കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മദ്യപരിശോധനക്ക് അതിരാവിലെ ഉദ്യോഗസ്ഥന്‍ എത്തിയത് 'അടിച്ചു പൂസായി'; പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സംശയം; ബ്രെത്ത് അനലൈസറില്‍ സ്വയം ഊതിക്കാണിക്കണമെന്ന് ജീവനക്കാര്‍; പിന്‍വാതിലിലൂടെ ഇറങ്ങി ഓടി; വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ നടപടി

Update: 2025-05-23 13:31 GMT
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മദ്യപരിശോധനക്ക് അതിരാവിലെ ഉദ്യോഗസ്ഥന്‍ എത്തിയത് അടിച്ചു പൂസായി; പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സംശയം;  ബ്രെത്ത് അനലൈസറില്‍ സ്വയം ഊതിക്കാണിക്കണമെന്ന് ജീവനക്കാര്‍;  പിന്‍വാതിലിലൂടെ ഇറങ്ങി ഓടി; വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ നടപടി
  • whatsapp icon

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി അതിരാവിലെ ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതോടെ കര്‍ശന നടപടി. ആറ്റിങ്ങല്‍ യൂണിറ്റിലെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയത്. സംഭവത്തിന് പിന്നാലെ ആറ്റിങ്ങല്‍ യൂണിറ്റ് മേധാവി എം.എസ്. മനോജിനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് യൂണിറ്റ് ഇന്‍സ്പെക്ടറായ എം.എസ്. മനോജ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്. ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നു എന്ന് പരാതി ലഭിച്ചതിനാലാണ് ഇയാള്‍ പരിശോധനക്കെത്തിയത്.


 



ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയായിരുന്നു ഉദ്ദേശിച്ചത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന തുടങ്ങിയപ്പോള്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. പിന്നീട് ജീവനക്കാര്‍ മനോജിനോട് സ്വയം ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിന് തയാറായില്ല.

സമ്മര്‍ദ്ദം ഉയര്‍ന്നതോടെ ഓഫീസിന്റെ പിന്‍വാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് എം എസ് മനോജ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ശേഷം സി.എം.ഡി ഇയാളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഡ്യൂട്ടി പാസും ഐ.ഡി കാര്‍ഡും തിരിച്ചുവാങ്ങുകയും ചെയ്തു.

Tags:    

Similar News