വൈദ്യുതിയോ കൃത്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും ഇല്ലാതിരുന്ന ഒരു കുഗ്രാമത്തില്‍ നിന്ന് കുടിയേറി; പ്രശസ്തമായ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ പഠിച്ചു; അമേരിക്കയിലെ പ്രമുഖ ശതകോടീശ്വരനായി ഹിമാചലുകാരന്‍; മസ്‌കിനൊപ്പം ജയ് ചൗധരിയും
ന്യുയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും പ്രമുഖ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യാക്കാരനും. ഹിമാചല്‍പ്രദേശുകാരനായ ജയ് ചൗധരിയാണ് ചൈന, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ കടത്തിവെട്ടി മുന്നിലെത്തിയിരിക്കുന്നത്. അമേരിക്കയിലെ ശതകോടീശ്വരന്‍മാരായ കുടിയേറ്റക്കാരില്‍ ഭൂരിപക്ഷം പേരും ഇന്ത്യക്കാര്‍ ആണെന്നാണ് ഫോബ്സ് മാഗസിന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട 2025 ലെ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ പട്ടിക വ്യക്തമാക്കുന്നത്.
ഇസ്രയേലും തായ് വാനുമാണ് ഇന്ത്യയുടെ തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. സൈബര്‍ സുരക്ഷാ മേഖലയിലെ വമ്പന്‍ സ്ഥാപനമായ ഇസ്‌ക്കലറിന്റെ ഉടമയാണ് ജയ് ചൗധരി. 17.9 ബില്യണ്‍ ഡോളറിലധികം ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ജയ്ചൗധരിയും സുന്ദര്‍ പിച്ചെയുമാണ് അമേരിക്കയിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാര്‍. ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, നിലവില്‍ അമേരിക്കയില്‍ താമസിക്കുന്ന 125 വിദേശികളായ അമേരിക്കന്‍ പൗരന്മാര്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഉണ്ട്. 2022 ല്‍ ഇത് 92 ആയിരുന്നു. ഈ കുടിയേറ്റക്കാര്‍ 43 രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ കുടിയേറ്റക്കാരുടെ ആകെ ആസ്തി 1.3 ട്രില്യണ്‍ ഡോളറാണ്. അമേരിക്കയിലെ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ 18% കൈവശം വച്ചിരിക്കുന്നത് ഇവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യ ഇസ്രയേലിനും കാനഡക്കും പിന്നിലായിരുന്നു. ചൈനയും ഇന്ത്യയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ പന്ത്രണ്ട് പേരുമായി ഇന്ത്യ ഏറെ മുന്നിലാണ്. ഫോര്‍ബ്‌സ് പട്ടിക ഇന്ത്യന്‍ വംശജരായ പ്രമുഖ ശതകോടീശ്വരന്മാരായി ജയ് ചൗധരി, സുന്ദര്‍ പിച്ചൈ, വിനോദ് ഖോസ്ല എന്നിവരെയാണ് എടുത്തുകാട്ടുന്നത്.
അതേ സമയം അമേരിക്കയിലെ ഏറ്റവും ധനികനായ കുടിയേറ്റക്കാരന്‍ ഇലോണ്‍ മസ്‌കാണ്. ഏകദേശം 400 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നന്‍ കൂടിയാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌ക് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ കാനഡ വഴി അമേരിക്കയില്‍ എത്തുകയായിരുന്നു. ഫോര്‍ബ്‌സിന്റെ കണക്കനുസരിച്ച്, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ രണ്ടാമത്തെ ധനികനായ കുടിയേറ്റക്കാരനാണ്. 139.7 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. അമേരിക്കയിലെയും ലോകത്തിലെയും 10 ധനികരില്‍ മൂന്ന് പേര്‍ കുടിയേറ്റക്കാരാണ് എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം.
ജയ് ചൗധരി ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ പനോ എന്ന ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. കൃത്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ വൈദ്യുതിയോ ഒന്നും ഇല്ലാതിരുന്ന ഒരു കുഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം ഇത്രയും ഉന്നതമായ നിലയിലേക്ക് എത്തിയത്. അമേരിക്കയിലെ പ്രശസ്തമായ സിന്‍സിനാറ്റി സര്‍വ്വകലാശാലയിലാണ് ചൗധരി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.