ഒരു കുഞ്ഞുപോലും അറിഞ്ഞില്ല; ഗോള്‍ഡ്‌ബെര്‍ഗ് എല്ലാം കണ്ടു, അറിഞ്ഞു, പോയി; യെമന്‍ ആക്രമണത്തെ കുറിച്ചുള്ള യുഎസ് ഭരണകൂടത്തിലെ ഉന്നതരുടെ സിഗ്നല്‍ ആപ്പ് ചാറ്റ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; മൈക്ക് വാള്‍ട്‌സിനെ ന്യായീകരിച്ച് ട്രംപ്; വന്‍ ദേശീയ സുരക്ഷാ വീഴ്ചയില്‍ വൈറ്റ്ഹൗസില്‍ കോളിളക്കം
വന്‍ ദേശീയ സുരക്ഷാ വീഴ്ചയില്‍ വൈറ്റ്ഹൗസില്‍ കോളിളക്കം
വാഷിങ്ടണ്‍: ശത്രുരാജ്യത്തെ ആക്രമിക്കാനുള്ള രഹസ്യവിവരങ്ങള്‍ ഭരണകൂടത്തിലെ ഉന്നതരുടെ ചാറ്റിലൂടെ ചോര്‍ന്നാലോ? അതിനോളം പോന്ന അപകടം രാജ്യത്തിന് ഇനി വേറെ വരാനില്ല. യെമനിലെ ഹൂത്തികളുടെ താവളങ്ങള്‍ ആക്രമിക്കുന്നതിന്റെ വിശദമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുള്ള സിഗ്‌നല്‍ ആപ്പിലെ ഗ്രൂപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ ചേര്‍ത്തത് വൈറ്റ്ഹൗസില്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. യുഎസ് ഉന്നതോദ്യോഗസ്ഥരുടെ ചാറ്റ് ഗ്രൂപ്പിലാണ് മാധ്യമപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തത്.് 'ദി അറ്റ്ലാന്റിക്' മാഗസിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ജെഫെറി ഗോള്‍ഡ്ബെര്‍ഗിനെ അബദ്ധത്തില്‍ ചേര്‍ത്തത്. തന്റെ ലേഖനത്തിലൂടെ ജെഫറി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ വിദേശ നയത്തെയും സുരക്ഷയെയും തന്നെ അപകടത്തിലാക്കുന്ന ചോര്‍ച്ച എന്തായാലും തെറ്റായ കൈകളില്‍ എത്തിയില്ലെന്ന് തല്‍ക്കാലം ആശ്വസിക്കാമെന്ന് മാത്രം. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ ന്യായീകരിക്കുകയും ചെയ്തു.
അറ്റ്‌ലാന്റിക് മാഗസിന്‍ എഡിറ്റര്‍ ഇന്‍ ചീഫിനെ ചാറ്റ് ഗ്രൂപ്പില്‍ ചേര്‍ത്തത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ വാള്‍ട്‌സ് ആണെന്നതാണ് കൗതുകകരമായ കാര്യം. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്്‌സെത്ത് തുടങ്ങിയവര്‍ ഈ ഗ്രൂപ്പിലുണ്ട്്.
യെമനില്‍ ആക്രമണം നടത്തേണ്ട സ്ഥലങ്ങള്‍, ഏതൊക്കെ ആയുധങ്ങളാണ് ഉപയോഗിക്കുക തുടങ്ങിയ വിവരങ്ങളാണ് ഗ്രൂപ്പില്‍ പങ്കുവച്ചത്. ഇതെല്ലാം മാധ്യമപ്രവര്‍ത്തകനും സൗജന്യമായി കിട്ടി എന്നതാണ് വിചിത്രമായ കാര്യം. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂത്തികള്‍ ചെങ്കടല്‍ വഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കാന്‍ ആരംഭിച്ചിരുന്നു. ഇതിനെതിരായാണ് യുഎസ് യെമനില്‍ ആക്രമണം നടത്തുന്നത്.
ആക്രമണത്തിനോടുള്ള എതിര്‍പ്പ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രൂപ്പില്‍ പ്രകടിപ്പിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വാന്‍സ് വിമര്‍ശിക്കുകയും ചെയ്തുവെന്ന് ജെഫെറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് ചാറ്റിലെ പല വിവരങ്ങളും താന്‍ പുറത്തുവിടുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ ജെഫറി വ്യക്തമാക്കി. താന്‍ ആ ഗ്രൂപ്പില്‍ അത്രയും സമയം ഉണ്ടായിരുന്നതായി ഒരാള്‍ പോലും ശ്രദ്ധിച്ചില്ലെന്നും താന്‍ ആരാണെന്നോ എന്താണ് പുറത്തുപോയതെന്നോ ചോദിച്ചില്ല എന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകന് ലഭിക്കുന്ന തരത്തിലെ വീഴ്ച ട്രംപ് ഭരണകൂടത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സുരക്ഷാ വീഴ്ചയെ ഡെമോക്രാറ്റുകള്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും വിമര്‍ശിച്ചു. അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ പുറത്താക്കണമെന്നും പലരും ആവശ്യപ്പെട്ടു.
എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ്, സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് എന്നിവര്‍ക്ക് നേരേയാണ് ചോദ്യമുനകള്‍ ഉയരുന്നത്.
വാള്‍ട്‌സിനെ ന്യായീകരിച്ച് ട്രംപ്
എന്നാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സിനെ സിഗ്നല്‍ ആപ്പ് വിവാദത്തില്‍ ട്രംപ് ന്യായീകരിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനാണെന്നും പാഠം പഠിച്ചുവെന്നും ട്രംപ് പറഞ്ഞു. വാള്‍ട്‌സ് രാജി വയ്്ക്കണമെന്ന മുറവിളിക്കിടയാണ് ട്രംപിന്റെ പിന്തുണ. ക്ലാസിഫൈഡ് വിവരങ്ങള്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ എന്തുകൊണ്ടാണ് ആപ്പ് വഴി നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍, ചാറ്റ് ഗ്രൂപ്പിലെ ഗോള്‍ഡ്്ബര്‍ഗിന്റെ സാന്നിധ്യത്തെ നിസ്സാരമാക്കിയാണ് ട്രംപ് അവതരിപ്പിച്ചത്. ഹൂത്തികള്‍ക്ക് നേരേയുള്ള ആക്രമണം വിജയകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസത്തിനിടെ ഉണ്ടായ ചെറിയ ഒരു അബദ്ധം മാത്രമാണെന്നും അതൊരു ഗൗരവേറിയ വിഷയമല്ലെന്നുമാണ് യുഎസ് പ്രസിഡന്റ് നിസ്സാരവല്‍ക്കരിച്ചത്.
ചാറ്റ് ഗ്രൂപ്പില്‍ യുദ്ധ പദ്ധതികള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്നും ക്ലാസിഫൈഡ് വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പിന്നീട് പറഞ്ഞു