ജീവിക്കുവാനും ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഇടം ലണ്ടനോ? ലണ്ടനിലെ ജനസംഖ്യ 10 മില്യനാകും; പ്രധാന കാരണം കുടിയേറ്റം

Update: 2025-06-27 04:55 GMT

ലണ്ടന്‍: വരുന്ന പതിറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും ലണ്ടനിലെ ജനസംഖ്യ 10 മില്യനില്‍ അധികമാകുമെന്ന് റിപ്പോര്‍ട്ട്. 2032 ല്‍ ഇത് 9.5 മില്യനില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യയിലുണ്ടാകുന്ന ഈ വര്‍ദ്ധനവിന് പ്രധാന കാരണം വിദേശത്തു നിന്നുള്ള കുടിയേറ്റമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ടവര്‍ ഹാംലോറ്റിലെ ഈസ്റ്റ് എന്‍ഡ് ബറോയില്‍ 20.4 ശതമാനം വര്‍ദ്ധനവാണ് ഇക്കാലയളവില്‍ ജനസംഖ്യയില്‍ പ്രതീക്ഷിക്കുന്നത്. അതില്‍ 87,000 ല്‍ അധികം പേര്‍ വിദേശികളായിരിക്കുമെന്നും അതില്‍ പറയുന്നു.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ ഡാറ്റ പറയുന്നത് 2022 - 2032 കാലഘട്ടത്തില്‍ ലണ്ടനിലെ ജനസംഖ്യ 6.71 ശതമാനം വര്‍ദ്ധിക്കും എന്നാണ്. നിലവില്‍ ലണ്ടനിലെ ജനസംഖ്യ 88,69,000 ആണ്., ഈ കണക്കനുസരിച്ച് 5,95,000 ന്റെ വര്‍ദ്ധനയാകും ഇക്കാലയളവില്‍ ജനസംഖ്യയിലുണ്ടാവുക അതായത്, 2032 ആകുമ്പോഴേക്കും ലണ്ടനിലെ ജനസംഖ്യ 94,64,000 ആയി ഉയരും. ജനന മരണ നിരക്കുകളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റങ്ങളും, കുടിയേറ്റവുമാണ് ഈ വര്‍ദ്ധനവിന് കാരണമായി പറയുന്നത്.

യു കെയിലെക്ക് വരുന്നതും ഇവിടെ നിന്ന് പോകുന്നവരുമായ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട കണക്കുകള്‍ പറയുന്നത്, അടുത്ത പതിറ്റാണ്ടില്‍ ലണ്ടനിലും പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലും മാത്രമായിരിക്കും കുടിയേറ്റക്കാര്‍ മൂലമുള്ള ജനസംഖ്യാ വര്‍ദ്ധനവ് അനുഭവപ്പെടുന്നത് എന്നാണ്. ജീവിക്കുവാനും, ജോലി ചെയ്യുവാനും ഏറ്റവും അനുയോജ്യമായ ഇടം ലണ്ടനാണെന്നാണ് ഇത് കാണിക്കുന്നതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സിലെ പ്രൊഫസര്‍ ടോണി ട്രാവേഴ്സ് പറയുന്നു.

എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍, ലണ്ടനെ ജീവിക്കാന്‍ കഴിയുന്ന ഒരു നഗരമാക്കി നിലനിര്‍ത്താന്‍ ധാരാളം പണം നിക്ഷേപിക്കേണ്ടതായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

Tags:    

Similar News