പാകിസ്ഥാന്‍ വ്യോമപാത അടച്ചതോടെ ഡെന്മാര്‍ക്കിലും യു എ ഇയിലും കുടുങ്ങി ഇന്ത്യാക്കാര്‍; പല എയര്‍ ഇന്ത്യാ വിമാനങ്ങളും വഴി തിരിച്ചു വിട്ടതോടെ യാത്രകള്‍ വൈകി; ആകാശ യാത്രാ ദുരിതം തുടരും

Update: 2025-04-27 05:10 GMT

ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ പല എയര്‍ ഇന്ത്യാ വിമാനങ്ങളും വഴിതിരിച്ചു വിട്ടതോടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ പതിവിലേറെ താമസിച്ചാണ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിയത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ടൊറന്റൊയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഡെന്മാര്‍ക്കില്‍ ഇറങ്ങിയപ്പോള്‍ പാരിസില്‍ നിന്നും ലണ്ടനില്‍ നിന്നുമുള്ള വിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് തിരിച്ചു വിട്ടു. പാകിസ്ഥാന്‍ അവരുടെ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്കായി അടച്ചതായി പ്രഖ്യാപിച്ച സമയത്ത് പാതിവഴിയില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ക്കായിരുന്നു ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.

ചൊവ്വാഴ്ച കാശ്മീരില്‍ ഭീകരവാദികള്‍ 26 വിനോദ സഞ്ചാരികളെ മൃഗീയമായി കൊലചെയ്തതിനു ശേഷം ഉണ്ടായ സംഘര്‍ഷാവസ്ഥയാണ് വ്യോമ പാത അടച്ചിടുന്നതില്‍ കലാശിച്ചത്. ഇതുവഴി ഇന്ത്യയിലെ ചില വിമാനങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ദൂരം യാത്ര ചെയ്യേണ്ടതായിവരും എന്നതല്ലാതെ മറ്റൊരു തരത്തിലും ഇത് ഇന്ത്യയെ ബാധിക്കില്ല എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്നാല്‍, പാകിസ്ഥാന്റെ പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുംബൈയിലേക്ക് വരികയായിരുന്ന ബോയിംഗ് 777 വിമാനം, യാത്ര തുടങ്ങി 11 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റഷ്യയ്ക്ക് മേല്‍ വെച്ച് ദിശ തിരിച്ചു എന്ന് ഫ്‌ലൈറ്റ്റഡാര്‍24 ന്റെ ഡാറ്റയില്‍ കാണിക്കുന്നു. പിന്നീട് നാല് മണിക്കൂര്‍ പടിഞ്ഞാറ് ദിക്ക് ലക്ഷ്യമാക്കി പറന്ന വിമാനം കോപ്പന്‍ഹേഗനില്‍ ഇറങ്ങുകയായിരുന്നു. ഒന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് വിമാനം ഇന്ത്യയിലേക്ക് യാത്ര പുറപ്പെട്ടത്. നിശ്ചിത സമയത്തിനും ഒന്‍പത് മണിക്കൂര്‍ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത്.

ടൊറന്റൊയില്‍ നിന്നും ഡല്‍ഹിക്കുള്ള എയര്‍ ഇന്ത്യാ വിമാനവും റഷ്യയ്ക്ക് മുകളില്‍ വെച്ച് ദിശ തിരിച്ച് കോപ്പന്‍ഹേഗനില്‍ ഇറങ്ങി. കാനഡയില്‍ നിന്നും യാത്ര തിരിച്ച് 24 മണിക്കൂര്‍ കഴിഞ്ഞാണ് ആ വിമാനം ഇന്ത്യന്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. അതായത്, പത്ത് മണിക്കൂറോളം വൈകി. ലണ്ടനില്‍ നിന്നും പാരീസില്‍ നിന്നുമുള്ള വിമാനങ്ങള്‍ ദിശമാറ്റി ഇറാനു മുകളിലൂടെ പറന്ന് അബുദാബിയില്‍ എത്തി. ഈ വിമാനങ്ങളിലെ യാത്രക്കാര്‍ നിശ്ചിത സമയത്തിലും നാല് മണിക്കൂര്‍ വൈകിയാണ് ന്യൂഡല്‍ഹിയില്‍ എത്തിയത്.

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമപാതയില്‍ പ്രവേശനം വിലക്കിയിരിക്കുന്നതിനാല്‍, വടക്കെ അമേരിക്ക, യു കെ, യൂറോപ്പ്, മദ്ധ്യപൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ളതും അവിടങ്ങളില്‍ നിന്നുള്ളതുമായ ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുമെന്ന് എയര്‍ ഇന്ത്യ എക്സിലൂടെ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയെ കൂടാതെ ബജറ്റ് എയര്‍ലൈന്‍ കമ്പനികളായ ഇന്‍ഡിഗോ, സ്പൈസ്‌ജെറ്റ് എന്നിവയും പാക് വ്യോമപാത ഉപയോഗിക്കുന്നുണ്ട്.

Similar News