ബ്രസ്സല്‍സില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് പിടിച്ചിട്ടത് ഒന്‍പത് മണിക്കൂര്‍; വഴിയില്‍ ഇറങ്ങി ഗിത്താര്‍ വായിച്ച് രസിച്ച് ചിലര്‍; ഭക്ഷണവും വെള്ളവും പിടിച്ചു പറിച്ച് യാത്രക്കാര്‍: പെരുവഴിയിലായ മനുഷ്യര്‍ക്ക് ആരും തുണയായില്ല; ഒരു തീവണ്ടി കഥ

Update: 2025-07-07 01:22 GMT

ലണ്ടന്‍: ബ്രസ്സല്‍സില്‍ നിന്നും യു കെയിലേക്ക് പുറപ്പെട്ട യൂറോസ്റ്റാര്‍ ട്രെയിന്‍ ഇടക്ക് വടക്കന്‍ ഫ്രാന്‍സില്‍ പിടിച്ചിട്ടത് ഒന്‍പത് മണിക്കൂറിലേറെ നേരം. തികച്ചും മനുഷ്യത്വ രഹിതമായ പെരുമാറ്റമായിരുന്നു ആ സമയത്ത് അധികൃതരില്‍ നിന്നും ഉണ്ടായതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. നിര്‍ജ്ജലീകരണം മൂലം യാത്രക്കാര്‍ തമ്മില്‍ വെള്ളത്തിനായി പിടിവലികള്‍ വരെ ഉണ്ടായെന്നും ഭക്ഷിക്കാനായി നല്‍കിയത് കിറ്റ് കാറ്റ് ബാറുകളായിരുന്നെന്നും അവര്‍ പറയുന്നു.

ഇന്നലെ പ്രാദേശിക സമയം രാവിലെ 8.50 ന് ബ്രസ്സല്‍സില്‍ നിന്നും പുറപ്പെട്ട ട്രെയിനിലെ യാത്രക്കാര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവരുടെ യാത്രാ പരിപാടികള്‍ തകിടം മറിച്ചുകൊണ്ടാണ് വൈദ്യുതി തകരാറ് മൂലം ട്രെയിന്‍ പിടിച്ചിടേണ്ടതായി വന്നത്. പലരും വെള്ളം പോലും കിട്ടാതെ അബോധാവസ്ഥയിലേക്ക് നീങ്ങാന്‍ തുടങ്ങി. ട്രെയിന്‍ പിടിച്ചിട്ട് ആറ് മണിക്കൂര്‍ കഴിഞ്ഞാണ് അവിടെ ആംബുലന്‍സ് പോലും എത്തിയതെന്നും യാത്രക്കാര്‍ പറയുന്നു.

വൃദ്ധന്മാരും കുട്ടികളും ട്രെയിനിനകത്ത് ഉണ്ടായിരുന്നു. ശുചിമുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ട്രെയിനിനകത്ത് വൈദ്യുതിയോ വെള്ളമോ ഭക്ഷണമോ ഉണ്ടായിരുന്നില്ല. ട്രെയിനില്‍ കുടുങ്ങിയ ആദ്യ ആറ് മണിക്കൂര്‍ ദുസ്സഹമായിരുന്നു എന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകഴിഞ്ഞാണ് യാത്രക്കാരെ ട്രെയിനിനകത്തു നിന്നും ഒഴിപ്പിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ് അല്‍പ്പം ശുദ്ധവായു ശ്വസിക്കാന്‍ കഴിഞ്ഞതെന്നും യാത്രക്കാര്‍ പറയുന്നു. എന്തിനധികം, ട്രെയിന്‍ പിടിച്ചിട്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ ലണ്ടനില്‍ എത്തിക്കാന്‍ പകരം ട്രെയിന്‍ അയയ്ക്കുന്ന വിവരം എക്സ് പോസ്റ്റിലൂടെ അറിയിക്കാന്‍ പോലും യൂറോസ്റ്റാര്‍ തയ്യാറായത്.

പകരം ട്രെയിന്‍ ഉച്ചക്ക് ഒന്നരയോടെ എത്തുമെന്നാണ് എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നതെങ്കിലും വൈകിട്ട് 5 മണിക്കാണ് അത് എത്തിയതെന്ന് യാത്രക്കാര്‍ പറയുന്നു. എന്നിട്ടും യാത്രതിരിക്കാന്‍ പിന്നെയും വൈകി. വൈകിട്ട് ഏഴ് മണിയോടെയാണ് പകരമെത്തിയ ട്രെയിന്‍ യാത്രക്കാരെയും കൊണ്ട് ലണ്ടനിലേക്ക് തിരിച്ചത്. നിശ്ചിത സമയത്തിലും പത്ത് മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ലണ്ടനിലെത്തിയത്.

ലണ്ടനിലെത്തി സ്റ്റേഷനിലിറങ്ങിയപ്പോള്‍, തടവ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന പ്രതീതിയായിരുന്നു എന്നാണ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞത്.

Tags:    

Similar News