ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരില്‍; അന്ന് ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം ഇന്ത്യയെ കരയിപ്പിച്ചു; ഈ തിരിച്ചടി പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം; ഞങ്ങള്‍ ആക്രമിക്കുമെന്ന സന്ദേശം നല്‍കിയത് 1.24ന്; 1.44ന് മിസൈല്‍ മിന്നലാക്രമണം; ഇന്ത്യ പാലിച്ചത് പിന്നില്‍ നിന്നും ആക്രമണം പാടില്ലെന്ന യുദ്ധ നീതി

Update: 2025-05-07 03:49 GMT

ന്യൂഡല്‍ഹി: പിന്നില്‍ നിന്ന് ആക്രമിക്കുന്നത് അല്ല യുദ്ധ നീതി. സാധാരണക്കാരായ വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊന്നതിനെ സ്വാതന്ത്ര്യ സമരമായി വിശേഷിപ്പിച്ചവരാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ആ ക്രൂരതയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ പരസ്യമായി പറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മിസൈല്‍ മിന്നലാക്രമണം പാക്കിസ്ഥാന് അപ്രതീക്ഷിതമായിരുന്നില്ല. എന്നിട്ടും കാഴ്ച്ചക്കാരായി നില്‍ക്കാനേ പാക്കിസ്ഥാന് ആയുള്ളൂ.

ഓപ്പറേഷന്‍ സിന്ദൂരിന്റെ ഒന്നാം ഘട്ടമാണ് നടന്നത്. അതായത് ഇനിയും ആക്രമണം ഉണ്ടാകും. എന്നാല്‍ തീവ്രവാദ ആക്രമണങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിമിതമായ ആക്രമണമാണിതെന്ന് ഇന്ത്യ പറയുന്നത് കരുതലോടെയാണ്. യുദ്ധത്തിലേക്ക് പോയിട്ടില്ലെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ പാക്കിസ്ഥാനെയും പാക് ഭീകരരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി ഉണ്ടായത്. എന്നാല്‍, പുലര്‍ച്ചെ 1.24ന് വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുുള്ള ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. അതായത് എല്ലാ അര്‍ത്ഥത്തിലും പാക്കിസ്ഥാനെ എല്ലാം മുന്‍കൂട്ടി അറിയിച്ചുള്ള ആക്രമണം. അല്ലാതെ ആരേയും ഒന്നും അറിയിക്കാതെ രഹസ്യമായിരുന്നില്ല ഭീകര ക്രൂരതയ്ക്കുള്ള മറുപടി.

'ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍' എന്ന കുറിപ്പോടെ ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈല്‍ വാഹിനികളും തീപ്പുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ കരസേന പുലര്‍ച്ചെ 1.28ന് എക്സില്‍ പോസ്റ്റിട്ടിരുന്നു. കരസേന എ.ഡി.ജി.പിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ നിന്നായിരുന്നു ഈ പോസ്റ്റ്. ഇതിനുശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള ഇന്ത്യയുടെ ആക്രമണം. അതിര്‍ത്തി കടക്കാതെ ഇന്ത്യന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ നിന്നും പാക്കിസ്ഥാനിലെ കേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത മറുപടി നല്‍കിയതിനു പിന്നാലെ തെറ്റായ വാര്‍ത്തകളും വിവരങ്ങളും പടച്ചുവിട്ട് പാക് മാധ്യമങ്ങളും സര്‍ക്കാര്‍ അനുബന്ധ കേന്ദ്രങ്ങളും രംഗത്ത് വരികയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് പിറകെ പാക് കേന്ദ്രീകരിച്ചുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ ഒട്ടേറെ അവകാശവാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. അവയില്‍ പലതും അടിസ്ഥാനവിരുദ്ധമാണെന്നാണ് വസ്തുതാ പരിശോധകര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാന്‍ തിരിച്ചടിച്ചുവെന്നുമൊക്കെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അവകാശപ്പെടുന്നു. ശ്രീനഗര്‍ വ്യോമതാവളത്തില്‍ പാക് സേന ആക്രമണം നടത്തിയെന്നും ഇന്ത്യന്‍ സൈനിക താവളം നശിപ്പിച്ചുവെന്നുമെല്ലാം അവകാശവാദങ്ങളുണ്ട്. എന്നാല്‍, വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെറ്റായ വിവരങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കൊണ്ടുവരാനാവുന്നില്ല. പാക് സേനയുടെ മീഡിയ വിങ് ആയ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഉള്‍പ്പെടെ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധമില്ലാത്ത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവെയ്ക്കുന്നുമുണ്ട്. ഇവ പലതും പഴയ സംഭവങ്ങളുടേതോ മുന്‍കാലങ്ങളിലെ മറ്റു സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആണെന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെ പാക്കിസ്ഥാന്‍ അവകാശ വാദങ്ങളും തകര്‍ന്നു വീഴുകയാണ്.

പഹല്‍ഗാമിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാണ്. തിരിച്ചടി വിവരം പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം പങ്കുവെച്ച പോസ്റ്റിലും ചിതറിത്തെറിച്ച സിന്ദൂരത്തിന്റെ ചിത്രമാണുള്ളത്. പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട അവര്‍ക്കുള്ള ആദരം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ സീമന്തരേഖയില്‍ ചാര്‍ത്തുന്ന ചുവന്ന തിലകമാണ് സിന്ദൂരം. ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന്റേയും വിവാഹജീവിതത്തിന്റെ ഐശ്വര്യത്തിന്റേയും പ്രതീകമാണ് അത്. ആറ് ദിവസം മുന്‍പ് മാത്രം വിവാഹിതയായ ഹിമാന്‍ഷി നര്‍വാളിന്റെ ചിത്രം ഇന്ത്യാക്കാര്‍ക്ക് നൊമ്പരമായിരുന്നു. മധുവിധു ആഘോഷിക്കാനായി കശ്മീരിലെത്തി. ഭീകരരുടെ ഇരകളായി. ഭര്‍ത്താവും നേവി ഓഫീസറുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ കണ്ണീരോടെയിരിക്കുന്ന ഹിമാന്‍ഷിയുടെ ചിത്രം വേദനയായി. ആ വേദനയ്ക്കുള്ള പ്രതികാരമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്നത് കശ്മീരിലാണെന്നതും മറ്റൊരു കാര്യം. ഈ നാട്ടിലാണ് ഇന്ത്യന്‍ വനിതകളുടെ സിന്ദൂരം മായ്ക്കുന്ന തരത്തില്‍ ഭീകരര്‍ പഹല്‍ഗാമില്‍ ക്രൂരത കാട്ടിയത്.

Tags:    

Similar News