നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി; സാം പിത്രോഡയും കുറ്റപത്രത്തില്‍; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

Update: 2025-04-15 13:35 GMT

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ച് ഇഡി. സാം പിത്രോഡയും പേരും കുറ്റപത്രത്തിലുണ്ട്. ന്യൂഡല്‍ഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണ്ണല്‍സിന്റെ കോടികള്‍ വില വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്ന ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് ഇഡി കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇഡി കേസില്‍ ചുമത്തിയിരിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ജവാഹര്‍ലാല്‍ നെഹ്രു 1938-ലാണ് പാര്‍ട്ടിമുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' തുടങ്ങിയത്. ഈ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ 'യങ് ഇന്ത്യ കമ്പനി' ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ 2012-ല്‍ പരാതിയുമായി രംഗത്തെത്തിയത്.

കോടിക്കണക്കിന് ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യ എന്ന പേരില്‍ 2010 നവംബറില്‍ തട്ടിപ്പുകമ്പനിയുണ്ടാക്കി നെഹ്രു കുടുംബം തട്ടിയെടുത്തുവെന്നാണ് സ്വാമിയുടെ പരാതി. 1600 കോടി രൂപയിലേറെ മൂല്യമുള്ള ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് കമ്പനി, നിയമങ്ങള്‍ ലംഘിച്ച് വെറും 50 ലക്ഷം രൂപയ്ക്ക് ഇവര്‍ സ്വന്തമാക്കിയെന്നും സ്വാമി ആരോപിച്ചു. കമ്പനി രജിസ്ട്രാര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് ജവാഹര്‍ലാല്‍ നെഹ്രു, മകള്‍ ഇന്ദിരാ ഗാന്ധി, ഭര്‍ത്താവ് ഫിറോസ് ഗാന്ധി എന്നിവര്‍ക്ക് യങ് ഇന്ത്യ കമ്പനിയില്‍ ഓഹരിയുണ്ട്. ഇവരുള്‍പ്പെടെ ഓഹരിയുള്ളവരില്‍ ബഹുഭൂരിപക്ഷം പേരും ജീവിച്ചിരിപ്പില്ല.

'നാഷണല്‍ ഹെറാള്‍ഡി'ന്റെ ബാധ്യത തീര്‍ക്കാനായി 2011-ല്‍ എഐസിസി 90 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ചതാണ് അടുത്ത ഘട്ടം. ഇത് ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നും കമ്പനികള്‍ക്ക് വായ്പ നല്‍കാനുള്ള അനുവാദം രാഷ്ട്രീയപ്പാര്‍ട്ടിക്കില്ലെന്നും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. സോണിയയുടെ വീടായ 10-ജന്‍പഥില്‍ കമ്പനി ഓഹരിയുടമകളുടെ യോഗം ചേര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം അനുവദിക്കുന്ന ഔദ്യോഗികവസതി വാണിജ്യാവശ്യങ്ങള്‍ക്കും മറ്റു സാമ്പത്തിക ഇടപാടുകള്‍ക്കും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 90 കോടി രൂപയുടെ ബാധ്യതയുണ്ടെന്നറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് 'ഹെറാള്‍ഡ് ഹൗസ്' വാങ്ങിയെന്നത് വിശ്വാസയോഗ്യമല്ലെന്നും ആരോപണങ്ങളുയര്‍ന്നു.

2008-ല്‍ എ.ജെ.എല്‍. കമ്പനിയുടെ 38 ശതമാനം ഓഹരികളുടെ ഉടമയായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍, 2009-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ ഓഹരിയെക്കുറിച്ച് പറയുന്നില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി പരാതിയില്‍ പറഞ്ഞിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രം 2008 ഏപ്രിലിലാണ് അച്ചടി നിര്‍ത്തിയത്. പത്രം പൂട്ടിയതിനുപിന്നാലെ കമ്പനിയില്‍ ഇരുനൂറോളം ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ ആനുകൂല്യം നല്‍കി. ജീവനക്കാരെ സംതൃപ്തിയോടെ പിരിച്ചയക്കണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 50 കോടിയിലധികം രൂപയുടെ വിരമിക്കല്‍ ആനുകൂല്യമാണ് മാനേജ്മെന്റ് നല്‍കിയത്.

Tags:    

Similar News