ട്രാക്കില്‍ തീപ്പൊരി; തൊട്ടുപിന്നാലെ വെളിച്ചമില്ലാതായതോടെ അപകടം മണത്തു; ഒന്നും ആലോചിക്കാതെ വണ്ടി ഉടന്‍ ബ്രെക്കിട്ട് നിര്‍ത്തി: കോഴിക്കട് വന്‍ തീവണ്ടി ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം: സഹായ ഹസ്തവുമായി ഓടി എത്തി നാട്ടുകാരും

കോഴിക്കട് വന്‍ തീവണ്ടി ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം

Update: 2025-05-27 01:24 GMT

കോഴിക്കോട്: കോഴിക്കോട് ഇന്നലെ വൈകിട്ട് ഉണ്ടാകുമായിരുന്ന വന്‍ തീവണ്ടി ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം മൂലം. കനത്ത മഴയില്‍ അതീവ ജാഗ്രതയോടെയായിരുന്നു തിരുനെല്‍വേലിയില്‍നിന്ന് ജാംനഗറിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ യാത്ര. പെട്ടെന്നാണ് മുന്നിലെ ട്രാക്കിലെ തീപ്പൊരി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ വെളിച്ചമില്ലാതായതോടെ ട്രാക്ക് കാണാന്‍പറ്റാത്ത അവസ്ഥയുമായി. എന്നാല്‍ വേഗം കുറച്ച് ട്രെയിന്‍ മുന്നോട്ട് എടുത്തു. പെട്ടെന്നാണ് കണ്‍മുന്നില്‍ ട്രാക്കിലേക്ക് എന്തോ തള്ളിനില്‍ക്കുന്നപോലെ കണ്ടത്. ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ ട്രെയിന്‍ ബ്രേക്കിട്ടു നിര്‍ത്തി. അപ്രതീക്ഷിതമായി ട്രെയിന്‍ ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ യാത്രക്കാരടക്കം അമ്പരന്നെങ്കിലും വന്‍ അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.

്മാത്തോട്ടം-അരീക്കാട് ഭാഗത്തുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതലൈനില്‍ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കിയത്. ട്രെയിന്‍ ഉടന്‍ ബ്രെക്ക് ഇട്ട് നിര്‍ത്തിയതാണ് അപകടം ഒഴിയാന്‍ കാരണമായത്. കണ്‍മുന്നിലുണ്ടായ ഭീതിതമായ അവസ്ഥയെ കുറിച്ച് വിവരിക്കുമ്പോള്‍ ലോക്കോ പൈലറ്റ് എം.കെ. പ്രതീഷിന്റെ സംസാരത്തില്‍നിന്ന് ഭീതിയൊഴിയുന്നില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് താരതമ്യേന വേഗത്തില്‍ വരുന്നതിനിടെ ഫറോക്ക് കഴിഞ്ഞ് അല്‍പ്പം കൂടി മുന്നോട്ട് നീങ്ങിയപ്പോഴാണ് സംഭവം.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കനത്ത മഴയിലും കാറ്റിലും ട്രാക്കിലേക്ക് മൂന്ന് മരങ്ങള്‍ക്കൊപ്പം അലൂമിനിയം ഷീറ്റും വീണത്. അലൂമിനിയം ഷീറ്റ് ട്രാക്കിന് മുകളിലെ വൈദ്യുതലൈനില്‍ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കിയത്. വലിയശബ്ദമാണുണ്ടായത്. ഈ തീപ്പൊരിയാണ് ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ആകര്‍ഷിച്ചതും വലിയ ദുരന്തത്തില്‍ നിന്ന് തന്നെ യാത്രക്കാരെ രക്ഷിച്ചതും.

സംഭവം കണ്ട് സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ഞെട്ടിത്തരിച്ചാണ് ട്രെയിനിനടുത്തേക്ക് എത്തിയത്. ട്രെയിന്‍ വേഗം കുറച്ചതിനാലാണ് പെട്ടെന്ന് ബ്രേക്കിടാനായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രാക്കിലേക്ക് മരവും ഷീറ്റും വീണതിനാല്‍ വലിയ തീപ്പൊരി ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. ലൈന്‍ പൊട്ടിയതോടുകൂടിയാണ് വൈദ്യുതിബന്ധം നഷ്ടപ്പെട്ടത്. അതോടെ ട്രാക്കിലും തീവണ്ടിക്കുള്ളിലും പൂര്‍ണമായും ഇരുട്ടാകുകയായിരുന്നു.

അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വൈകീട്ട് 6.55-നാണ് ചുഴലിക്കാറ്റുപോലെ അതിശക്തമായ കാറ്റ് വീശിയടിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീടിന്റെ മേല്‍ക്കൂരയിലെ കൂറ്റന്‍ അലൂമിനിയം ഷീറ്റ് വൈദ്യുതലൈനിലേക്കുവീണ് തീപ്പൊരിയുയര്‍ന്നു. സമീപത്തെ മൂന്നുമരങ്ങളും ട്രാക്കിലേക്കുവീണു. നാട്ടുകാര്‍ സിഗ്‌നല്‍കാണിച്ച് വണ്ടിനിര്‍ത്തിയതും വൈദ്യുതിവിച്ഛേദിക്കപ്പെട്ടപ്പോള്‍ ട്രെയിനിന്റെ വേഗം കുറഞ്ഞതുംമൂലമാണ് വന്‍ദുരന്തം ഒഴിവായത്.

അപകടമുണ്ടായസ്ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് നിര്‍ത്താനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇരുപാളങ്ങളിലും തടസ്സമുണ്ടായതിനാല്‍ മൂന്നുമണിക്കൂറിലേറെ തീവണ്ടികള്‍ വൈകി. ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടുനിന്ന് സ്റ്റേഷന്‍ മാനേജര്‍ സി.കെ. ഹരീഷിന്റെ നേതൃത്വത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരും വൈദ്യുതലൈന്‍ അറ്റകുറ്റപ്പണിനടത്തുന്നതിനുള്ള ഒഎച്ച്ഇ ഇന്‍സ്‌പെക്ഷന്‍കാരും സ്ഥലത്തെത്തി.

രണ്ടാംട്രാക്കിലേക്കുവീണ മരക്കൊമ്പുകള്‍ മുറിച്ചുനീക്കി. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് രാത്രി 10 മണിയോടെ മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് കടത്തിവിട്ടു. മേല്‍ക്കൂരവീണ ട്രാക്കിലെ തടസ്സം ചൊവ്വാഴ്ചമാത്രമേ നീക്കാനാവൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News