കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിച്ചു, തള്ളിവീഴ്ത്തി! ദേശാഭിമാനി റിപ്പോര്‍ട്ടിന് പിന്നാലെ ദൃശ്യങ്ങള്‍ പുറത്ത്; പക്ഷേ വീണയുടേത് വെറും 'നാടകമെന്ന്' കോണ്‍ഗ്രസ്; ഇടതു കൈത്തണ്ടയിലെ കറുത്ത പാട് കല്യാട്ടെ പരിപാടിയിലും; ശൈലജ ടീച്ചര്‍ക്കൊപ്പം വേദിയിലിരിക്കുന്ന മന്ത്രിയുടെ കയ്യില്‍ അതേ പാട്; പ്രചാരണവുമായി കോണ്‍ഗ്രസ് സൈബര്‍ പേജുകള്‍
പ്രചാരണവുമായി കോണ്‍ഗ്രസ് സൈബര്‍ പേജുകള്‍
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് നേരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ വിവാദം. മന്ത്രിക്ക് ഉന്തിനും തളളിനുമിടെ, കൈക്ക് പരിക്കേറ്റെന്ന അവകാശവാദങ്ങള്‍, പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
വന്ദേഭാരത് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യാനെത്തിയ മന്ത്രിക്ക് മുന്നില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. 'എന്തിനാടാ ഞാന്‍ രാജി വെക്കേണ്ടത്?' എന്ന് ചോദിച്ച് മന്ത്രി പ്രതിഷേധക്കാര്‍ക്ക് നേരെ രോഷാകുലയായി പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസുകാര്‍ മന്ത്രിയെ തടയാന്‍ ശ്രമിക്കുകയും പ്രതിഷേധക്കാരെ ഉടന്‍ അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. പ്ലാറ്റ്‌ഫോമില്‍ വെച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ ശാരീരികമായി ആക്രമിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്നില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
പ്രതിഷേധക്കാരെ നീക്കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച മന്ത്രി ചിരിച്ച മുഖത്തോടെയാണ് നടന്നത്. കൈക്കേറ്റ പരിക്കിനെക്കുറിച്ച് അപ്പോള്‍ സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍, പ്ലാറ്റ്‌ഫോമില്‍ വെച്ച് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ മന്ത്രിയുടെ ഭാവം മാറിയതായും, ഫോണ്‍ വെച്ച ശേഷം കഴുത്തിനും കൈയ്ക്കും വേദനയാണെന്ന് അറിയിച്ചതായും ദൃശ്യങ്ങളില്‍ കാണാം. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കൂടി ഇടപെട്ട് പരിക്കിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ ശ്രമം നടന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. സാധാരണപോലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നുനീങ്ങിയ മന്ത്രി, മിനിറ്റുകള്‍ക്കകം ആശുപത്രിയിലേക്ക് പോയത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചു.
കെ.എസ്.യു. പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിച്ചു എന്ന സി.പി.എം. പ്രചാരണത്തെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നുണ്ട്. മന്ത്രിക്ക് സംഭവ സ്ഥലത്ത് വച്ച് കൈക്ക് പരിക്കേറ്റിട്ടില്ലെന്നും രാഷ്ട്രീയ നാടകമാണെന്നുമാണ് കോണ്‍ഗ്രസ് ആരോപണം.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചുണ്ടായ ഉന്തും തള്ളലിനിടയില്‍ തനിക്ക് പരിക്കേറ്റതായി മന്ത്രി വീണാ ജോര്‍ജ് തന്നെ വ്യക്തമാക്കിയിരുന്നു. ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍, മന്ത്രി തന്റെ പരിക്കിനെക്കുറിച്ച് സംസാരിക്കുന്നത് കാണാം. കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്, കൈയിലൊരു മുറിവുണ്ട് എന്നാണ് മന്ത്രി പറയുന്നത്.
മന്ത്രിയുടെ ഇടതു കൈത്തണ്ടയ്ക്ക് സമീപം കറുത്ത പാട് (മുറിവ്) ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. എന്നാല്‍ ഇത് പരിക്കല്ലെന്നും വെറും പ്രചാരണം മാത്രമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളെ ഖണ്ഡിക്കുന്നതാണ് ഇന്ന് രാവിലെ കണ്ണൂര്‍ കല്യാട് നടന്ന ചടങ്ങിലെ ദൃശ്യങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ.കെ. ശൈലജ ടീച്ചര്‍ക്കൊപ്പം വേദിയിലിരിക്കുന്ന മന്ത്രി വീണാ ജോര്‍ജിന്റെ കയ്യില്‍ അതേ പാട് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. വേദിയില്‍ വെച്ച് മന്ത്രി പ്രസംഗിക്കുമ്പോഴും ഈ മുറിവ് ദൃശ്യങ്ങളില്‍ തെളിയുന്നുണ്ട്.
അതേസമയം, കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കൈ പിടിച്ചുതിരിക്കുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കുള്ളതായാണ് റിപ്പോര്‍ട്ട്.
നല്ലൊരു അഭിനേത്രിയെന്ന് കെ.സുധാകരന്‍
വീണാ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ.സുധാകരന്‍ എം.പി.
കേരളത്തിലെ ആരോഗ്യ മന്ത്രിയെ ആക്രമിച്ചുവെന്ന തരത്തില്‍ സി.പി.എം പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതവും സി.പി.എം ന്റെ രാഷ്ട്രീയ നാടകവുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ദൃശ്യങ്ങളില്‍ നിന്നെല്ലാം ആക്രമണവും, പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാര്‍ത്ഥ സംഭവവികാസങ്ങളുമായി ബന്ധവുമില്ലെന്ന് വ്യക്തമാവുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്യു കുട്ടികള്‍ ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ചിട്ടുണ്ട്.
കുട്ടികള്‍ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും, അവരില്‍ നിന്നൊരു അക്രമ പ്രവൃത്തി ഉണ്ടായിട്ടില്ലെന്നും ദൃക്‌സാക്ഷി മൊഴികളും ലഭ്യമായ വിവരങ്ങളും വ്യക്തമായി സൂചിപ്പിക്കുന്നു. കേരളത്തിലെ മൊത്തം ദൃശ്യമാധ്യമങ്ങള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. ഏതെങ്കിലും ദൃശ്യമാധ്യമങ്ങളില്‍ കെഎസ് യു കുട്ടികള്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടോ? സിപിഎമ്മിന്റെ കൈരളി ചാനല്‍ അടക്കമുള്ള ചാനലുകള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നല്ലോ? ഈ ചാനലുകളില്‍ ഒന്നിലും തന്നെ കെഎസ്യു വിദ്യാര്‍ത്ഥികള്‍ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യവും വന്നിട്ടില്ല. അതിനുപകരം പ്രതിഷേധക്കാരോട് അങ്ങോട്ട് ആക്രോശിക്കുന്ന മന്ത്രിയുടെ ദൃശ്യമാണുള്ളതെന്ന് കെ.സുധാകരന്‍ എം പി ചൂണ്ടിക്കാട്ടി.
