കേരളത്തിന്റെ വിപ്ലവ സൂര്യന് വിട! വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; വിടവാങ്ങിയത്, തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്; മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പുന്നപ്ര-വയലാര്‍ സമരനായകനായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം

വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

Update: 2025-07-21 10:43 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാര്‍ സമരനായകനായി, ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസിന്റെ ജീവിത ചരിത്രം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്.

മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.

സി.പി.എമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നു. മൂന്ന് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതല്‍ 2009 വരെ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനൊപ്പം പി.ബിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 1980 മുതല്‍ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രസ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 21 വരെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു.

1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ വി എസ് ബല്‍റ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദന്‍ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.

ചേട്ടന്റെ തയ്യല്‍ക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാന്‍ കഴിയാതായി. പതിനഞ്ചാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി. നടുവൊടിക്കുന്ന ജോലി, കുറഞ്ഞ കൂലി, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ അവിടെയും അവന്‍ കലഹിച്ചു. മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസില്‍ വി എസിന് പാര്‍ട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ആ ചെറുപ്പക്കാരന്‍ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി അയാള്‍ വളര്‍ന്നു. അയാളുടെ സംഘം പിന്നീട് കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം കുട്ടനാടിന്റെ വയലേലകളില്‍ കൊടുങ്കാറ്റായി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാന്‍ ജന്മിമാര്‍ ഉത്തരവിട്ടു. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍ പ്രതിഷേധങ്ങള്‍ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങള്‍ നീണ്ട പൊലീസ് മര്‍ദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വിഎസ് തിരിച്ച് വന്നത്.

1957ല്‍ ആദ്യ സര്‍ക്കാര്‍ വന്നതോടെ അച്യുതാനന്ദന്‍ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാര്‍ട്ടി പിളര്‍പ്പ്, നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യന്‍ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി.

Similar News