ജമ്മു കശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മൂന്ന് ദിവസം മുന്‍പെ റിപ്പോര്‍ട്ട് കിട്ടി; മോദിയുടെ കശ്മീര്‍ സന്ദര്‍ശനം മാറ്റിവച്ചു; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രം അവഗണിച്ചെന്ന ആരോപണവുമായി ഖര്‍ഗെ

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കേന്ദ്രം അവഗണിച്ചെന്ന ആരോപണവുമായി ഖര്‍ഗെ

Update: 2025-05-06 11:24 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പഹല്‍ഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ് ഖാര്‍ഗെ ആരോപിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്നാണ് മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖാര്‍ഗെ ആരോപിക്കുന്നു.

പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടാകാന്‍ കാരണം ഇന്റലിജന്‍സ് വീഴ്ചയാണ്. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആക്രമണമുണ്ടാകുമെന്ന് അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ എന്തുകൊണ്ട് നടപടികളെടുത്തില്ലെന്നും ഖാര്‍ഗെ ചോദിച്ചു. ആക്രമണമുണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇതുസംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചുവെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ഖാര്‍ഗെ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതുകൊണ്ടാണ് പ്രധാമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയതെന്നും ഖാര്‍ഗെ ആരോപിച്ചു. മാത്രമല്ല, താനിത് പത്രങ്ങളില്‍ വായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22-ന് നടന്ന ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന സര്‍വകക്ഷിയോഗത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ആക്രമണമുണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലുള്‍പ്പെടെ ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം ഉന്നയിച്ചാണ് ഖാര്‍ഗേ പ്രധാമന്ത്രിക്കെതിരെ രംഗത്ത് വന്നത്.

''ഇത്തരത്തില്‍ വിവരം ലഭിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായില്ലെന്നാണ് മനസ്സിലാകുന്നത്. എന്നാല്‍ അവരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ എന്തുകൊണ്ടാണ് ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതിരുന്നത്. കൃത്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല, കൂടുതല്‍ സേനയെ പഹല്‍ഗാമില്‍ നിയോഗിക്കാതിരുന്നതിന്റെയും ഒട്ടേറെപ്പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെയും ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ് '' ഖര്‍ഖെ പറഞ്ഞു. റാഞ്ചിയില്‍ സംവിധാന്‍ ബചാവോ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Similar News