ലോബിയിലേക്ക് കൂളായി നടന്നുവന്ന് അക്രമി തുരുതുരാ വെടിയുതിര്‍ത്തു; ഒരുതൂണിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് ദാരുണാന്ത്യം; അമേരിക്കയില്‍ മാന്‍ഹട്ടന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട നാലുപേരില്‍ വമ്പന്‍ കമ്പനിയായ ബ്ലാക്‌സ്റ്റോണിന്റെ സീനിയര്‍ വനിതാ എക്‌സിക്യൂട്ടീവും; ആരാണ് വെസ്ലി ലാപാട്‌നര്‍?
ആരാണ് വെസ്ലി ലാപാട്‌നര്‍?
ന്യൂയോര്‍ക്ക്: യുഎസിനെ നടുക്കിയ മിഡ്ടൗണ്‍ മാന്‍ഹട്ടന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞു. ആര്‍ട്ടനേറ്റീവ് ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌സ്‌റ്റോണിന്റെ വനിതാ എക്‌സിക്യൂട്ടീവ് വെസ്ലി ലാപാട്‌നര്‍( 43)ആണ് കൊല്ലപ്പെട്ടത്. നിക്ഷേപ ഭീമന്‍ കമ്പനിയില്‍ സീനിയര്‍ മാനേജിങ് ഡയറക്ടറാണ് ലാ പാട്‌നര്‍.
പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ തിങ്കളാഴ്ചത്തെ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമിയും വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, ഇയാള്‍ സ്വയം നിറയൊഴിച്ച് മരിച്ചതാണെന്നാണ് പോലീസിന്റെ വിശദീകരണം. ഷെയ്ന്‍ തമുര എന്ന 27കാരനാണ് ബ്ലാക്‌സ്റ്റോണിന്റെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് വെസ്ലി ലാപാട്‌നറെ വെടിവച്ചിട്ടത്. പൊലീസ് ഉദ്യോഗസ്ഥനായ ദിദാറുള്‍ ഇസ്ലം, സുരക്ഷാ ഉദ്യോഗസ്ഥനായ അലന്‍ഡ് എറ്റിനെ, റുഡിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജൂലിയ ഹൈമാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
345 പാര്‍ക്ക് അവന്യൂ എന്ന കൂറ്റന്‍ കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. നിരവധി സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. ലാസ് വെഗാസ് സ്വദേശിയാണ് ഷെയ്ന്‍ തമുര. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് ഇയാള്‍ തോക്കും കൈയിലേന്തിവന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാള്‍ തോക്കുമായി കെട്ടിടത്തിലേക്ക് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ലപാട്‌നര്‍ രണ്ടുമക്കളുടെ അമ്മയാണ്. ഭര്‍ത്താവ് ഇവാന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്യൂരിസോണിലാണ് ജോലി ചെയ്യുന്നത്. ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് വ്യവസായത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു ലാപാട്‌നര്‍. ബ്ലാക്‌സ്റ്റോണിന്റെ 140 ബില്യന്‍ ഡോളറിന്റെ ആസ്തികളുടെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നു. 2014 മുതലാണ് ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയത്. മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് ട്രസ്റ്റിയായിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ അഭിഭാഷക ദമ്പതികളുടെ മകളായി വളര്‍ന്ന ലാപാട്‌നര്‍ യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഗോള്‍ഡ്മാന്‍ സാച്‌സിലാണ് ആദ്യം ജോലി ചെയ്തത്.
ബ്ലാക്‌സ്‌റ്റോണിന്റെ ലോബിയിലെത്തി അക്രമി വെടിവെപ്പ് നടത്തിയപ്പോള്‍ ഒരുതൂണിന് പിന്നില്‍ ഒളിച്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വസ്ലി ലാപാട്‌നര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും മരണപ്പെടുകയുമായിരുന്നു. ബ്ലാക്‌സ്റ്റോണിലെ മറ്റു ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലാപാട്ന്‍ കമ്പനിയുടെ പ്രിയപ്പെട്ട അംഗമായിരുന്നു എന്ന് ബ്ലാക്‌സ്റ്റോണ്‍ മാനേജ്‌മെന്റ് അനുസ്മരിച്ചു.
345 പാര്‍ക്ക് അവന്യൂ എന്ന കൂറ്റന്‍ കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. 'ബ്ലാക്സ്റ്റോണ്‍', കെപിഎംജി, ഡച്ചെ ബാങ്ക് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ്.് 634 അടി ഉയരത്തിലുള്ള അംബരചുംബിയായ കെട്ടിടത്തിലെ ലോബിയില്‍വെച്ച് അക്രമിയും പോലീസ് ഉദ്യോഗസ്ഥനും തമ്മില്‍ ആദ്യം പരസ്പരം വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശികസമയം ശനിയാഴ്ച വൈകീട്ട് 6.40-ഓടെയായിരുന്നു സംഭവം. പിന്നാലെ ഇയാള്‍ കെട്ടിടത്തിലെ 33-ാം നിലയിലേക്ക് പോയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം, അക്രമി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മനോനില തെറ്റിയ വ്യക്തിയാണെന്ന് സൂചനയുണ്ട്.