ഇന്ത്യയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷം; പാകിസ്താന്‍ സ്വദേശിയായ ശാരദാ ഭായിയെ നാടുകടത്താന്‍ ഉറച്ച് ഒഡീഷാ പോലിസ്; പാകിസ്താനിലുള്ള ഭര്‍ത്താവിനും കുഞ്ഞ് മക്കള്‍ക്കും അരികിലെത്താന്‍ സര്‍ക്കാരിന്റെ കരുണ കാത്ത് സന

ഇന്ത്യയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷം; പാകിസ്താന്‍ സ്വദേശിയായ ശാരദാ ഭായിയെ നാടുകടത്താന്‍ ഉറച്ച് ഒഡീഷാ പോലിസ്

Update: 2025-04-28 02:19 GMT

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെയുള്ള നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇതോടെ പെട്ടു പോയതാകട്ടെ ഇന്ത്യയില്‍ കുടുംബമുണ്ടാക്കി ജീവിക്കുന്ന പാകിസ്താനികളും പാകിസ്താനികളെ വിവാഹം കഴിച്ച് പോയ ഇന്ത്യക്കാരുമാണ്. ഇന്ത്യയിലുള്ള പാകിസ്താന്‍കാരെ നാടുകടത്താന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചതോടെ നിരവധി പേര്‍ക്കാണ് സ്വന്തം കുടുംബം ഉപേക്ഷിച്ച് രാജ്യം വിടേണ്ട അവസ്ഥ വന്നത്. മറ്റു ചിലര്‍ക്കാകട്ടെ പാകിസ്താനിലുള്ള കുടുംബത്തിലേക്ക് തിരികെ പോകാനാവാത്ത അവസ്ഥയിലാണ്.

35 വര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന പാകിസ്താന്‍ സ്വദേശിയായ ശാരദാ ഭായി ഇന്ത്യ വിടേണ്ടി വരുമെന്നുള്ള ഭയത്തിലാണ്. കുടുംബത്തോടൊപ്പം ഒഡീഷയില്‍ താമസിക്കുന്ന ശാരദാ ഭായിയോട് നാടു വിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒഡീഷാ പോലിസ്. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഡീഷ സ്വദേശിയെ വിവാഹം കഴിച്ച് ഇന്ത്യയിലെത്തിയതാണ് ശാരദാ ഭായി, മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും ഒപ്പം സന്തോഷമായി ജീവിച്ചു വരികയൊണ് നാടു വിടാന്‍ നിര്‍ദേശം വന്നത്.

ഗീറിലെ ഒരു ഹിന്ദു കുടുംബത്തിലെ മഹേഷ് കുക്രേജ എന്നയാളെയാണ് ശാരദ ഭായി വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ജനിച്ച മകനും മകളും ഇന്ത്യക്കാരാണ്. വോട്ടര്‍ ഐഡി ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന രേഖകളും ശാരദ ഭായിയുടെ കൈവശം ഉണ്ടായിരുന്നിട്ടും അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം മാത്രം ലഭിച്ചിട്ടില്ല. നാടുകടത്തുമെന്ന് അറിയിച്ചതോടെ തന്റെ കുടുംബത്തില്‍ നിന്ന് തന്നെ വേര്‍പെടുത്തരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ ശാരദ. മൂന്ന് പതിറ്റാണ്ടിലേറെയായി താന്‍ താമസിച്ചിരുന്ന ഇന്ത്യയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് അവര്‍ കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരിന് നല്‍കിയ നിവേദനം എല്ലാവരുടെയും ഹൃദയം ഉലയ്ക്കുന്നുണ്ടെങ്കിലും, നിയമപ്രകാരം നടപടിയെടുക്കുമെന്ന് ബൊലാംഗീര്‍ പൊലീസ് അറിയിച്ചുകഴിഞ്ഞു

'ഞാന്‍ ആദ്യം കോരാപുട്ടിലായിരുന്നു, പിന്നെ ബൊലാംഗീറില്‍ വന്നു. എനിക്ക് പാകിസ്ഥാനില്‍ ആരുമില്ല. എന്റെ പാസ്പോര്‍ട്ട് പോലും വളരെ പഴയതാണ്. ദയവായി എന്നെ ഇവിടെ താമസിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോടും നിങ്ങളെയെല്ലാവരോടും കൂപ്പുകൈകളോടെ അപേക്ഷിക്കുന്നു'- ശാരദ പറയുന്നു. തനിക്ക് രണ്ട് മുതിര്‍ന്ന കുട്ടികളുണ്ട്, പേരക്കുട്ടികളുണ്ട്. എനിക്ക് ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കണം എന്നും അവര്‍ പറഞ്ഞു.

അതേസമയം പാകിസ്താനിലുള്ള ഭര്‍ത്താവിനും കുഞ്ഞു മക്കള്‍ക്കും ഒപ്പം എത്തിച്ചേരാനാവാത്തതിന്റെ വിഷമത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതി. ഉത്തര്‍പ്രദേശ് സ്വദേശിയായ സനയാണ് പാകിസ്താനിലുള്ള ഭര്‍ത്താവിനെയും കുഞ്ഞു മക്കളേയും പിരിഞ്ഞു കഴിയുന്നത്. മക്കള്‍ക്കൊപ്പം പാകിസ്ഥാനിലുള്ള ഭര്‍ത്താവിനരികിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴാണ് മീററ്റ് സ്വദേശിനിയായ സനയെ വാഗാതിര്‍ത്തിയില്‍ വെച്ച് സൈന്യം തടഞ്ഞത്.

യുവതിയുടെ കൈവശം ഇന്ത്യന്‍ പാസ്പോര്‍ട്ടാണുണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാന്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്ന മൂന്നും ഒന്നും വയസുള്ള മക്കളെ അതിര്‍ത്തി കടത്തിയെന്നും യുവതി പറഞ്ഞു. ഇതോടെ സന ഭര്‍ത്താവും മക്കളുമില്ലാതെ ഇന്ത്യയില്‍ ഒറ്റപ്പെട്ടു. മാതാപിതാക്കളെ കാണാന്‍ ഹ്രസ്വകാല വിസയില്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തിയതായിരുന്നു യുവതി. ഹ്രസ്വകാല വിസയുള്ളവരോട് ഞായറാഴ്ചയ്ക്കകം രാജ്യം വിടണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി അതിര്‍ത്തിയിലെത്തിയത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ യുവതിയെ സ്വദേശമായ മീററ്റിലേക്ക് തിരിച്ചയച്ചു.

2020ലാണ് കറാച്ചിയിലെ ഡോക്ടറായ ബിലാലിനെ വിവാഹം ചെയ്യുന്നത്. ചെറിയ കുട്ടികളായതിനാല്‍ അവരെ പിരിയേണ്ടി വരുന്ന ദുഃഖത്തില്‍ കൂടിയാണ് സന എന്ന മുപ്പതുകാരി. 'എന്റെ കുട്ടികള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയില്ല. എനിക്ക് അങ്ങോട്ട് പോകാനും. എന്റെ ഭര്‍ത്താവ് എന്നെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു,'യുവതി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ വരുന്നത് വരെ കാത്തിരിക്കാനാണ് ഉദ്യോഗസ്ഥര്‍ സനയോടും കുടുംബത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹത്തിന് ശേഷം രണ്ടാം തവണയാണ് യുവതി ഇന്ത്യയിലെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് രണ്ടാം തവണ നാട്ടിലെത്തുന്നതെന്നും യുവതി പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാടുകള്‍ കടുപ്പിച്ചത്. പാകിസ്ഥാനിലുള്ള ഇന്ത്യക്കാരോട് ഉടന്‍ രാജ്യത്ത് തിരിച്ചെത്തണമെന്നായിരുന്നു ഇന്ത്യ നിര്‍ദേശിച്ചത്. ഇതിന് പകരമായി പാകിസ്ഥാനും ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യത്ത് തിരിച്ചെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

Tags:    

Similar News