യൂറോപ്പിലെ ഏറ്റവും വലിയ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ കൂറ്റന്‍ കൊടുങ്കാറ്റും തിരമാലയും എത്തിയേക്കും; ടെനിരിഫും ല പാമയും ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ്: സ്‌പെയിനിനെ വിടാതെ പിന്തുടരുന്ന പ്രകൃതി ദുരന്തം ഇനിയുമെത്തും

Update: 2025-04-03 04:00 GMT

തിശക്തമായ കൊടുങ്കാറ്റ് എത്തുന്നു എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ ടെനിരിഫും ലാ പാമയും ഉള്‍പ്പടെ കാനറി ദ്വീപുകളില്‍ റെഡ് വെതര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്ന മുന്നറിയിപ്പ് വ്യഴാഴ്ച വരെ പ്രാബല്യത്തില്‍ ഉണ്ടാകും. നൂറിയ കൊടുങ്കാറ്റിന്റെ വെളിച്ചത്തില്‍ ദ്വീപില്‍ പരമാവധി ഗൗരവമേറിയ മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മറ്റ് ദ്വീപുകളില്‍ സാധാരണ മുന്നറിയിപ്പും നിലവിലുണ്ട്.

ടെനെരിഫിലെയും ലാ പാമയിലെയും സ്‌കൂളുകള്‍ വ്യാഴാഴ്ച വരെ അടച്ചിടും. കൊടുങ്കാറ്റുയര്‍ത്തുന്ന അസാധാരണ വെല്ലുവിളികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണിത്. അതുപോലെ, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് കുറയ്ക്കുന്നതിനായി വതിലുകളും ജനലുകളുമൊക്കെ അടച്ചിടണമെന്ന് വിനോദസഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്പെയിനിലെ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പടിഞ്ഞാറു നിന്നും തെക്ക് പടിഞ്ഞാറു നിന്നും ശക്തമായ കാറ്റുകള്‍ ദ്വീപിലാകെ ആഞ്ഞടിക്കും.

ടെനിരിഫിലും ലാ പാമയിലും മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ വരെ കാറ്റ് ആഞ്ഞടിക്കും എന്നാണ് പ്രവചനം. ഒരുപക്ഷെ വേഗത ഇനിയും വര്‍ദ്ധിക്കാനും ഇടയുണ്ട്. ലാ പാമ ടൈഡ് നാഷണല്‍ പാര്‍ക്ക് പോലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലായിരിക്കും ഇതിന്റെ പ്രഭാവം കൂടുതല്‍ അനുഭവപ്പെടുക. അതേസമയം, എല്‍ ഹീരോ, ലാ ഗൊമേറ, ഗ്രാന്‍ കനേറിയ, ഫ്യുര്‍ട്ടെവെന്‍ചുറ, ലാന്‍സരോട്ട് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 60 മൈല്‍ വേഗത്തില്‍ കാറ്റ് വീശും. നൂറിയ കൊടുങ്കാറ്റ് എത്തുന്നതോടെ ദ്വീപിനു ചുറ്റുമുള്ള സമുദ്രവും പ്രക്ഷുബ്ദമാകും. ലാ പാമ, എല്‍ ഹീരോ തുടങ്ങിയയിടങ്ങളില്‍ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങും.

കനത്ത മഞ്ഞുവീഴ്ചയും തുടര്‍ന്നുണ്ടായ ശക്തമായ മഴയും ടെനിരിഫില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയിട്ട് ഏതാനും ആഴ്ചകള്‍ മാത്രമെ ആകുന്നുള്ളു. ഏറെ സന്ദര്‍ശകര്‍ എത്താറുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളെയും വെള്ളത്തില്‍ മുക്കിയ ഒന്നായിരുന്നു അത്. ഗ്രാന്‍ കനേറിയയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ടെല്‍ഡെയില്‍ കനത്ത മഴയെ തുടര്‍ന്ന് നദികളും അരുവികളും കരകവിഞ്ഞ് ഒഴുകിയിരുന്നു. മുങ്ങുന്ന കാറില്‍ നിന്നും ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയ സംഭവം വരെ ഉണ്ടായിരുന്നു.

നിരത്തുകളിലും മറ്റും ചെളിവെള്ളം കെട്ടിനില്‍ക്കുന്ന ഭീകരമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടെനിരിഫിലെ ടീഡെ നാഷണല്‍ പാര്‍ക്കിലെ പര്‍വ്വത നിരകള്‍ മഞ്ഞ് പുതച്ചു നില്‍ക്കുന്ന ചിത്രങ്ങളും പല മാധ്യമങ്ങളില്‍ കൂടിയും പുറത്തു വന്നിരുന്നു. ഒരു അഗ്‌നിപര്‍വ്വതം പൂര്‍ണ്ണമായും മഞ്ഞു മൂടിക്കിടക്കുന്ന കാഴ്ച തികച്ചും അസാധാരണമായ ഒന്നായിരുന്നു. നിരത്തില്‍ മഞ്ഞു കെട്ടിക്കിടന്നതിനാല്‍ നാഷണല്‍ പാര്‍ക്കിലേക്കുള്ള എല്ലാ റോഡുകളും അടച്ചിടേണ്ടതായി വന്നു. വിരളമായി മാത്രം എത്താറുള്ള പേമാരിയും കനത്ത മഞ്ഞുവീഴ്ചയും ദ്വീപിലെ ജീവിതം താറുമാറാക്കി ഏതാനും ആഴ്ചകള്‍ മാത്രം കഴിയുമ്പോഴാണ് നൂറി കൊടുങ്കാറ്റിന്റെ വരവ്.

Similar News