സ്റ്റാര്‍ ലിങ്ക് ഉടന്‍ ഇന്ത്യയില്‍ അവതരിക്കും; സുപ്രധാന കടമ്പ പിന്നിട്ട് ഇലോണ്‍ മസ്‌കിന്റെ കമ്പനി; ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അന്തിമ അനുമതി; സ്‌പെക്ട്രം കൂടി അനുവദിച്ചാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കി തുടങ്ങാം

സ്റ്റാര്‍ ലിങ്ക് ഉടന്‍ ഇന്ത്യയില്‍ അവതരിക്കും

Update: 2025-07-09 16:26 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൂടുതല്‍ ജനങ്ങളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങളുമായി സ്റ്റാര്‍ ലിങ്ക് അവതരിക്കും. ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ ഇന്‍സ്‌പേസ് അനുമതി നല്‍കി. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ ഇന്‍സ്‌പേസിന്റെ അനുമതി ലഭിച്ചത്. നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്താനുമതി നല്‍കിയിരുന്നു. യൂട്ടില്‍സാറ്റ് വണ്‍ വെബ്, റിലയന്‍സ് ജിയോ എന്നിവയ്ക്ക് ശേഷം ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ സമാന ലൈസന്‍സ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനി കൂടിയാണ് സ്റ്റാര്‍ ലിങ്ക്. നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്‍സ്‌പേസ് (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ഓതറൈസേഷന്‍ സെന്റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വര്‍ഷത്തേക്കാണ് ഇന്‍സ്‌പേസ് സ്റ്റാര്‍ലിങ്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇനി സ്‌പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാല്‍ ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കി തുടങ്ങാനാകും. സ്റ്റാര്‍ലിങ്കിന് ഒപ്പം എസ്ഇഎസിനും ഇന്‍സ്‌പെസ് അനുമതി നല്‍കി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷന്‍ -ഒന്ന് എല്‍ഇഒ വഴി ഇന്റര്‍നെറ്റ് സേവനങ്ങല്‍ നല്‍കാനുള്ള അനുമതി നല്‍കിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷന്‍ -ഒന്ന്.

ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലടക്കം അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് തീരുമാനം സഹായകരമാകും. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നടക്കം അനുമതി ലഭിച്ചശേഷമായിരിക്കും പ്രവര്‍ത്തനമാരംഭിക്കാനാകുക. അഞ്ചുവര്‍ഷത്തേക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ബഹിരാകാശ മേഖലയില്‍ കൂടുതല്‍ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യന്‍ നയത്തിനും പുതിയ തീരുമാനം നിര്‍ണായകമാകും.

രാജ്യത്തിന്റെ വാണിജ്യ-വ്യാവസായിക ഭൂമികകളിലും, സാമ്പത്തിക മേഖലയിലുമെല്ലാം ഇന്‍ര്‍നെറ്റ് അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ഈ സാധ്യതകളിലേക്കാണ് ഇലോണ്‍ മസ്‌ക് എന്ന ലോക കോടീശ്വരന്റെ സ്റ്റാര്‍ലിങ്ക് എത്തുന്നത്. അടുത്ത രണ്ട് മാസത്തിനകം സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ ഉടനീളം ലഭ്യമാകും. പ്രതിമാസ പ്ലാനുകള്‍ 3,000 രൂപ മുതല്‍ ആരംഭിച്ചേക്കും

ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് സ്റ്റാര്‍ ലിങ്ക്. ഇലോണ്‍ മസ്‌ക് 2002ല്‍ സ്ഥാപിച്ച സ്‌പേസ് എക്‌സിന്റെ കീഴില്‍ രൂപം കൊണ്ട കമ്പനി കൂടിയാണിത്. ലോ എര്‍ത്ത് ഓര്‍ബിറ്റിലെ ഉപഗ്രഹങ്ങളുടെ ശൃംഖലകളിലൂടെ തടസ്സ രഹിത അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഒറ്റപ്പെട്ട, വിദൂരമായ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ സാധിക്കും.

സ്റ്റാര്‍ ലിങ്ക് - സബ്‌സ്‌ക്രിപ്ഷന്‍

സ്റ്റാര്‍ ലിങ്കിന്റെ സ്റ്റാന്‍ഡേര്‍ഡ് കിറ്റ് ഏകദേശം 33,000 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. ഈ കിറ്റില്‍ സ്റ്റാര്‍ ലിങ്ക് ഡിഷ്, കിക് സ്റ്റാന്‍ഡ്, Gen 3 റൂട്ടര്‍, പവര്‍ കേബിളുകള്‍, ഒരു പവര്‍ സപ്ലൈ യൂണിറ്റ് എന്നിവയാണുണ്ടാവുക. പ്രധാനമായും ഹോം യൂസിന് വേണ്ടിയാണ് ഈ സര്‍വീസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അണ്‍ലിമിറ്റഡ് ഡാറ്റയോടു കൂടിയ പ്രതിമാസ പ്ലാനുകള്‍ക്ക് നല്‍കേണ്ടത് 3,000 രൂപ മുതല്‍ 4,200 രൂപ വരെയായിരിക്കും.

അതേ സമയം ഡിവൈസുകളുടെ വിലയില്‍ മാറ്റമുണ്ടാവുകയില്ല. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലും, ഭൂട്ടാനിലും സ്റ്റാര്‍ ലിങ്ക് കിറ്റിന് 33,000 രൂപ തന്നെയാണ് വില. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഓരോ ഡിവൈസ് പര്‍ച്ചേസുകള്‍ക്കൊപ്പവും ഒരു മാസത്തെ സൗജന്യ ട്രയല്‍ കമ്പനി നല്‍കും.

ഇന്റര്‍നെറ്റ് സ്പീഡ്

അതിവേഗ ഇന്റര്‍നെറ്റ് സ്പീഡാണ് സ്റ്റാര്‍ ലിങ്കിന്റെ ഹൈലൈറ്റ്. ഇത്തരത്തില്‍ 25 Mbps മുതല്‍ 220 Mbps വരെ വേഗതയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും 100 Mbps ല്‍ അധികം വേഗത ലഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. കേബിളുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയിലൂടെ അല്ലാതെ നേരിട്ട് സാറ്റലൈറ്റുകള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഇവിടെ വേഗത വര്‍ധിക്കാന്‍ കാരണം.

Tags:    

Similar News