ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി പൊലീസ്; 'അറിഞ്ഞിട്ട് പറയാം' എന്ന വാക്കുകേള്‍ക്കാതെ വെട്ടുകിളിയെ പോലെ 24 ന്യൂസ് ചാനല്‍ മൈക്ക്; ഒടുവില്‍ പൊലീസുകാരന്റെ തലയില്‍ ഒരെണ്ണം കൊടുത്ത് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തി മൈക്ക്; വേദന കടിച്ചമര്‍ത്തി എന്താ മോനേ എന്ന് സൗമ്യത വിടാതെ താരം; എന്തൊരു ക്ഷമയെന്നും ചാനലുകളുടെ ആക്രാന്തം മോശമെന്നും സോഷ്യല്‍ മീഡിയ
മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തി ചാനല്‍ മൈക്ക്
തിരുവനന്തപുരം: ചോദ്യം ചോദിക്കാം, ഉത്തരം കിട്ടണമെന്ന് വാശി പിടിക്കരുത്. പാപ്പരാസി സ്വഭാവം വല്ലാതെ പിടികൂടിയതോടെ മാധ്യമങ്ങള്‍ സെലിബ്രിറ്റികള്‍ക്ക് പിന്നാലെ കൂടി അവരെ ശല്യപ്പെടുത്തുന്ന രീതി ഏറി വരികയാണ്. സിനിമാ താരങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എവിടെ പോയാലും ആളുകൂടുന്ന സൂപ്പര്‍ താരം ആയാലോ! നടന്‍ മോഹന്‍ലാല്‍ ഒരുപരിപാടിക്ക് വന്ന ശേഷം മടങ്ങുന്നതിനിടെ വെട്ടുകിളികളെ പോലെ താരത്തെ കടന്നാക്രമിക്കുകയാണ് മൈക്കുകളുമായി വിവിധതരം മാധ്യമങ്ങള്‍. സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ജിഎസ്ടി ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥി മോഹന്‍ലാലായിരുന്നു. ചടങ്ങിന് ശേഷം അദ്ദേഹം മടങ്ങുമ്പോഴാണ് സംഭവം.
ചോദിച്ച ചോദ്യത്തിന് തനിക്കൊന്നും പറയാനില്ല താന്‍ അറിഞ്ഞില്ല, അറിഞ്ഞിട്ട് പറയാം എന്ന് അദ്ദേഹം പറഞ്ഞിട്ടും വിടാതെ പിന്തുടരുകയാണ്. ഒടുവില്‍ 24 ന്യൂസ് ചാനലിന്റെ മൈക്ക് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തുകയും ചെയ്തു. നന്നായി വേദനിച്ചതോടെ അദ്ദേഹം കണ്ണുതിരുമ്മി കൊണ്ട് ചോദിച്ച ചോദ്യവും പ്രതികരണരീതിയും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാണ്. എന്താ... മോനെ കണ്ണിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചോദിച്ച് കാറില്‍ കയറുകയാണ് ചെയ്തത്. വാഹനത്തിന്റെ ഡോര്‍ അടയ്ക്കും മുമ്പ് മോനെ നിന്നെ ഞാന്‍ നോക്കിവെച്ചിട്ടുണ്ടെന്ന് മൈക്ക് കൊണ്ട് കണ്ണില്‍ കുത്തിയ മാധ്യമപ്രവര്‍ത്തകനെ നോക്കി തമാശമട്ടില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ലാലേട്ടനായത് കൊണ്ട് സൗമ്യമായി പെരുമാറി, മറ്റു വല്ല താരങ്ങളുമായിരുന്നെങ്കില്‍ കാണാമായിരുന്നു എന്ന മട്ടിലുള്ള പോസ്റ്റുകളും കമന്റുകളും വരുന്നുണ്ട്. മോഹന്‍ലാലിന്റെ ക്ഷമയെ ആണ് പലരും വാഴ്ത്തുന്നത്.
ചില പോസ്റ്റുകള്‍ വായിക്കാം:
അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എം ആര്‍ അഭിലാഷ് എഴുതിയത് ഇങ്ങനെ:
ഇത് മാധ്യമ അതിക്രമമാണ് ;മാര്‍ഗ്ഗതടസം സൃഷ്ടിക്കുകയാണ്
നിങ്ങള്‍ക്ക് ചോദ്യം ചോദിക്കുവാനുള്ള അവകാശം ഒരാളുടെ വ്യക്തി ഇടത്തിലേക്കുള്ള (personal space) കടന്നുകയറ്റമാകരുത്.
പല സിനിമാപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കന്മാരും മന്ത്രിമാരും, കലാകാരന്മാരായ മന്ത്രിമാരും ഇതിനു ഇരയായിട്ടുണ്ട് .
ഒരു സ്ഥാപനത്തിനെയും കുറ്റപ്പെടുത്തുകയല്ല. ഈ പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കുക.
ബഹുമാനവും വിശ്വാസ്യതയും ഭീഷണിപ്പെടുത്തി വാങ്ങേണ്ടതല്ല. അത് ക്രമേണെ ആര്ജിച്ചെടുക്കേണ്ടതാണ്.
അവിടെയാണ് ശ്രി മോഹന്‍ലാലും അദ്ദേഹത്തിന് തടസം സൃഷ്ടിച്ചവരും തമ്മിലുള്ള വ്യത്യാസം.
എഴുത്തുകാരനും ഡോക്ടറുമായ മനോജ് വെള്ളനാടിന്റെ കുറിപ്പ്
മോഹന്‍ലാലിന്റെ കണ്ണില്‍ മാധ്യമ പ്രവര്‍ത്തകന്റെ മൈക്ക് കൊള്ളുന്ന വീഡിയോ കണ്ടു. എന്തൊരു വൃത്തികേടാണ് അയാള്‍ കാണിച്ചത്. എത്രയോ പ്രാവശ്യം തനിക്കറിയില്ല എന്നദ്ദേഹം പറയുന്നുണ്ട്. എന്നിട്ടും ഒരു മിനിമം മര്യാദ അയാള്‍ (അല്ല അവര്‍) കാണിക്കുന്നില്ല എന്നതാണ് സത്യം.
അതേ സമയം മോഹന്‍ലാല്‍ മര്യാദയുടെയും ക്ഷമയുടെയും നെല്ലിപ്പലകയില്‍ നിന്നാണ് അപ്പോള്‍ പ്രതികരിച്ചത്. എന്താ മോനേ കാണിച്ചത് എന്ന് ചോദിച്ച് ഒരു പരാതി പോലും പറയാതെ കണ്ണും തടവിക്കൊണ്ട് കാറില്‍ കയറി പോവുകയാണ് ചെയ്തത്. മോഹന്‍ലാലിന്റെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും ശക്തമായി പ്രതികരിച്ചേനെ. അങ്ങനെ പ്രതികരിക്കേണ്ടത് ആവശ്യവും ആയിരുന്നു. ലാലിന് പകരം തൃശ്ശിവപ്പേരൂര്‍ രാജ്യത്തെ രാജ്യാധിപന്‍ എങ്ങാനും ആയിരുന്നെങ്കില്‍ എന്നാലോചിച്ചിട്ട് എനിക്ക് തന്നെ പേടിയാവുന്നു. പാവം മോഹന്‍ലാല്‍. കണ്ണിന് കാര്യമായ പരിക്കൊന്നും ഉണ്ടാവാതിരിക്കട്ടെ.
മറ്റുചില പ്രതികരണങ്ങള്‍ കൂടി
അങ്ങേര് ഒരു സെലിബ്രിറ്റി ആണ് മാധ്യമങ്ങള്‍ക്ക് ചോദിക്കാന്‍ പലതും കാണും എന്ന് കരുതി ചോദിച്ച വിഷയം ഞാന്‍ അറിഞ്ഞില്ല അന്വേഷിച്ചു പറയാം എന്ന് പറഞ്ഞിട്ടും പോലീസിന്റെ വലയത്തിന് മുകളിലൂടെ ചാടി അങ്ങേരുടെ കണ്ണില്‍ മൈക്ക് കൊണ്ട് കുത്തിയത് എന്തൊരു മര്യാദകേടാണ്..
ലാലേട്ടന്‍ ആയോണ്ട് തിരിഞ്ഞ് നിന്ന് ഒരു മോശം വാക്ക് പോലും പറയാതെ എന്താ മോനേ ഈ ചെയ്തത് എന്ന് ചോദിച്ചിട്ട് പോയി...
കണ്ണിലാണ് കുത്ത് കൊണ്ടത് അങ്ങേര്‍ക്ക് നല്ലോണം വേദനിച്ചിട്ടുണ്ട് എന്ന് ആ റിയാക്ഷനില്‍ അറിയാം കണ്ണിന് പരിക്ക് പറ്റിക്കാണാനും സാധ്യതയുണ്ട്...
ആ പാവം മനുഷ്യന്‍ ആയോണ്ടല്ലേ ഇവനൊക്കെ ഈ തെണ്ടിത്തരം കാണിച്ചത് ഇതേ സമയം തിരിഞ്ഞു നിന്ന് ചെവിക്കല്ല് തീര്‍ത്തോരെണ്ണം കൊടുക്കുന്ന ആരേലും ആയിരുന്നേല്‍ ഇവനൊക്കെ പൊങ്ങിചാടി കുത്തുമോ
ഇന്ന് മൈക്ക് കൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ലാലിന്റെ മുഖത്ത് കുത്തിയ പ്രവര്‍ത്തി അങ്ങേയറ്റം മോശമായ കാര്യമാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ..!
പക്ഷേ, ഈ ഒരു സംഭവത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ച രീതി കണ്ടപ്പോള്‍ അദ്ദേഹത്തോട് വളരെയധികം റെസ്പെക്ട് തോന്നി.'' എന്താണ് മോനെ ഇതൊക്കെ കണ്ണിലേക്ക്'' എന്നൊരു ചോദ്യം മാത്രം വളരെ കൂള്‍ ആയി ചോദിച്ചു മുഖവും തടവി അദ്ദേഹം കാറില്‍ കയറി പോയി. തമാശ രൂപേണ 'അവനെ ഞാന്‍ നോക്കി വെച്ചിട്ടുണ്ട്'' എന്നൊരു കമന്റും..
ഇങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ ക്ഷമ കൈവിടാതെ നില്‍ക്കുന്ന പുള്ളിയുടെ സ്വഭാവവും, തന്നെ ഏറ്റവും വെറുപ്പിച്ചിട്ടും മാന്യത കൈവിടാതെ പെരുമാറുന്ന ശീലവും കണ്ടു പഠിക്കേണ്ടതാണ്. പഠിക്കാന്‍ എളുപ്പം കഴിയുന്ന സ്വഭാവമല്ല എന്നറിയാം...!മറ്റേതെങ്കിലും മനുഷ്യനായിരുന്നു അവിടെയെങ്കില്‍ മറ്റു പലതും അവിടെ സംഭവിച്ചേനെ എന്നുറപ്പ്....
Respect ലാലേട്ടാ...??
ലാലേട്ടന്‍ ഇങ്ങനെ നടന്ന് വരുമ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ പൊതിയുന്നൂ എന്നാല്‍ സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന മട്ടില്‍ കാറിലേക്ക് കയറുന്ന സമയം മൈക്കുമായി ആവേശകുമാരനായി മുന്നിലേക്ക് ആഞ്ഞ് ചെന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് ലാലേട്ടന്റെ കണ്ണില്‍ കൊള്ളുന്നൂ. ലാലേട്ടന്റെ സ്ഥാനത്ത് വേറെ ഏതൊരു മനുഷ്യനാണെങ്കിലും പൊട്ടിത്തെറിക്കേണ്ടതാണ്. പക്ഷേ അദ്ദേഹം ആ അതീവ വേദന സഹിച്ച് കണ്ണ് തടവി - 'എന്താ മോനേ.. ' എന്നും ചോദിച്ച് കാറിനകത്തേക്ക് കയറി. പരിക്കൊന്നും ഇല്ലാതിരിക്കട്ടെ..!
ബൈറ്റ് തരാന്‍ താരത്തിന് താല്‍പര്യം ഇല്ലെങ്കില്‍ മൈക്കുമായി ചെന്ന് ഇങ്ങനെ ചെല്ലുന്നത് വളരെ മോശമാണ്.
ദ്രോഹമാണ്. ഒരു മര്യാദയൊക്കെ വേണ്ടേ.