വിഷാദരോഗത്തിനായി കഴിക്കുന്ന മരുന്നുകള്‍ ഹൃദയസ്തംഭനം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍; മാരകരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി

Update: 2025-04-02 06:37 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ലക്ഷക്കണക്കിന് ആളുകള്‍ വിഷാദരോഗത്തിനായി കഴിക്കുന്ന മരുന്നുകള്‍ ഹൃദയസ്തംഭനം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍. ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഇത്തരം മാരകരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ഈ മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്ന രോഗികള്‍ക്ക് അപ്രതീക്ഷിത ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കാരണം മരിക്കാനുള്ള സാധ്യത 50 ശതമാനം കൂടുതലാണെന്നാണ് ഡാനിഷ് വിദഗ്ധര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ആറ് വര്‍ഷമോ അതില്‍ കൂടുതലോ മാനസികനില മെച്ചപ്പെടുത്തുന്നതിനായി കഴിക്കുന്ന മരുന്നുകള്‍ അപകട സാധ്യത നൂറ് ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കുന്നതായിട്ടാണ് പഠനം വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടില്‍ ഏകദേശം 8.7 ദശലക്ഷം ആളുകള്‍ വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ആകെ ജനസംഖ്യയില്‍ ഏഴ് പേരില്‍ ഒരാള്‍ വീതം ഇത്തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ട്. അതായത് ഇവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ലോകത്തെ പ്രമുഖരായ മനോരോഗ വിദഗ്ധര്‍ പറയുന്നത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ മരുന്നുകള്‍ വലിയ ദുരിതമായിരിക്കും നല്‍കുന്നത് എന്നാണ്. ഇക്കാര്യത്തില്‍ രോഗികള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട് എന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്നാണ് മറ്റ് ചില ഗവേഷകര്‍ പറയുന്നത്. രോഗികള്‍ ഈ മരുന്നുകള്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍മാരോട് ആലോചിക്കാതെ മരുന്ന് കഴിക്കുന്നത് സ്വയം നിര്‍ത്തുന്നത് കൂടുതല്‍ ദുരിതത്തിന് ഇടയാക്കും എന്നാണ് ഇവര്‍ പറയുന്നത്. പഠനം നടത്തിയവര്‍ വിശദീകരിക്കുന്നത് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ഒരു മണിക്കൂറിനും 24 മണിക്കൂറിനും ഇടയിലാണ് ഹൃദയസംബന്ധമായ പ്രശ്നം കാരണം പലരും മരിക്കുന്നത്. 2010-ല്‍ ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തിയ എല്ലാ മരണങ്ങളും വിശകലനം ചെയ്ത ഡാനിഷ് വിദഗ്ധര്‍, 6,002 പെട്ടെന്നുള്ള ഹൃദയാഘാതം കാരണമുള്ള നിരവധി മരണങ്ങള്‍ കണ്ടെത്തി. അതില്‍ മൂന്നിലൊന്ന പേരും വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ആയിരുന്നു.

കൂടുതല്‍ കാലം ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ ഹൃദയസ്തംഭനം കാരണമുള്ള മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുപ്പത് വയസിനും 39 വയസിനും ഇടയിലുള്ളവര്‍ക്കാണ് ആരോഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളത്. ഇത്തരം മരുന്നുകളെ പല ഡോക്ടര്‍മാരും കാര്‍ഡിയോടോക്സിക് എന്നാണ് വിളിക്കുന്നത്. അതായത് ഹൃദയത്തിന് ഹാനികരമാണ് ഇത്തരം മരുന്നുകള്‍ എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടന്ന യൂറോപ്യന്‍ ഹാര്‍ട്ട് റിഥം അസോസിയേഷന്റെ വാര്‍ഷിക കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

Similar News