ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ അവിടെ മൂന്ന് ശത്രുക്കളുണ്ടായിരുന്നു; പാക്കിസ്ഥാനും ചൈനയും തുര്‍ക്കിയും; പാക്കിസ്ഥാന് എല്ലാ സാധ്യമായ സഹായവും ചൈന നല്‍കി; ഇന്ത്യ തകര്‍ത്തത് ആ ത്രികക്ഷി നീക്കത്തെ; വസ്തുത പറഞ്ഞ് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് ചൈന നല്‍കിയിരുന്നെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (കേപ്പബിലിറ്റി ഡെവലപ്മെന്റ് ആന്‍ഡ് സസ്റ്റെനന്‍സ്) ലെഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ്. ഡല്‍ഹിയില്‍ എഫ്ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്നോളജീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനൊപ്പം ചൈനയും തുര്‍ക്കിയും ഇന്ത്യയ്‌ക്കെതിരെ നീങ്ങിയെന്നാണ് ഉയരുന്ന വാദം.
മേയ് ഏഴാം തീയതി മുതല്‍ പത്താം തീയതി വരെയായിരുന്നു ഇന്ത്യ-പാക് സംഘര്‍ഷം നടന്നത്. ചൈന, തങ്ങളുടെ ആയുധങ്ങള്‍ മറ്റ് ആയുധങ്ങള്‍ക്കെതിരേ പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായി പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങള്‍ തത്സമയം ചൈന, പാക്കിസ്ഥാന് കൈമാറിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഒരിടത്ത് (പടിഞ്ഞാറുഭാഗത്ത്) സംഘര്‍ഷം രൂപംകൊണ്ടപ്പോള്‍ അവിടെ മൂന്ന് എതിരാളികള്‍ (പാക്കിസ്ഥാന്‍, ചൈന, തുര്‍ക്കി) ഉണ്ടായിരുന്നു. ചൈനയും തുര്‍ക്കിയും പാക്കിസ്ഥാന്‍ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കിയെന്നും ലെഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ് പറഞ്ഞു.
പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളില്‍ 81 ശതമാനവും ചൈനീസ് നിര്‍മിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.