'എന്റെ തലാ, എന്റെ ഫിഗര്‍.. അല്ലാത്തതൊക്കെ കടക്ക് പുറത്ത്..!? എല്‍ഡിഎഫ് കണ്വെന്ഷന് വേദിയില്‍ മുന്നില്‍ മന്ത്രി ഗണേഷ് കുമാറിന്റെ ഫ്ലക്സ്; സുഖിക്കാതെ മുഖ്യമന്ത്രി; 'എല്‍ഡിഎഫിന്റെ പൊതു അടയാളങ്ങള്‍ ഉപയോഗിച്ചാല്‍ മതി'യെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം
'എല്‍ഡിഎഫിന്റെ പൊതു അടയാളങ്ങള്‍ ഉപയോഗിച്ചാല്‍ മതി'യെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം
നിലമ്പൂര്‍: പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തലെന്ന വിധത്തിലാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. തുടര്‍ഭരണം ലക്ഷ്യമാക്കിയാണ് എല്‍ഡിഎഫ് നീക്കം. അതിന് മുഖ്യമന്ത്രിയുടെ വര്‍ണശബളമായ പോസ്റ്ററുകളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ളത്. ഇതിനിടെ നിലമ്പൂരില്‍ മന്ത്രി ഗണേഷ് കുമാറിന്റെ അല്‍പ്പം വലുപ്പമുള്ള ഫ്ലക്സ് കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് അത് അത്രയ്ക്ക് സുഖിച്ചില്ല. ഉടന്‍ തന്നെ നീരസം പ്രകടിപ്പിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എല്‍ഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം വേദിയിലായിരുന്നു സംഭവം.
വേദിക്ക് മുന്നില്‍ മന്ത്രി ഗണേഷ് കുമാറിന്റെ ഫ്ലക്സ് ബോര്‍ഡ് കണ്ടതാണ് പിണറായിയെ ചൊടിപ്പിച്ചത്. പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി തന്റെ നീരസം പരസ്യമായി പ്രകടിപ്പിച്ചു. ഗണേഷ് കുമാറിന്റെയും സ്ഥാനാര്‍ഥിയായ സ്വരാജിന്റെയും ചിത്രങ്ങളുമായി കേരള കോണ്‍ഗ്രസ് (ബി) ആണ് വേദിക്കു മുന്നില്‍ ഫ്ലക്സ് സ്ഥാപിച്ചത്. കക്ഷിയുടെ ചിഹ്നം മുന്നണിയുടേതല്ല എന്ന് വ്യക്തമാക്കി ആയിരുന്നു മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. മുന്നണിയുടെ പൊതു അടയാളങ്ങള്‍ ഉപയോഗിക്കണമെന്നും പിണറായി നിര്‍ദേശിച്ചു.
''ഇതിനിടയ്ക്ക് ഞാനൊരു കാര്യം പറയാം. ഈ പരിപാടി എല്‍ഡിഎഫിന്റെ പരിപാടിയാണ്. എല്‍ഡിഎഫിന്റെ പരിപാടി ആകുമ്പോള്‍ എല്‍ഡിഎഫിന്റെ ഘടകക്ഷികള്‍ അവര്‍ സാധാരണ ഉപയോഗിക്കുന്ന പതാകകള്‍ ഉണ്ടാകും, അത് സ്വാഭാവികം. അവരവരുേടതായ മറ്റ് ചില അടയാളങ്ങളും ഉപയോഗിച്ചുവെന്ന് വരും. അത് ആ കക്ഷിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് എല്‍ഡിഎഫിന്റെ പൊതുവായിട്ടുള്ളതല്ല. എല്‍ഡിഎഫിന്റെ പൊതുവായ അടയാളങ്ങള്‍ മാത്രമേ ഇതുപോലുള്ള പരിപാടികളില്‍ ഉപയോഗിക്കാവൂ എന്നാണ് എനിക്ക് പൊതുവില്‍ പറയാനുള്ളത്.'' മുഖ്യമന്ത്രി പറഞ്ഞു.
ഒരു നല്ല കാര്യം കണ്ടതുകൊണ്ട് ഞാന്‍ പറഞ്ഞതാണ്. നല്ല കാര്യമാണെങ്കിലും വേറെ രീതിയില്‍ വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ടാണ് എല്‍ഡിഎഫിന്റെ പൊതു അടയാളങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കയ്യടിയോടെയാണ് സദസ്സ് ഇതിനെ സ്വീകരിച്ചത്.