ഓപറേഷന് സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനായി എടുത്തത് അതിസാഹസികത; കൊടുങ്കാറ്റ് വില്ലനായപ്പോള്‍ പ്രതിസന്ധിയായി; മലയാളികളുടെ പ്രാര്‍ത്ഥനയും ഇടപെടലുകളും ഫലിച്ചു; സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന് സുരക്ഷിതന്‍; ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ക് ഹസന് കാന്‍ ബേസ് ക്യാമ്പില്‍
ന്യൂഡല്‍ഹി: മലയാളികളുടെ പ്രാര്‍ത്ഥന ഫലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ശശി തരൂരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമെല്ലാം നടത്തിയ ഇടപെടല്‍ ഫലം കണ്ടു. വടക്കേ അമേരിക്കയിലെ ദെനാലി പര്‍വതത്തില്‍ കഴിഞ്ഞദിവസം കുടുങ്ങിയ മലയാളി പര്വതാരോഹകന് ഷെയ്ക് ഹസന് ഖാന് മലയിറങ്ങി. ഷെയ്ക് ഹസന് ഖാനെയും ഒപ്പമുള്ള തമിഴ്നാട് സ്വദേശിയെയും പ്രത്യേക ദൗത്യ സംഘം ബേസ് ക്യാമ്പിലെത്തിച്ചെന്ന് അലാസ്ക ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
പന്തളം പുഴിയ്ക്കാട് കൂട്ടം വെട്ടിയില്‍ ഷെയ്ഖ് ഹസന് ഖാനാണ് കൊടുങ്കാറ്റു മൂലം കഴിഞ്ഞദിവസം നോര്‍ത്ത് അമേരിക്കയിലെ പര്‍വതത്തില്‍ കുടുങ്ങിയത്. സമുദ്ര നിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തിലുള്ള ക്യാമ്പില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ശക്തമായ കാറ്റ് വീശുകയാണെന്നും കൈവശമുള്ള വെള്ളവും ഭക്ഷണവും തീരാറായെന്നും ഷെയ്ഖ് ഹസന് ഖാന് കഴിഞ്ഞദിവസം സന്ദേശത്തില്‍ പറഞ്ഞിരുന്നു. ദനാലി ബേസ് ക്യാമ്പിലേക്ക് പ്രത്യേക ദൗത്യ സംഘം ഇയാളെയും സുഹൃത്തിനെയും എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അമേരിക്കയില്‍ നിന്നും വീട്ടില്‍ വിളിച്ച് മാതാവ് കെ. ഷാഹിതയോട് ഇദ്ദേഹം സംസാരിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപില്‍ രക്ഷാദൗത്യം ദുഷ്കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാര്‍ത്തകളില്‍ ഇടം പിടിച്ച ഷെയ്ക് ഹസന് ഖാന് ധനകാര്യ വകുപ്പില്‍ സെക്ഷന്‍ ഓഫിസറാണ്.
മകന് സുരക്ഷിതനാണ് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അമ്മ ഷാഹിദ പ്രതികരിച്ചു. ഓപറേഷന് സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന് ഖാന് കൊടുങ്കാറ്റില്‍പ്പെട്ടത്. എവറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷേക്ക് ഹസന്. മലയാളി പര്‍വതാരോഹകനെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൂടാതെ ഇദ്ദേഹത്തെ സുരക്ഷിതമായി ക്യാമ്പിലെത്തിക്കുന്നതിന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.
ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും രണ്ടുപേരും സുരക്ഷിതരാണെന്നും ദെനാലി നാഷണല്‍ പാര്‍ക്കിലെ സൗത്ത് ഡിസ്ട്രിക്ട് റേഞ്ചറായ ടക്കര്‍ ചെനോവെത്ത് പര്‍വതാരോഹരുമായി സംസാരിച്ചിട്ടുണ്ടെന്നും ദെനാലിയിലെ ഡിസ്പാച്ചര്‍ കോഡ് ജിഎല്‍ 193 സ്ഥിരീകരിച്ചിട്ടുണ്ട്. അവര്‍ തനിയെ തന്നെ തിരിച്ചിറങ്ങുന്നുണ്ടെന്നും റേഞ്ചര്‍മാര്‍ അവരുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
അപ്രതീക്ഷിതമായ കൊടുങ്കാറ്റില്‍ ദെനാലി മലനിരയില്‍ കുടുങ്ങിയെന്നും അതിജീവിക്കാന്‍ ഭക്ഷണവും വെള്ളവും കുറവാണെന്നുമുള്ള സന്ദേശമാണ് സാറ്റലൈറ്റ് ഫോണിന്റെ സഹായത്തോടെ ഹസന് ഖാന് സുഹൃത്തുക്കളെ അറിയിച്ചത്. സന്ദേശം ലഭിച്ച് വൈകാതെ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 17,000 അടി ഉയരത്തിലുള്ള ദെനാലി പര്‍വതത്തില്‍ മുമ്പ് കയറിയിട്ടുള്ള പന്തളം സ്വദേശിയായ ഷെയ്ഖ് ഹസന് ചെന്നൈയിലെ സുഹൃത്തിനൊപ്പം സഹായിയായാണ് ഇത്തവണ പുറപ്പെട്ടത്. ജൂണ്‍ നാലിന് വീട്ടില്‍നിന്നു യാത്രതിരിച്ച് അഞ്ചിന് ചെന്നൈയിലെത്തിയശേഷം ദുബായ് വഴി അമേരിക്കയിലേക്ക് പോകുകയായിരുന്നു.
10-ന് അമേരിക്കയില്‍നിന്ന് വീഡിയോ കോളിലൂടെ മാതാപിതാക്കളായ പന്തളം പൂഴിക്കാട് കുട്ടംവെട്ടിയില്‍ ദാറുല്‍സലാമില്‍ അലി അഹമ്മദ് ഖാനും ഷാഹിദയും സംസാരിച്ചിരുന്നു. പര്‍വതാരോഹണം തുടങ്ങുകയാണെന്നറിയിച്ചിരുന്നു. മുന്‍പുള്ള യാത്രകളില്‍ ഇടവേളകളില്‍ സാറ്റലൈറ്റ് ഫോണിലൂടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നതായിരുന്നു രീതി. ഇത്തവണ അമേരിക്കയില്‍നിന്നു വിളിച്ചശേഷം പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് മാതാവ് പറഞ്ഞിരുന്നു. ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയര്‍ന്ന പര്‍വതങ്ങള്‍ കീഴടക്കിയ ഇന്ത്യക്കാരനെന്ന നേട്ടത്തിനുടമയുമാണ് ഷെയ്ഖ് ഹസന് ഖാന്. 2022-ല്‍ എവറസ്റ്റ് കീഴടക്കുന്ന സമയത്ത് ഓക്സിജന്‍ തീര്‍ന്ന അവസ്ഥയും ഗര്‍ത്തങ്ങള്‍ നിറഞ്ഞ മൗണ്ട് ദെനാലി കയറുമ്പോഴുണ്ടായ അപകടകരമായ അവസ്ഥയും തരണംചെയ്ത ആളാണ് ഹസന്‍ഖാന്‍.