ബങ്കറുകള്‍ അപൂര്‍വ്വമായ ഇന്ത്യയില്‍ യുദ്ധസമാന സാഹചര്യം വന്നാല്‍ ആളുകള്‍ എങ്ങനെ ഷെല്‍റ്ററുകളില്‍ ഒളിക്കും? താല്‍ക്കാലിക ഷെല്‍റ്ററുകളായി എന്തൊക്കെ ഉപയോഗിക്കാം? ഇതിനുമുമ്പൊരു മോക്ക് ഡ്രില്‍ രാജ്യത്ത് ഉണ്ടായത് 54 വര്‍ഷം മുമ്പ്; ബുധനാഴ്ച നടക്കുന്ന സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ എന്താണ്?

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ എന്താണ്?

Update: 2025-05-06 16:35 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം മുറുകി നില്‍ക്കവേ ബുധനാഴ്ച രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് ഡ്രില്ലുകള്‍ നടക്കുകയാണ്. 1971 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് സിവില്‍ ഡിഫന്‍സ് ഡ്രില്‍ നടത്തുന്നത്. 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 259 സ്ഥലങ്ങളിലാണ് ഡ്രില്‍ സംഘടിപ്പിക്കുക. യുദ്ധ സമാന സാഹചര്യത്തെ നേരിടാന്‍ പൗരന്മാരെ സജ്ജമാക്കാനാണ് രാജ്യം തയ്യാറെടുക്കുന്നത്. സംസ്ഥാനങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് മോക്ക് ഡ്രില്ലിനായി നടന്നത്.

എന്താണ് മോക്ക് ഡ്രില്‍?

എയര്‍ റെയ്ഡുകള്‍, കൂട്ട ഒഴിപ്പിക്കലുകള്‍, ബങ്കര്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവയ്ക്കായിരിക്കും ഊന്നല്‍ നല്‍കുക. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിന് പൗരന്മാരെ സജ്ജമാക്കാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും ഡിഫന്‍സ് വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

യുദ്ധങ്ങള്‍ അപൂര്‍വ്വമായ ഇന്ത്യയില്‍ സ്ഥിരം ബങ്കറുകള്‍ പൊതുവെ കുറവാണ്. എന്നാല്‍, സബ് വേകളും ബേസ്‌മെന്റുകളും പൗരന്മാരുടെ താല്‍ക്കാലിക ഷെല്‍ട്ടറുകളായി ഉപയോഗിക്കും.

ഡ്രില്ലുകളുടെ സമയത്ത് പൂര്‍ണതോതിലുള്ള ഒരു അടിയന്തര സാഹചര്യമായിരിക്കും അവതരിപ്പിക്കുക. പൊലീസും, അഗ്നിരക്ഷാസേനയും, എന്‍ഡിആര്‍എഫും ആശുപത്രികളും പൗരന്മാരും തമ്മിലുളള ഏകോപനമാണ് മോക്ക് ഡ്രില്ലില്‍ പ്രധാനം. പങ്കെടുക്കുന്ന എല്ലാ യൂണിറ്റുകള്‍ക്കും ഒരു കോഡ് വാക്കോ ടൈംലൈനോ പിന്തുടരാനായി നല്‍കും.

ഒരു എയര്‍ റെയ്ഡ് സൈറന്‍ മുഴങ്ങുമ്പോള്‍ ഉടന്‍ തന്നെ ഷെല്‍ട്ടറില്‍ അഭയം തേടാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. മിസൈലോ, റോക്കറ്റോ ഡ്രോണോ പോലുളള ആക്രമണങ്ങള്‍ ഉണ്ടായാല്‍ സബ് വേകളോ. ബേസ്‌മെന്റുകളെ അഭയ കേന്ദ്രങ്ങളാക്കാം. അതുവഴി ജീവനാശ സാധ്യത കുറയ്ക്കാം.

തീപിടിത്തമോ, ഭൂകമ്പമോ, ആരോഗ്യ പ്രതിസന്ധികളോ, സുരക്ഷാ ഭീഷണിയോ പോലുള്ള യഥാര്‍ഥ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ആളുകളെ സജ്ജമാക്കുകയാണ് മോക്ക് ഡ്രില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. യഥാര്‍ഥ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് താന്താങ്ങളുടെ റോളുകള്‍ വഹിക്കാനാണ് പരിശീലിപ്പിക്കുകയാണ് ചെയ്യുക. അത് കെട്ടിടത്തില്‍ നിന്ന് ഒഴിയുന്നതാവാം, അതല്ലെങ്കില്‍ പ്രാഥമിക ശുശ്രൂഷ നല്‍കുന്നതാകാം, അല്ലെങ്കില്‍ ലോക് ഡൗണ്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതാവാം.

ജമ്മു-കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചിരുന്നു. ഝലം നദിയില്‍ ഒരാള്‍ മുങ്ങി മരിക്കുന്ന സാഹചര്യം വന്നാല്‍ എങ്ങനെ എത്രയും വേഗം രക്ഷപ്പെടുത്താം എന്നായിരുന്നു ഒരുപരിശീലനം.

ലക്‌നൗവില്‍, എയര്‍ റെയ്ഡ് സൈറണുകള്‍ മുഴക്കിയതോടെ ആളുകള്‍ നിലത്ത് പറ്റി കിടന്ന് ചെവികള്‍ മൂടി. ഓള്‍ ക്ലിയല്‍ അല്ലെങ്കില്‍ രക്ഷാ ഘട്ടമെന്നുസൂചിപ്പിച്ച് കൊണ്ട് രണ്ടാമത്തെ സൈറണ്‍ മുഴക്കിയപ്പോള്‍ ആളുകള്‍ എണീറ്റുനില്‍ക്കുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ സഹായിക്കുകയും ചെയ്തു.


യുദ്ധസമാന സാഹചര്യം വന്നാല്‍, ആളുകള്‍ അധിക ബാറ്ററികള്‍, വാട്ടര്‍ ബോട്ടിലുകള്‍, പെട്ടെന്ന് കേടുവരാത്ത ഭക്ഷ്യവസ്തുക്കള്‍, ഫസ്റ്റ് എയ്ഡ് കിറ്റുകള്‍, പണം എന്നിവ കരുതണമെന്ന് നിര്‍ദ്ദേശിക്കും. മൊബൈല്‍ ഇടപാടുകളും ഡിജിറ്റല്‍ ഇടപാടുകളും മുടങ്ങാന്‍ സാധ്യത ഉള്ളതിനാല്‍ കറന്‍സിയായി പണം കരുതി വയ്ക്കണമെന്നും ഉപദേശിക്കാറുണ്ട്.

ബുധനാഴ്ച കേരളത്തിലും മോക് ഡ്രില്ലിനായി ഒരുങ്ങി

മെട്രോകള്‍, ആണവ നിലയങ്ങള്‍, തുറമുഖങ്ങള്‍ അടക്കം 259 ഇടങ്ങളെ 3 വിഭാഗങ്ങളായി തിരിച്ച് നാളെ മോക്ഡ്രില്‍ നടത്തും. ഇതിനായി ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറിമാരും സിവില്‍ ഡിഫന്‍സ് മേധാവികളും പങ്കെടുത്തു. ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അപായ സൈറണുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തും.

അപായസൈറണുകള്‍ മുഴക്കുന്നതിനൊപ്പം ഒഴിപ്പിക്കലുകളും റിഹേഴ്‌സ് ചെയ്യും. ഇന്ത്യന്‍ വ്യോമസേനയുടെ റേഡിയോ, ഹോട്ട്‌ലൈന്‍ ലിങ്കുകളും കണ്‍ട്രോള്‍ റൂമുകളും ഷാഡോ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. വില്ലേജ് തലം വരെയാണ് മോക്ക് ഡ്രില്ലുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍മാര്‍, വോളണ്ടിയര്‍മാര്‍, ഹോം ഹാര്‍ഡുകള്‍, എന്‍സിസി, എന്‍എസ്എസ്, നെഹ്രു യുവ കേന്ദ്ര സംഘാടന്‍, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരും മോക്ക് ഡ്രില്ലുകളില്‍ പങ്കെടുക്കും.

ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ തുടങ്ങി 10 നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്ത് പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ തീര സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം. ഇതിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ദാദ്ര നഗര്‍ ഹവേലി, മധ്യപ്രദേശ് എന്നീ പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്ക് എയര്‍ റെയ്ഡ് വാണിങ് വരും. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നിര്‍ദ്ദേശങ്ങള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മെയ് 7ന് 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും.

വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.

സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

കമ്മ്യൂണിറ്റി തല ഇടപെടലുകള്‍

1. റസിഡന്റ്‌സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാര്‍ഡ് തലത്തില്‍) മോക്ക് ഡ്രില്‍ വാര്‍ഡന്മാരെ നിയോഗിക്കുക.

2. എല്ലാ പ്രദേശവാസികള്‍ക്കും സിവില്‍ ഡിഫന്‍സ് ബ്ലാക്ക്ഔട്ട് നിര്‍ദ്ദേശങ്ങള്‍ എത്തിക്കുക.

3. ആവശ്യമെങ്കില്‍ ആരാധനാലയങ്ങളിലെ അനൗണ്‌സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അലര്‍ട്ട് ചെയ്യുക.

4. വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക.

5. സ്‌കൂളുകളിലും, ബേസ്‌മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക.

6. കമ്മ്യൂണിറ്റി വോളന്റിയര്‍മാര്‍ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രില്‍ വാര്‍ഡന്മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

ഗാര്‍ഹികതല ഇടപെടലുകള്‍

7. മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.

8. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

9. ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക.

10. 2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.

11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.

12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.

13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ''ഫാമിലി ഡ്രില്‍'' നടത്തുക.

14. സൈറന്‍ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറന്‍ മുന്നറിയിപ്പും, ചെറിയ സൈറന്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.

15. പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.

16. ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.

17. തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

Tags:    

Similar News