'സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറി; അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല'; അപകടത്തെ ലഘൂകരിച്ച് പ്രസംഗം; വിദ്യാര്‍ഥിയുടെ മരണവിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തവും; മന്ത്രി ജെ. ചിഞ്ചുറാണി വിവാദ കുരുക്കില്‍

മന്ത്രി ജെ. ചിഞ്ചുറാണി വിവാദ കുരുക്കില്‍

Update: 2025-07-17 16:35 GMT

തൃപ്പൂണിത്തുറ: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാനൃത്തം ചെയ്ത മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രവൃത്തി വിവാദത്തില്‍. സ്വന്തം ജില്ലയില്‍ ഒരു കുട്ടി ദാരുണമായ സാഹചര്യത്തില്‍ മരിച്ചിട്ടും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയും സൂംബാ നൃത്തത്തിന്റെ ഭാഗമാവുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്. ഇതേ പരിപാടിയിലാണ് മന്ത്രി മരിച്ച കുട്ടിക്കെതിരെ വിവാദപ്രസ്താവനകളും നടത്തിയത്.

മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രി പറഞ്ഞത്. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ കയറി. സംഭവത്തില്‍ അധ്യാപകരെ കുറ്റംപറയാന്‍ പറ്റില്ലെന്നും മന്ത്രി പറഞ്ഞു. 'ഒരു പയ്യന്റെ ചെരിപ്പാണ്.. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി... ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി. പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞി അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമില്ല പക്ഷെ നമ്മുടെ കുഞ്ഞുങ്ങള്‍ കളിച്ചു കളിച്ചു ഇതിന്റെ മുകളില്‍ ഒക്കെ ചെന്ന് കേറുമ്പോള്‍ ഇത്രയും ആപല്‍കരമായിട്ടുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മള് അന്താളിച്ച് പോകും. രാവിലെ സ്‌കൂളില് ഒരുങ്ങി പോയ കുഞ്ഞാണ്.. കുഞ്ഞ് മരിച്ചു വരുന്ന അവസ്ഥ. പക്ഷേ നമുക്ക് അധ്യാപകരെ നമുക്ക് പറയാന്‍ പറ്റില്ല. നമ്മുടെ കുഞ്ഞുങ്ങള്‍ അവിടെ കയറുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയെന്നാണ്'

തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ വിവാദപ്രസംഗവും നൃത്തവും. പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് മന്ത്രി കുട്ടിക്കെതിരായ വിവാദ പ്രസ്താവനകള്‍ നടത്തിയത്. സംഭവത്തെ ലഘൂകരിച്ചുകൊണ്ടുള്ള പ്രസ്താവനകളായിരുന്നു മന്ത്രി നടത്തിയത്. വിദ്യാര്‍ഥിയുടെമേല്‍ പഴിചാരിക്കൊണ്ടും അധ്യാപകരെ ന്യായീകരിച്ചുകൊണ്ടും നടത്തിയ പ്രസംഗം വൈകാതെ വിവാദമായിരുന്നു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും അവന്റെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസംഗത്തിന് ശേഷമാണ് മന്ത്രി പരിപാടിയുടെ ഭാഗമായുള്ള സൂംബാനൃത്തത്തില്‍ പങ്കെടുത്തത്.

മറ്റ് വനിതാ നേതാക്കള്‍ക്കൊപ്പം സന്തോഷവതിയായി പാട്ടിന് ചുവടുവെക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അല്‍പനേരത്തേക്കല്ല, മറിച്ച് പാട്ട് തീരുന്നതുവരെയും മന്ത്രിയും മറ്റ് നേതാക്കളും സൂംബാനൃത്തം കളിക്കുന്നതായാണ് വീഡിയോയില്‍ കാണാനാവുക. മന്ത്രിയുടെ പ്രവൃത്തി വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. അത്യന്തം വിവേകശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം. ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മരിച്ച മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത അവസരത്തിലാണ് കൊല്ലം ജില്ലയില്‍ നിന്നുതന്നെയുള്ള മന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത്. അതേസമയം, എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് വിവരം അറിഞ്ഞതെന്നും തിരികെ വരുമ്പോള്‍ മിഥുന്റെ വീട്ടില്‍ കയറാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അന്വേഷണം നടത്തി കുറ്റക്കാരായവരെ കണ്ടെത്തി ശിക്ഷിക്കും. എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് ദാരുണമായ സംഭവത്തിന്റെ വിവരം അറിഞ്ഞത്. പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോള്‍ മിഥുന്റെ വീട്ടില്‍ ഇറങ്ങണമെന്നായിരുന്നു തീരുമാനം. പരിപാടി ആരംഭിച്ചുപോയിരുന്നത് കൊണ്ടാണ് മാറ്റിവെക്കാന്‍ കഴിയാഞ്ഞതും അതില്‍ പങ്കെടുക്കേണ്ടി വന്നതും, മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കെട്ടിടത്തോടുചേര്‍ന്ന് അനധികൃതമായി നിര്‍മിച്ച ഷെഡിന് മുകളിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റാണ് പതിമൂന്നുകാരന്‍ മരിച്ചത്. കളിക്കുന്നതിനിടെ ഷെഡിനുമുകളില്‍വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. വലിയപാടം സ്വദേശി മനുവിന്റെ മകനാണ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അപകടത്തില്‍ മാനേജ്‌മെന്റിനും കെ.എസ്.ഇ.ബി.ക്കും വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സമ്മതിച്ചിരുന്നു.

'വൈദ്യുതി ലൈനും ഷെഡും തമ്മില്‍ മതിയായ അകലമില്ല. വൈദ്യുതി ലൈനിന് മതിയായ ഉയരമുണ്ടായിരുന്നില്ല. ഷെഡ് കെട്ടുമ്പോള്‍ മാനേജ്‌മെന്റ് വേണ്ട അനുമതി വാങ്ങിയിരുന്നില്ലെന്നും കെ. കൃഷ്ണന്‍ കുട്ടി വിശദീകരിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. മിഥുന്റെ കുടുംബത്തിന് ആദ്യ ഘട്ടത്തില്‍ 5 ലക്ഷം സഹായം നല്‍കും. കെ.എസ്.ഇ.ബിയാണ് സഹായം നല്‍കുക. പിന്നീട് കൂടുതല്‍ തുക അനുവദിക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

Tags:    

Similar News