വാഗ അതിര്‍ത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോര്‍ നഗരത്തില്‍ വാള്‍ട്ടന്‍ എയര്‍ബേസിനോട് ചേര്‍ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറി; അമൃത്സറില്‍ ഡ്രോണ്‍ കണ്ടെത്തി; ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലും ആളില്ലാ വിമാനം; പാക്ക് പഞ്ചാബിനെ വിറപ്പിച്ച് ബലൂചിസ്ഥാന്‍ ആര്‍മ്മിയുടേയും ആക്രമണം; പാക്കിസ്ഥാന്‍ ഭയന്ന് വിറയ്ക്കുന്നു; ഇന്ത്യയും നിരീക്ഷണം ശക്തമാക്കി

Update: 2025-05-08 05:31 GMT

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ കിഴക്കന്‍ നഗരമായ ലഹോറില്‍ സ്‌ഫോടനത്തിന് കാരണം ഡ്രോണ്‍ ആക്രമണമെന്ന് സ്ഥിരീകരണം. പാക്ക് പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോര്‍ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങള്‍ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തില്‍ സ്‌ഫോടനം. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലഹോറില്‍ ഇന്ത്യക്കെതിരെ വന്‍ സൈനിക പടയൊരുക്കം നടക്കുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വാഗ അതിര്‍ത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോര്‍ നഗരത്തില്‍ വാള്‍ട്ടന്‍ എയര്‍ബേസിനോട് ചേര്‍ന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. പിന്നാലെ കറാച്ചി, ലാഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി അടച്ചു. ലാഹോറിന്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. പാകിസ്ഥാന്‍ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചു. ലാഹോറിനു അടുത്തുള്ള കേന്ദ്രങ്ങളിളെല്ലാം പാക് സേന സാന്നിധ്യം കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്നലെ രാത്രി പഞ്ചാബ് അതിര്‍ത്തിയില്‍ പാക് വിമാനങ്ങളെത്തിയെങ്കിലും ഇന്ത്യന്‍ പോര്‍ വിമാനങ്ങളും ഈ ഭാഗത്തേക്ക് വന്നതോടെ തിരികെ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തിയില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.

അതിനിടെ, ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സജീവമായി. 14 പാക്ക് സൈനികരാണ് ബിഎല്‍എയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘര്‍ഷം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ സ്‌പെഷ്യല്‍ ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡ് (എസ്ടിഒഎസ്) ആണ് ബോലാനില്‍ വച്ച് നിയന്ത്രിത ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്. സ്‌ഫോടനത്തില്‍ സൈനിക വാഹനം പൂര്‍ണമായും തകര്‍ന്നു. വീഡിയോയും പ്രചരിക്കുന്നുണ്ട്.

അതിനിടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ രാജ്യാതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിനിടെ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. അസമിലെ അതിര്‍ത്തി പ്രദേശമായ ശ്രീഭൂമിയിലെ ചാര്‍ബസാര്‍ ടൗണിന് സമീപത്തുനിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഡ്രോണ്‍ കണ്ടെത്തിയത്. വയലിനു നടുക്കാണ് ഡ്രോണ്‍ കണ്ടത്. പ്രദേശവാസികള്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനങ്ങളെ സമീപത്തുനിന്ന് മാറ്റുകയും ചെയ്തു. അമൃത്സറിലും ഡ്രോണ്‍ കണ്ടെത്തി. ഇവിടെ കഴിഞ്ഞ ദിവസം രാത്രി സ്‌ഫോടന ശബ്ദം കേട്ടതായും സൂചനയുണ്ട്.

തുടര്‍പരിശോധനകള്‍ക്കായി ഡ്രോണ്‍ ശ്രീഭൂമി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബംഗ്ലാദേശ് അതിര്‍ത്തിക്ക് അപ്പുറത്തുനിന്നായിരിക്കാം ഡ്രോണ്‍ പറത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഔദ്യോഗികവിരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും അതിര്‍ത്തി കടന്നുള്ള നിരീക്ഷണത്തിനോ മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഡ്രോണ്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നുണ്ട്. ശ്രീഭൂമി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണിന്റെ ഘടകങ്ങള്‍, സോഫ്റ്റ്വെയര്‍, ഡാറ്റ എന്നിവ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരെ വിളിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതിനുപിന്നാലെ അതിര്‍ത്തിയില്‍ ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കയുളവാക്കുന്നുണ്ട്. സംഭവങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെങ്കിലും അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്ന സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെ ഗൗരവമായാണ് കാണുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ കൂടുതല്‍ പട്രോളിംഗും നിരീക്ഷണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Similar News