാണാതായത് പിതാവിന്റെ സുഹൃത്തിനൊപ്പം

ഫെബ്രുവരി 12ന് കാണാതായ പെണ്‍കുട്ടിക്കായി 26ഓളം ദിവസം കുടുംബവും പ്രദേശവാസികളും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ കുട്ടിയേയും അയല്‍വാസിയായ പ്രദീപിനേയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്. പ്രദീപ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിതാവിന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഓട്ടോ ഡ്രൈവറായ പ്രദീപാണ് എത്തിയിരുന്നത്. വീട്ടിലേക്ക് മറ്റ് ആവശ്യങ്ങള്‍ക്കും പ്രദീപ് എത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

അനുജത്തിക്കൊപ്പം രാത്രി ഉറങ്ങാന്‍ പോയ മകളെ പുലര്‍ച്ചെയോടെയാണ് കാണാനില്ലെന്ന് കുടുംബം മനസിലാക്കിയത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍വാതില്‍ തുറന്നാണ് കുട്ടി പുറത്തേക്ക് പോയതെന്ന് കണ്ടെത്തി. ഇതോടെ പിതാവ് ആദ്യം വിളിച്ചത് സുഹൃത്തും അയല്‍വാസിയുമായ പ്രദീപിനെയായിരുന്നു. എന്നാല്‍ പ്രദീപിനെ ഫോണില്‍ ബന്ധപ്പെടാനായില്ല. ഇതോടെ കുടുംബം കുട്ടിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ഫോണ്‍ ആദ്യം വിളിച്ചപ്പോള്‍ റിംഗ് ചെയ്തിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആകുകയായിരുന്നു. പ്രദീപിന്റെ ഫോണും സമാനരീതിയില്‍ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് പ്രദീപ് ആയിരിക്കാം കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന സംശയം ഉയര്‍ന്നത്.

ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് വീടിന് സമീപമുള്ള കാട്ടിലായിരുന്നു. ഇതോടെ ഈ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. 90 ഏക്കര്‍ വിസ്തൃതിയുള്ള കാട്ടില്‍ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് ഒന്നരയാഴ്ചത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അഴുകിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഒരു കത്തിയും കിറ്റ്കാറ്റ് കവറും കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News