വിവാഹസമ്മാനമായി ലഭിച്ച 100 പവന്‍ സ്വര്‍ണവും ഭര്‍തൃ വീട്ടുകാര്‍ എടുത്തു; മുന്‍ ഭര്‍ത്താവെടുത്ത സ്വര്‍ണത്തിന് വിപണി വില കിട്ടാന്‍ വിവാഹ മോചിതയ്ക്ക് അര്‍ഹതയെന്ന് ഉത്തരവിട്ട് കോടതി: ഭര്‍തൃവീട്ടുകാര്‍ കൈപ്പറ്റിയ എട്ട് ലക്ഷം രൂപ തിരികെ നല്‍കാനും ഉത്തരവ്

മുൻ ഭർത്താവെടുത്ത സ്വർണത്തിന് വിപണിവില കിട്ടാൻ വിവാഹമോചിതയ്ക്ക് അർഹത

Update: 2025-04-04 00:31 GMT

തൃശൂര്‍: വിവാഹ സമയത്ത് ഭാര്യയ്ക്ക് ലഭിച്ച സ്വര്‍ണത്തില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ എടുത്തുപയോഗിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങളുടെ വിപണി വില ലഭിക്കുന്നതിന് വിവാഹമോചിതയായ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി. കൊടുങ്ങല്ലൂര്‍ അഴീക്കോട് പാളയംകോട്ട് ഷൈന്‍ മോള്‍ നല്‍കിയ ഹര്‍ജിയിലാണ് കുടുംബ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യര്‍ വിധി പുറപ്പെടുവിച്ചത്. 2022ലാണ് ഷൈന്‍ മോള്‍ ഹര്‍ജി നല്‍കിയത്.

യുവതി തന്റെ മുന്‍ ഭര്‍ത്താവ് തൃശൂര്‍ കാളത്തോട് പാളയംകോട്ട് ബോസ്‌കിക്കും വീട്ടുകാര്‍ക്കും എതിരെയാണ് പരാതി നല്‍കിയത്. മുന്‍ ഭര്‍ത്താവും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും ഗൃഹോപകരണങ്ങളും തിരികെ നല്‍കിയില്ലെന്നും തനിക്കും മകള്‍ക്കും ജീവനാംശം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് ഷൈന്‍ മോള്‍ ഹര്‍ജി നല്‍കിയിരുന്നത്. 2007ല്‍ ആയിരുന്നു വിവാഹം. 2021ല്‍ വിവാഹമോചനം നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി

100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്‍കാനും യുവതിക്കും മകള്‍ക്കും 2014 മുതല്‍ക്കുള്ള മുന്‍കാല പ്രാബല്യത്തോടെ 12.80 ലക്ഷംരൂപ നല്‍കാനും ഭര്‍തൃവീട്ടുകാര്‍ കൈപ്പറ്റിയ 8 ലക്ഷം രൂപ തിരികെ നല്‍കാനും ഗൃഹോപകരണങ്ങള്‍ അല്ലെങ്കില്‍ അതിനു തുല്യമായ തുക നല്‍കാനുമാണ് ഭര്‍ത്താവിനോടും മാതാപിതാക്കളോടും കോടതി ഉത്തരവിട്ടത്. സ്വര്‍ണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും തങ്ങളുടെ 58 പവന്‍ സ്വര്‍ണാഭരണങ്ങള്‍ യുവതിയുടെ കൈവശം ഉണ്ടെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചിരുന്നു.

യുവതി പുനര്‍വിവാഹം ചെയ്തതിനാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ പുനര്‍വിവാഹം കഴിയുന്നതിനു മുന്‍പുവരെ ഭര്‍ത്താവില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും വിവാഹത്തിന് മുന്‍പോ ശേഷമോ ഭര്‍തൃവീട്ടുകാര്‍ നല്‍കുന്ന മുതലുകള്‍ തിരികെ ലഭിക്കുന്നതിന് മുസ്‌ലിം വിമന്‍ ആക്ട് 1986ലെ 3-ാം വകുപ്പ് പ്രകാരം ഭര്‍ത്താവിന് അര്‍ഹതയില്ലെന്നും കോടതി വിലയിരുത്തി.

സ്വര്‍ണാഭരണങ്ങള്‍ കൈവശമില്ലെങ്കില്‍ അത്രയും ആഭരണങ്ങളുടെ ഇപ്പോഴത്തെ വിപണി വില കണക്കാക്കി ആ തുക നല്‍കണം. ഭാര്യ ഹര്‍ജി നല്‍കിയ സമയത്ത് സ്വര്‍ണാഭരണങ്ങളുടെ വില പവന് 20,000 രൂപയില്‍ താഴെയായിരുന്നെങ്കിലും ഇപ്പോഴത്തെ വിപണി വില ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നു കോടതി വിധിച്ചു. ഹര്‍ജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ പി.വി. ഗോപകുമാര്‍, കെ.എം.അബ്ദുല്‍ ഷുക്കൂര്‍, കെ.എം.കാവ്യ, എ.പയസ് ജോസഫ് എന്നിവര്‍ ഹാജരായി.

Tags:    

Similar News