ഇനി ശത്രുക്കളുടെ മുട്ടിടിക്കും! ഭൂഖണ്ഡാന്തര ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് അമേരിക്ക; 22 മിനിറ്റില്‍ 4200 മൈല്‍ അകലെയുള്ള ലക്ഷ്യം ഭേദിച്ചു; ഗോള്‍ഡന്‍ ഡോമിന്റെ ഭാഗമായി ട്രംപിന്റെ പരീക്ഷണം വിജയം; ആശങ്കയോടെ വാര്‍ത്ത കേട്ട് ചൈനയും റഷ്യയും
ഹൈപ്പര്‍സോണിക് മിസൈല്‍ അമേരിക്കന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു
വാഷിങ്ടണ്‍: ശത്രുക്കളുടെ മുട്ടിടിക്കുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ അമേരിക്കന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു.അന്ത്യവിധിദിന പരീക്ഷണം എന്നാണ് വ്യോമസേന പരീക്ഷണത്തെ വിശേഷിപ്പിച്ചത്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സൈനിക താവളത്തില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ മിനിട്ട്മാന്‍ 3 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.
ഇസ്രയേലിന്റെ അയണ്‍ഡോമും, ഇന്ത്യയുടെ സുദര്‍ശന്‍ ചക്രയും പോലെ അമേരിക്ക 175 ബില്യണ്‍ ഡോളര്‍ ചെലവില്‍ ഗോള്‍ഡന്‍ ഡോം പ്രതിരോധ സംവിധാനം ഒരുക്കുന്നതിനിടെയാണ് പുതിയ പരീക്ഷണം. ഈ വര്‍ഷം ജനുവരിയില്‍ രണ്ടാം വട്ടം പ്രസിഡന്റായി വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെ അമേരിക്കക്ക് നേരേ ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ഭീഷണികളെ നേരിടാന്‍ സംവിധാനം ഒരുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ആഗോള ആയുധ മത്സരത്തിന് കളമൊരുക്കുമെന്ന് ആരോപിച്ച് ചൈനയും, റഷ്യയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
21 ാം നൂറ്റാണ്ടിലെ ഭീഷണികളെ നേരിടാനും, അമേരിക്കയും സഖ്യകക്ഷികളും സുരക്ഷിതമായിരിക്കാനുമാണ് പരീക്ഷണമെന്ന് യുഎസ് വ്യോമസേന അറിയിച്ചു. മണിക്കൂറില്‍ 15,000 മൈല്‍ വേഗതയില്‍ 4200 മൈല്‍ ഏകദേശം 22 മിനിറ്റില്‍ പൂര്‍ത്തിയാക്കി ഹൈപ്പര്‍സോണിക് മിസൈല്‍ പസഫിക് സമുദ്രത്തിലെ ലക്ഷ്യത്തില്‍ പതിച്ചു.
തൊടുത്തുവിട്ട് അര മണിക്കൂറിനുളളില്‍ ലോകത്തെവിടെയും പതിക്കാന്‍ പാകത്തിനാണ് ഹൈപ്പര്‍സോണിക് മിസൈലിന്റെ രൂപകല്‍പ്പന. കാലിഫോര്‍ണിയയില്‍ നിന്ന് 6000 മൈല്‍ അകലെയാണ് മോസ്‌കോ. ബീജിങ് 6,3000 മൈല്‍ ദൂരെയും. പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലാണെങ്കിലും ബുധനാഴ്ച അതില്ലാതെയായിരുന്നു പരീക്ഷണം.
അമേരിക്കന്‍ പ്രതിരോധ സേനയുടെ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് എതിരാളികളുടെ കൈവശമുള്ള അത്യാധുനിക ആയുധങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് വിദഗ്ധര്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റ് ഏഴ് ദിവസത്തിനുള്ളില്‍, വ്യോമാക്രമണങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ഒരു സംവിധാനം ഒരുക്കാന്‍ പദ്ധതി സമര്‍പ്പിക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ടിരുന്നു. ഇപ്പോഴും അമേരിക്ക വ്യോമാക്രമണം തടയാന്‍ പൂര്‍ണമായും സജ്ജമല്ല എന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കര, കടല്‍, ബഹിരാകാശം എന്നിവയിലുടനീളം ഏറ്റവും നൂതനമായ പുതിയ തലമുറ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന ഗോള്‍ഡന്‍ ഡോം സംവിധാനമായിരിക്കും വ്യോമ പ്രതിരോധത്തിനായി ഒരുക്കുക എന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.