ലാഹോർ റൺവേ ലക്ഷ്യമാക്കി താഴ്ന്ന് പറന്ന് വിമാനം; ലാൻഡിംഗ് ഗിയർ ഓണാക്കി പൈലറ്റ്; ഫുൾ സേഫ് എന്ന് ചെക്കിങ് ലിസ്റ്റ്; ഗ്രൗണ്ടിൽ ഭീമൻ ഇറങ്ങിയതും ചെറിയ കുലുക്കം ശ്രദ്ധിച്ചു; പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിൽ ഞെട്ടൽ; അന്വേഷണം തുടങ്ങി; പിഐഎ 306 ഫ്ലൈറ്റിന് സംഭവിച്ചത്!

Update: 2025-03-16 15:39 GMT

ലാഹോർ: കുറച്ച് മാസങ്ങളായി വിമാനയാത്രകൾ പലതും ഭയപ്പെടുത്തുന്ന ഒന്നായി മാറുകയാണ്. ഈ വർഷം തുടക്കം മുതൽ നടന്ന മേജർ ഏവിയേഷൻ ദുരന്തങ്ങൾ തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ, വലിയൊരു ദുരന്തത്തിൽ നിന്നും പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്‌ രക്ഷപ്പെട്ടിരിക്കുകയാണ്. ലാഹോർ റൺവേ ലക്ഷ്യമാക്കി താഴ്ന്ന് പറന്ന് വിമാനം പിന്നാലെ ലാൻഡിംഗ് ഗിയർ എല്ലാം ഓണാക്കി ചെക്കിങ് ലിസ്റ്റ് എല്ലാം ചെക്ക് ചെയ്ത് ലാൻഡിംഗ് നടത്തി.

തുടർന്ന് പാർക്കിങ്ങിന് ശേഷമുള്ള പരിശോധനയിലാണ് അധികൃതർ ഒന്നടങ്കം ഞെട്ടിയത്. പിഐഎ 306 ഫ്ലൈറ്റിലെ പിന്നിലെ ചക്രം കാണാനില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയതായും അറിയിച്ചു.

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനമാണ് പിൻവശത്തെ ഒരു ചക്രമില്ലാതെ പറന്നിറങ്ങിയത്. പക്ഷെ വിമാനത്തിനോ യാത്രക്കാർക്കോ യാതൊരു പരിക്കുമേ​റ്റിട്ടില്ല. പികെ 306 വിമാനത്തിന്റെ പിൻചക്രങ്ങളിലൊന്നാണ് അപ്രത്യക്ഷമായത്. കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കറാച്ചിയിൽ നിന്ന് യാത്ര ആരംഭിച്ച സമയത്ത് വിമാനത്തിന് എല്ലാ ചക്രങ്ങളും ഉണ്ടായിരുന്നോയെന്നതിനെക്കുറിച്ചും യാത്രയ്ക്കിടെ നഷ്ടപ്പെട്ടതാണോയെന്നതിനെക്കുറിച്ചും വിശദ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. കറാച്ചി വിമാനത്താവളത്തിൽ നിന്ന് ചക്രത്തിന്റെ അംശങ്ങൾ കണ്ടെത്തിയതായും വിവരങ്ങൾ ഉണ്ട്.

അതേസമയം, വിമാനം പറന്നുയരുന്ന സമയത്ത് ഒരു ചക്രം കൃത്യമായി പ്രവർത്തനക്ഷമമല്ലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഷെഡ്യൂൾ അനുസരിച്ച് വിമാനം യാതൊരു സാങ്കേതിക പ്രശ്നവുമില്ലാതെയാണ് ലാൻഡ് ചെയ്തതെന്ന് പറയുന്നു. പിൻഭാഗത്തുളള ആറ് ചക്രങ്ങളിൽ ഒന്നാണ് കാണാതായത്. ചക്രം മോഷ്ടിക്കപ്പെട്ടതാണോയെന്നും അന്വേഷണം നടത്തുമെന്ന് പാക്കിസ്ഥാൻ എയർലൈൻസിന്റെ വക്താവ് കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത് വിമാനം കറാച്ചിയിൽ നിന്ന് പുറപ്പെട്ടപ്പോൾ ചക്രം കേടുകൂടാതെ ഉണ്ടായിരുന്നു എന്നാണ്. വിമാനം സാധാരണ നിലയിൽ ലാൻഡ് ചെയ്തു. പിന്നീടാണ് ചക്രം കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെടുന്നത്. സംഭവം നടന്ന് 15 മണിക്കൂർ കഴിഞ്ഞിട്ടും ചക്രത്തിനെന്ത് സംഭവിച്ചെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അതുപോലെ, കറാച്ചി വിമാനത്താവളത്തിന്‍റെ റൺവേയിൽ എന്തോ ഒരു വസ്തു ഇടിച്ചാവാം പിൻചക്രം അപ്രത്യക്ഷമായതെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. യാത്രക്കാർക്ക് ഒരു അപകടവും സംഭവിച്ചിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിമാന കമ്പനി വ്യക്തമാക്കി. 

Tags:    

Similar News