ബോബിയുടെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പില്‍; വീട്ടമ്മയുടേയും ചത്ത പശുവിന്റേയും ദേഹത്ത് പരിക്കുകളൊന്നുമില്ല; മരുതോങ്കരയില്‍ നിര്‍ണ്ണായകമാകുക പോസ്റ്റ്‌മോര്‍ട്ടം; വന്യജീവി ആക്രമണം അല്ലെന്ന് വ്യക്തം; ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് എന്ത്?
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ വനാതിര്‍ത്തിക്കുസമീപം പശുവിനെ മേയ്ക്കാന്‍പോയ സ്ത്രീയെയും വളര്‍ത്തുപശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെ. ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും (43) അവരുടെ വളര്‍ത്തുപശുവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും.
വെള്ളിയാഴ്ച രാത്രിയായിട്ടും തിരിച്ചു വരാതായതോടെ വനംവകുപ്പും പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരും നടത്തിയ തിരച്ചലില്‍ രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബോബിയുടെ ശരീരത്തില്‍ പരിക്കുകളൊന്നുമില്ല. പശുവിന്റെ ശരീരത്തിലും പരിക്കുകള്‍ ഇല്ല. ബോബിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തില്‍ മരണ കാരണം തെളിയും. ബോബിയുടെ വീട്ടില്‍ നിന്ന് വനാതിര്‍ത്തിയിലേക്ക് 50 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ മരിച്ചു കിടന്നയിടം.
പശുവിനെയും ആടിനെയുംമറ്റും വളര്‍ത്തുന്നുണ്ട് ബോബി. പശുവിനെപശുവിനെ തെരഞ്ഞ് വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാര്‍ ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയിരുന്നു. വൈകീട്ട് നാലരയ്ക്ക് മക്കള്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മയില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് നാട്ടുകാരും മറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
വന്യജീവി ആക്രമണമാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. കാട്ടനയിറങ്ങുന്ന മേഖലയാണിത്. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നുമില്ലാത്തത് വന്യജീവി ആക്രമണ വാദം പൊളിക്കുന്നതാണ്.