രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്; മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനും നീക്കം; നിയമസഭാ സമ്മേളനം അടുക്കവെ രാഹുല്‍ വിഷയത്തില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസും; സംരക്ഷണം തീര്‍ക്കണമെന്ന ആവശ്യം ശക്തം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്

Update: 2025-09-02 01:28 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ കൂടുതല്‍ പരാതിക്കാരില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്താന്‍ നീക്കം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ട്. പരാതി നല്‍കാന്‍ ഇവര്‍ ഇതുവരെയും തയ്യാറായിട്ടില്ല എന്നാണ് വിവരം.

യുവതിയുമായി സംസാരിച്ച നാലു വനിത മാധ്യമപ്രവര്‍ത്തകരുടെയും മൊഴിയും എടുക്കുമെന്നം ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഗര്‍ഭഛിദ്ര പരാതിയില്‍ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ ഉള്‍പ്പെടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാരോപണ കേസില്‍ സ്ത്രീകള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാല്‍ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങും.

സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതില്‍ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ യുഡിഎഫ് യോഗം ഇന്ന് ചേരും. ആഗോള അയ്യപ്പ സംഗമത്തോടുള്ള നിലപാടിനും യോഗം രൂപം നല്‍കും. പതിനഞ്ചാം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ സഭയില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടും യുഡിഎഫ് യോഗത്തിന്റെ പരിഗണനയിലേക്ക് വന്നേക്കും. വൈകിട്ട് ഏഴരയ്ക്ക് ഓണ്‍ലൈനില്‍ ആണ് യോഗം ചേരുക.

ലൈംഗികാരോപണത്തില്‍ കുരുങ്ങി വിവാദ നായകനായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് എളുപ്പം കൈയ്യൊഴിയില്ല. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താല്‍ക്കാലികമായി സസ്പെന്റ് ചെയ്യപ്പെട്ടെങ്കിലും രാഹുലിന് രാഷ്ട്രീയ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ആരോപണം പുകമറ സൃഷ്ടിക്കാനും കോണ്‍ഗ്രസ് മുന്നേറ്റം തടയാനുമാണെന്നാണ് നേതാക്കളുടെ ആരോപണം.

പ്രതിപക്ഷനേതാവ് വി ഡി സതീശനും, കെ പി സി സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫും നേരത്തെതന്നെ രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷം കടുത്ത നടപടിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു. ധാര്‍മ്മികതയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതുപോലെ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി നേതൃത്വം തുടക്കം മുതല്‍ സ്വീകരിച്ച നിലപാട്.

രാഹുലിനെതിരെ സി പി ഐ എമ്മും ബി ജെ പിയും പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് നേതൃത്വം ഒറ്റക്കെട്ടായി നീക്കം നടത്തുന്നത്. ഇതിനിടയില്‍ സി പി ഐ വനിതാ നേതാവ് രാഹുല്‍ വിഷയത്തില്‍ നടത്തിയ പരസ്യ പ്രതികരണവും കോണ്‍ഗ്രസിന് പിടിവള്ളിയായിരിക്കയാണ്. മനപൂര്‍വ്വം ഇരകളെ സൃഷ്ടിക്കുകയാണ് എന്നായിരുന്നു പത്തനംതിട്ടയിലെ ഒരു വനിതാ നേതാവിന്റെ ആരോപണം. രാഹുല്‍ വിഷയത്തില്‍ പുറത്തുവരുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിക്കുന്നതിന് ഇടയിലാണ് ഇതേ ആരോപണവുമായി സി പി ഐ വനിതാ നേതാവ് രംഗത്തെത്തിയത്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി വിലയിരുത്തുന്നത്. ആരോപണങ്ങളും വിവാദങ്ങളും പത്രമാധ്യമങ്ങളില്‍ പ്രചരിച്ചതല്ലാതെ പരാതിയുമായി ആരും എത്തിയിട്ടില്ല. ചില ശബ്ദ സന്ദേശങ്ങള്‍ പ്രചരിച്ചുവെന്നല്ലാതെ തെളിവുതള്‍ നിരത്തി ആരും പൊലീസിനുമുന്നില്‍ പരാതി ഉന്നയിച്ചിട്ടില്ല. ലൈംഗിക ആരോപണത്തില്‍ കെട്ടിച്ചമച്ചതാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നടന്ന ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്കു പിന്നില്‍. അതിനാല്‍ നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. ഇതോടെയാണ് രാഹുലിന് രാഷ്ട്രീയ കവചം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനം കൈക്കൊണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സി പി ഐ എമ്മും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ശക്തമായി ആവശ്യമുന്നയിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജിയാവശ്യത്തില്‍ നിന്നും പിറകോട്ട് പോയിരിക്കയാണ്. സിപിഎം രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നാണ് യു ഡി എഫ് നേതാക്കളും വിശ്വസിക്കുന്നത്.

രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ സംരക്ഷണം ഉറപ്പാക്കുമെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളില്‍ തുടര്‍ന്നും ഇടപെടാന്‍ അവകാശമുണ്ടെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News