സ്റ്റുഡന്റ് വിസയുടെയും വര്‍ക്ക് പെര്‍മിറ്റിന്റെയും കാലാവധി കഴിഞ്ഞാല്‍ അഭയാര്‍ത്ഥിയാവും; സഹികെട്ട് പാക്കിസ്ഥാനികള്‍ക്കും ശ്രീലങ്കക്കാര്‍ക്കും നൈജീരിയക്കാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍: ഈ രാജ്യക്കാര്‍ ഇനി വിസക്ക് അപേക്ഷിച്ചാല്‍ കിട്ടുകയില്ല
ലണ്ടന്‍: യുകെയില്‍ അഭയം തേടാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിസ അപേക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ഹോം ഓഫീസിന്റെ പുതിയ പദ്ധതി പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പാക്കിസ്ഥാന്‍, നൈജീരിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനും യുകെയിലേക്ക് വരുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും. യുകെയിലേക്ക് നിയമപരമായി വര്‍ക്ക് വിസകളിലോ സ്റ്റഡി വിസകളിലോ വന്ന് അഭയത്തിനായി അപേക്ഷിക്കുന്നവര്‍ക്കാണ് പ്രശ്നമുണ്ടാകുക. വിസ അനുവദിച്ചു കിട്ടിയാല്‍ അവര്‍ക്ക് രാജ്യത്ത് സ്ഥിരമായി തുടരാം.
'ബ്രിട്ടന്റെ തകര്‍ന്ന ഇമിഗ്രേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതി ഉടന്‍ തയ്യാറാക്കും' എന്ന് ഒരു ഹോം ഓഫീസ് വക്താവ് പറഞ്ഞു. 2020 മുതല്‍ ആഭ്യന്തര മന്ത്രാലയം എക്സിറ്റ് പരിശോധനകളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഏതൊക്കെ രാജ്യക്കാരാണ് വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നതെന്ന് വ്യക്തമല്ല. നിയമപരമായി യുകെയിലേക്ക് വന്നവരുടെ കണക്കുകള്‍ ഇല്ലാത്തതിനാല്‍ തന്നെ പലരും ഇവിടെ നിന്നും പോയതും രേഖകളിലുണ്ടാകില്ല. അതുകൊണ്ടു തന്നെ, വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അഭയാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ ചെറുതായിരിക്കുമെന്ന് യുകെയിലെ എ ചേഞ്ചിംഗ് യൂറോപ്പിലെ അക്കാദമിക് തിങ്ക് ടാങ്കിലെ സീനിയര്‍ ഫെലോ ആയ പ്രൊഫസര്‍ ജോനാഥന്‍ പോര്‍ട്ടസ് പറഞ്ഞു.
എന്നാല്‍, നിലവില്‍ പുതിയ മാറ്റം കൊണ്ട് ബ്രിട്ടന്‍ ഉദ്ദേശിക്കുന്നത് രാജ്യത്ത് വിസ കാലാവധി കഴിഞ്ഞും തുടരുന്ന ആളുകളെ തിരിച്ചറിയുക എന്നതല്ല, പകരം, അഭയാര്‍ത്ഥി അവകാശങ്ങള്‍ ദുരുപയോഗം ചെയ്ത് രാജ്യത്ത് തുടരുന്നത് കുറയ്ക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,' എന്ന് അദ്ദേഹം ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു.
'ഒരു വിദ്യാര്‍ത്ഥിയായി ഇവിടെ വന്നയാള്‍ പെട്ടെന്ന് അഭയം തേടുന്നുണ്ടെങ്കില്‍... അത് സിസ്റ്റത്തിന്റെ ദുരുപയോഗമാണ് - സര്‍ക്കാര്‍ അത് കുറയ്ക്കാന്‍ ശ്രമിക്കുകയാണ്.' ഹോം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ വര്‍ഷം 108,000-ത്തിലധികം ആളുകള്‍ യുകെയില്‍ അഭയം തേടിയെന്നാണ്. 1979ല്‍ അഭയം തേടുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.
ആകെ 10,542 പാക്കിസ്ഥാന്‍ പൗരന്മാരാണ് അഭയം തേടിയത്. മറ്റേതൊരു രാജ്യത്തെയും അപേക്ഷിച്ച് ഏറ്റവും കൂടുതലാണിത്. ഇതേ കാലയളവില്‍ ഏകദേശം 2,862 ശ്രീലങ്കന്‍ പൗരന്മാരും 2,841 നൈജീരിയന്‍ പൗരന്മാരും ബ്രിട്ടനില്‍ അഭയം തേടി. 2023/24 ലെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് യുകെയില്‍ 732,285 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുണ്ടെന്നാണ്, അവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും (107,480) ചൈനയില്‍ നിന്നും (98,400) വന്നവരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍ യുകെയില്‍ വര്‍ക്ക്, സ്റ്റഡി വിസകളുടെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്.