പുലര്‍ച്ചെ ആറുമണിക്ക് അലാം കേട്ട് ഉണര്‍ന്നു; ഏഴുമണിയോടെ സുഖമില്ലാതായി; വത്തിക്കാന്‍ സമയം 7.30 ഓടെ മരണം സംഭവിച്ചു; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തിന് കാരണം എന്ത്? നേരത്തെ ബാധിച്ച ന്യൂമോണിയ വീണ്ടും പ്രശ്‌നം ഉണ്ടാക്കിയോ? പോപ്പിന്റെ മരണ കാരണം വ്യക്തമാക്കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍
പോപ്പിന്റെ മരണ കാരണം വ്യക്തമാക്കി ഇറ്റാലിയന്‍ മാധ്യമങ്ങള്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പൊടുന്നനെയുള്ള മരണത്തിന്റെ കാരണമെന്ത്? ഫെബ്രുവരിയില്‍ ഡബിള്‍ ന്യൂമോണിയ ബാധിച്ച് 38 ദിവസം ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ശേഷം റോമിലെ ആശുപത്രി വിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില താരതമ്യേന മെച്ചപ്പെട്ടിരുന്നു. പോപ്പുമാര്‍ മരിക്കുമ്പോള്‍ സാധാരണഗതിയില്‍ വത്തിക്കാന്‍ ഓട്ടോപ്‌സി ചെയ്യാറില്ല. അതുകൊണ്ട് തന്നെ പോപ് ഫ്രാന്‍സിസിന്റെ മരണകാരണം വത്തിക്കാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, പോപ്പിന്റെ മരണ കാരണം വ്യക്തമാക്കി ചില റിപ്പോര്‍ട്ടുകള്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
പോപ് ഫ്രാന്‍സിസ് മസ്തിഷ്‌ക രക്തസ്രാവം മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്്‌ട്രോക് അഥവാ പക്ഷാഘാതം സംഭവിച്ചിരിക്കാനും സാധ്യതയുണ്ട്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാവുന്നത്. ഫെബ്രുവരിയില്‍ മാര്‍പ്പാപ്പയ്ക്ക് ഉണ്ടായ ന്യൂമോണിയയുമായും ശ്വാസകോശ പ്രശ്‌നങ്ങളുമായും ഇതിന് ബന്ധമില്ലെന്നും ലാ റിപ്പബ്ലിക്ക, ലാ സ്റ്റാമ്പ എന്നീ ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു.
വളരെ സമാധാനപൂര്‍ണമായിരുന്നു പോപ്പിന്റെ മരണമെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ ആറുമണിക്ക് അലാം കേട്ടയുടന്‍ അദ്ദേഹം ഉണര്‍ന്നു. എന്നാല്‍, 7 മണിയോടെ സുഖമില്ലാതായി. 7.30 ഓടെ പക്ഷാഘാതം മൂലം മരണം സംഭവിച്ചു. സാന്ത മാര്‍ത്തയിലെ വസതിയിലായിരുന്നു 88 കാരനായ പോപ്പിന്റെ അന്ത്യം.
ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളെ അഭിവാദ്യം ചെയ്യാന്‍ മാര്‍പ്പാപ്പ എത്തിയിരുന്നു. അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന അവസാനത്തെ ചടങ്ങായി അത് മാറുകയും ചെയ്തു. ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ വീല്‍ച്ചെയറില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം ആശുപത്രി വിട്ട ശേഷം ധരിച്ചിരുന്ന ശ്വസന സഹായി ഉണ്ടായിരുന്നില്ല. ഏകദേശം 50 മിനിറ്റോളം അദ്ദേഹം വിശ്വാസികള്‍ക്കിടയില്‍ ചെലവഴിച്ചു. നേരത്തെ വത്തിക്കാന്റെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ട മാര്‍പ്പാപ്പ 'സഹോദരീ സഹോദരന്മാരെ ഹാപ്പി ഈസ്റ്റര്‍' എന്ന് ആശംസിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹായി ഈസ്റ്റര്‍ സന്ദേശം വായിക്കുകയും ചെയ്തു.
അതേസമയം, മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്ന ചടങ്ങ് ഇന്ത്യന്‍ സമയം രാത്രി 11.30 യ്ക്ക് വത്തിക്കാനില്‍ നടക്കും. വത്തിക്കാന്റെ നിലവിലെ ആക്ടിങ് ഹെഡ് കര്‍ദിനാള്‍ കെവിന്‍ ഫാരലിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച മൃതദേഹ പേടകത്തിലേക്ക് പോപ്പിനെ മാറ്റും. മാര്‍പാപ്പയുടെ വസതിയായ സാന്ത മാര്‍ത്ത ചാപ്പലിലാണ് ചടങ്ങുകള്‍ നടക്കുക. വത്തിക്കാനിലെ ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും പോപിന്റെ കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കെടുക്കും.
അതീവ സ്വകാര്യമായ ഒരു ചടങ്ങാണിത്. മരണം സ്ഥിരീകരിക്കുന്ന ചടങ്ങില്‍ മാര്‍പാപ്പയുടെ മാമ്മോദീസ പേര് വത്തിക്കാന്റെ ആക്ടിങ് ഹെഡായ കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ മൂന്ന് തവണ വിളിക്കും. പ്രതികരിക്കാതിരുന്നാല്‍ മരിച്ചതായി സ്ഥിരീകരിക്കുമെന്നതാണ് റോമന്‍ പാരമ്പര്യം. മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ മൃതശരീരത്തില്‍ നിന്ന് ഫിഷര്‍മെന്‍സ് മോതിരവും സീലും നീക്കം ചെയ്യും. ഇതിലൂടെ പോപ്പിന്റെ ഭരണത്തിന്റെ അവസാനം അടയാളപ്പെടുത്തും.