പാക്കിസ്ഥാന്റെ തൊട്ടടുത്ത് ഇന്ത്യക്ക് നിയന്ത്രണമുള്ള ഒരു തുറമുഖമുണ്ട്! ഇറാനിലെ ചബഹാര്‍ പോര്‍ട്ട് വഴി, തജിക്കിസ്ഥാനിലെ വ്യോമതാവളത്തിലേക്ക് എത്താം; തജിക്ക് ഭാരതവുമായി പുര്‍ണ്ണ സഹകരണമുള്ള രാഷ്ട്രം; ഇന്ത്യന്‍ സൗഹൃദ തുരുത്തുകള്‍ ശത്രുക്കളുടെ ഉറക്കം കെടുത്തുമ്പോള്‍!
ഇന്ത്യന്‍ സൗഹൃദ തുരുത്തുകള്‍ ശത്രുക്കളുടെ ഉറക്കം കെടുത്തുമ്പോള്‍!
ഇന്ത്യാ-പാക്ക് സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ എവിടെയും ചര്‍ച്ച, തന്ത്രപ്രധാനമായ സൈനിക താവളങ്ങളെ കുറിച്ചാണ്. അയല്‍രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ ബന്ധങ്ങള്‍ യുദ്ധത്തില്‍ നിര്‍ണ്ണായകമാണ്. ചൈനയെപ്പോലെ അയല്‍ രാജ്യങ്ങളില്‍ വ്യാപകമായി നിക്ഷേപിക്കുന്ന രാജ്യമല്ല ഇന്ത്യ. പക്ഷേ പാക്കിസ്ഥാന് തൊട്ടടുത്തൊരു ഇന്ത്യന്‍ നിയന്ത്രിത തുറമുഖമുണ്ട് എന്ന് പറഞ്ഞാല്‍ അധികമാരും വിശ്വസിക്കില്ല. അതാണ് പാക്കിസ്ഥാന്റെ ഉറക്കം കൊടുത്തുന്ന ഇറാനിലെ ചബഹാര്‍ പോര്‍ട്ട്.
കുറേ വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇറാനിലെ ചബാഹര്‍ തുറമുഖത്തിന്റെ 10 വര്‍ഷത്തെ നടത്തിപ്പ് അവകാശം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ നേടിയത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍. ഒമാന്‍ കടലിടുക്കില്‍ തന്ത്രപരമായ സ്ഥാനത്തുള്ള ഇറാനിലെ ആദ്യ ഡീപ്പ് വാട്ടര്‍ തുറമുഖം എന്തിനാണ് ശതകോടികള്‍ മുടക്കി ഇന്ത്യ ഏറ്റെടുത്തത് എന്ന് ചോദ്യമെറിഞ്ഞവര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ വാണിജ്യ രംഗത്ത് മാത്രമല്ല, പ്രതിരോധ രംഗത്തും ചബഹാറിന് പ്രധാന്യമുണ്ട്.
തന്ത്രപ്രധാനം ഈ ചബഹാര്‍
ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ സമുദ്ര വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ്, ചബാഹര്‍ തുറമുഖം. പ്രധാനമായും രണ്ട് ടെര്‍മിനലുകളാണ് ഇവിടെയുള്ളത്. ഷഹീദ് കലന്താരിയും, ഷഹീദ് ബെഹെഷ്തിയും. ഇതില്‍ രണ്ടാമത്തെ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും ഓപ്പറേറ്റ് ചെയ്യുന്നതിനുമാണ് ഇന്ത്യ വന്‍തോതില്‍ നിക്ഷേപം നടത്തുന്നത്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ഒഴിവാക്കി മധ്യേഷ്യയിലേക്ക് ഇന്ത്യക്ക് നേരിട്ട് കടന്നുചെല്ലാമെന്നതാണ് പ്രധാന പ്രത്യേകത. ഇറാന്റെ റെയില്‍ ശൃംഖലയിലേക്ക് ചബാഹര്‍ തുറമുഖത്തെ ബന്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ നിക്ഷേപമുണ്ട്. ഏതാണ്ട് 500 മില്യന്‍ ഡോളറാണ് (ഏകദേശം 4,200 കോടി രൂപ) ഇന്ത്യ ഇവിടെ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിര്‍ദിഷ്ട ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് ഇടനാഴിയുടെ ഭാഗമാണ് ചബാഹര്‍ തുറമുഖം. ഇന്ത്യന്‍ മഹാസമുദ്രത്തെയും പേര്‍ഷ്യന്‍ കടലിടുക്കിനെയും, ഇറാനിലൂടെ കാസ്പിയന്‍ കടലിലേക്കും, റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് വഴി, യൂറോപ്പിലേക്കും ബന്ധിപ്പിക്കുന്ന പ്രധാന കവാടം. ഇന്ത്യന്‍ സമുദ്രവ്യാപാരത്തിന് യൂറോപ്പിലേക്കുള്ള എളുപ്പവഴി. സൂയസ്‌കനാല്‍ വഴി യൂറോപ്പിലേക്കുള്ള ചരക്കുനീക്കത്തേക്കാള്‍, 15 ദിവസം കുറച്ചുമതിയെന്നാണ് ഈ സാമ്പത്തിക ഇടനാഴിയുടെ പ്രത്യേകത. 2024 ഡിസംബറിലെ കണക്ക് പ്രകാരം 2018ന് ശേഷം ചബാഹര്‍ തുറമുഖത്ത് 450 കപ്പലുകളെത്തി. 1,34,082 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് ) കണ്ടെയ്‌നറുകളും 87 മില്യന്‍ ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്‌തെന്ന് രേഖകള്‍ പറയുന്നു.
2002ലാണ് ഇറാനിലെ ചബാഹറില്‍ ഒരു വാണിജ്യ തുറമുഖം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുവരുന്നത്. തൊട്ടടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ച ഇറാനിയന്‍ പ്രസിഡന്റ് മുഹമ്മദ് ഖാത്തിമി അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുമായി ഒപ്പിട്ട കരാറുകളിലൊന്ന് ചബാഹര്‍ തുറമുഖവുമായി ബന്ധപ്പെട്ടായിരുന്നു. 2016-ല്‍ ഇന്ത്യയും ഇറാനും, അഫ്ഗാനും, തമ്മില്‍ വ്യാപാര ഇടനാഴി സ്ഥാപിക്കാനും അതിന്റെ ട്രാന്‍സിറ്റ് പോയിന്റായി ചബാഹര്‍ തുറമുഖത്തെ മാറ്റാനും കരാറിലെത്തി. തുടര്‍ന്ന് ഷഹീദ് ബെഹഷ്്ത്തി തുറമുഖത്തിന്റെ പണിയും തുടങ്ങി. 2017-ല്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള ഗോതമ്പുമായുള്ള കപ്പലെത്തിയതോടെ തുറമുഖത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 2019-ല്‍ അഫ്ഗാനില്‍നിന്ന് ഇന്ത്യയില്‍ ചരക്ക് എത്തി.
തജക്കില്‍ വ്യോമതാവളം
ഇറാനുമായി ഹ്രസ്വകാല കരാറുകള്‍ ഒപ്പിട്ടായിരുന്നു ഇന്ത്യ ചബാഹര്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്. എന്നാല്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയും രാഷ്ട്രീയ വിഷയങ്ങളും ഇടക്കാല കരാറുകളും കാരണം നിക്ഷേപകരൊന്നും താല്‍പ്പര്യം കാണിച്ചില്ല. തുടര്‍ന്നാണ് ദീര്‍ഘകാല കരാറിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചിന്തിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ 10 വര്‍ഷത്തെ കരാറിലെത്തിയത്. പടിഞ്ഞാറന്‍ ഇറാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാനോട് ചേര്‍ന്നാണ് ചബാഹര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്തായി ചൈന ഗ്വാദര്‍ തുറമുഖം വികസിപ്പിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ നീക്കങ്ങള്‍ വേഗത്തിലാക്കി. ഇതും ഇപ്പോള്‍ മേഖലയിലെ ജിയോപൊല്‍കിസില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.
മാത്രമല്ല മറ്റൊരു ഭീതികൂടി പാക്കിസ്ഥാനുണ്ട്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തജിക്കിസ്ഥാനിലെ ഫര്‍ക്കോര്‍ വ്യോമതാവളത്തിലേക്ക് എളുപ്പത്തില്‍ എത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഇന്ത്യ ഈ തുറമുഖം പണിയുന്നത്. മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയും തജിക്കിസ്ഥാനും തമ്മിലെ സൈനിക സഹകരണം തുടങ്ങിയിട്ട്. 2011ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ഇന്ത്യ തജികിസ്ഥാന്‍ വ്യോമസേനയുടെ സഹകരണത്തോടെ എയര്‍ ബേസ് പണിയുന്നത്. ഒരു സമ്പുര്‍ണ്ണ യുദ്ധം ഉണ്ടായാലാണ് ഇതിന്റെയൊക്കെ വില അറിയുക.