'ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ; കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം'; വിജയദിന വാര്‍ഷികത്തിനിടെ മോദിയെ ഫോണില്‍ വിളിച്ച് പുട്ടിന്‍; പാക്ക് പ്രകോപനങ്ങള്‍ക്കിടെ പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ചനടത്തി പ്രധാനമന്ത്രി
ഇന്ത്യക്ക് പിന്തുണയറിയിച്ച് റഷ്യന്‍ പ്രസിഡന്റ്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ സജീവമായി നിലനില്‍ക്കെ ഇന്ത്യക്ക് പിന്തുണയറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പുട്ടിന്‍ പിന്തുണയറിയിച്ചത്. ആക്രമണം നടത്തിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ 26 പേരുടെ ജീവന്‍ നഷ്ടമായതില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
തന്ത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു. വിജയ ദിനത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തില്‍ പ്രസിഡന്റ് പുട്ടിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
'റഷ്യന്‍ പ്രസിഡന്റ് പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. നിരപരാധികളുടെ ജീവഹാനിയില്‍ അദ്ദേഹം അഗാധമായ അനുശോചനം അറിയിക്കുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹീനമായ ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്സിലൂടെ വ്യക്മതാക്കി.
ഇരു നേതാക്കളും തന്ത്രപരമായ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. വിക്ടറിഡേയുടെ 80-ാം വാര്‍ഷിക ആഘോഷത്തില്‍ പ്രധാനമന്ത്രി പ്രസിഡന്റ് പുതിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് പാക് പ്രതിരോധ മന്ത്രി പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്ക്കോ ചൈനയ്ക്കോ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ച് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം പാക്കിസ്ഥാന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക കൂടിക്കാഴ്ച നടത്തി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാരുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.
26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകോപനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയും രാവിലെയുമായി എട്ടിടങ്ങളിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിനിടെ, ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ചയാവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ പാക്കിസ്ഥാന്‍ സമീപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവികസേനകള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടികാഴ്ചകളിലാണ് പാക്കിസ്ഥാനെതിരായ സൈനിക നടപടികള്‍ക്ക് സേനാവിഭാഗങ്ങള്‍ സജ്ജമാണെന്ന് സേനാ മേധാവികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗികമായ വാര്‍ത്താക്കുറിപ്പുകള്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല.
അതേസമയം, പാകിസ്ഥാന്‍ വീണ്ടും മിസൈല്‍ പരീക്ഷണവുമായി രംഗത്തെത്തി. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, നയതന്ത്ര ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, എഞ്ചിനീയര്‍മാരും പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്ന് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് നീക്കം.