പഹല്‍ഗാമിലെ അഞ്ച് ഭീകരരില്‍ രണ്ടു പേര്‍ പാക്കിസ്ഥാനികള്‍; ആ ക്രൂരതയ്ക്ക് എത്തിയ ഇന്ത്യാക്കാരുടെ വീടുകള്‍ തകര്‍ത്ത് പ്രതിഷേധം; തെളിവ് ചോദിക്കുന്ന പാക്കിസ്ഥാനെ വെട്ടിലാക്കി കൂടുതല്‍ രേഖാ ചിത്രങ്ങളും പുറത്ത്; അതിര്‍ത്തിയില്‍ പാക് സേനയുടെ പ്രകോപനം; ബന്ദിപോരയില്‍ തീവ്രവാദികളെ വളഞ്ഞ് ഇന്ത്യന്‍ സൈന്യം; ഇനി 'സര്‍ജിക്കല്‍ സ്‌ട്രൈക്കോ'?

Update: 2025-04-25 03:58 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന് തീവ്രവാദത്തില്‍ തെളിവ് വേണം. തൊട്ടു പിന്നാലെ പഹല്‍ഗാമിലേത് പാക്കിസ്ഥാന്‍ ഗൂഡാലോചനയന്ന് വ്യക്തമാക്കുന്ന തെളിവും പുറത്ത്.പഹല്‍ഗാം ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. അലി തല്‍ഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരര്‍. ആദില്‍ തോക്കര്‍, അഹ്‌സാന്‍ എന്നിവരാണ് കശ്മീരി ഭീകരര്‍. രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പേരുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഹാഷിം മൂസ എന്ന പാകിസ്ഥാനി ഭീകരനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂസ മുമ്പ് രണ്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെ പാക് ബന്ധത്തിന് തെളിവുകളായി. മുംബൈയില്‍ ഭീകരാക്രമണത്തിനിടെ പിടിച്ച അജ്മല്‍ കസബ് പാക്കിസ്ഥാനിയായിരുന്നു. ഇത് തെളിവ് സഹിതം ഇന്ത്യ വിശദീകരിച്ചിട്ടും പാക്കിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെയാണ് പഹല്‍ഗാമിലെ ഗൂഡാലോചനയും ഇന്ത്യ കണ്ടെത്തുന്നത്. ഇന്ത്യാക്കാരായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു. വീടുകള്‍ അടിച്ചു തകര്‍ത്തത് പ്രാദേശിക ഭരണകൂടമാണെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്പ് ശക്തമാണ്. ശക്തമായി നേരിട്ടെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തിയത്. ശക്തമായ തിരിച്ചടി നല്‍കിയയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഹല്‍ഗാമിലെ പാക് തീവ്രവാദ ആക്രമണത്തില്‍ ഒരു മലയാളി ഉള്‍പ്പടെ 26 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പാകിസ്ഥാനെതിരെയുള്ള കടുത്ത നടപടികള്‍ക്ക് വേഗം കൂട്ടി ഇന്ത്യ. ഇതിന്റെ ഭാഗമായി സിന്ധു നദീജല കരാര്‍ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. പാകിസ്ഥാനെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. പാകിസ്ഥാന്റെ തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരവാദമാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ നടത്തിയ മറ്റ് ലംഘനങ്ങള്‍ക്ക് പുറമെ, കരാറില്‍ വിഭാവനം ചെയ്തിട്ടുള്ളതുപോലെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിക്കുകയും കരാര്‍ ലംഘിക്കുകയും ചെയ്തുവെന്ന് ജലശക്തി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സിന്ധു നദീജല കരാര്‍ തല്‍ക്ഷണം മരവിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് അറിയിപ്പ്.

ബന്ദിപോര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലും തുടരുകയാണ്. ബന്ദിപോരയിലെ കുല്‍നാര്‍ ബസിപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്നവിവരത്തെ തുടര്‍ന്ന് സൈന്യം ഇവിടം വളഞ്ഞിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞദിവസം കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു. പ്രത്യേക സേനയിലെ ഹവില്‍ദാര്‍ ജാന്തു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യവും ജമ്മു-കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം. 24 മണിക്കൂറിനുള്ളില്‍ ജമ്മുവില്‍ ഭീകരരും സുരക്ഷാസേനയുംതമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്. ഇതിനൊപ്പമാണ് അതിര്‍ത്തിയിലെ പാക് പ്രകോപനവും. ഇന്ത്യന്‍ സേന എന്തിനും സുസുജ്ജമാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് അടക്കമുള്ള നടപടികള്‍ ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.

അതേസമയം, ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ അനന്ത്‌നാഗ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീര്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. എന്‍ഐഎ സംഘം ബൈസരണില്‍ നിന്നും ഫൊറന്‍സിക് തെളിവുകള്‍ അടക്കം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും ഇന്ന് ജമ്മുകശ്മീരിലെത്തുന്നുണ്ട്. അതേസമയം, പാകിസ്ഥാന്‍ പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇതുവരെ ജവാനെ മോചിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോഴാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിയില്‍ കൃഷി ചെയ്യുന്നവരെ സഹായിക്കാന്‍ പോയ ജവാനാണ് പാക്കിസ്ഥാന്‍ പിടിയിലായത്. ജവാന്റെ ചിത്രം പാക് സേന പുറത്തുവിട്ടിരുന്നു. ഫ്‌ളാഗ് മീറ്റിംഗ് വഴി ചര്‍ച്ചയിലൂടെ മോചിപ്പിക്കാനാണ് ശ്രമം തുടരുന്നത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ തര്‍ക്കം രൂക്ഷമാകവേ അതിര്‍ത്തിയില്‍ സേനകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. സിന്ധു നദീജല കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാകുമെന്ന് പാക്കിസ്ഥാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ രാത്രിയോടെ കരാര്‍ മരവിപ്പിച്ച് ഇന്ത്യ വിജ്ഞാപനമിറക്കി. ഇതോടെ പാക്കിസ്ഥാന്‍ വെല്ലുവിളി വെറുതെയായി. തുടര്‍ന്ന് പാകിസ്താന്‍ 1972-ലെ ഷിംല കരാര്‍ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചുകൊണ്ട് പാക് വ്യോമമേഖല അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപരബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും സൈനികാഭ്യാസങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

Similar News