സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിലെ കേസ് തീര്‍പ്പാക്കിയാല്‍ സര്‍വകലാശാല സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരുമായി സഹകരിക്കാം; കേന്ദ്രം എതിര്‍ത്തിട്ടും ഒരു ഹര്‍ജി പിന്‍വലിച്ച് പിണറായി സര്‍ക്കാരും; കേരളയില്‍ രജിസ്ട്രാറെ സസ്പെന്‍ഡുചെയ്ത വിസിയുടെ നടപടി അംഗീകരിക്കുമോ സര്‍ക്കാര്‍? രാജ്ഭവന്‍-സര്‍ക്കാര്‍ പോരില്‍ വ്യക്തത ഇനിയും അകലെ

Update: 2025-08-04 01:07 GMT

തിരുവനന്തപുരം: ബില്ലുകളില്‍ തീരുമാനമെടുക്കുന്നില്ലെന്നു കാട്ടി ഗവര്‍ണര്‍ക്കെതിരേ കേരളം നല്‍കിയ രണ്ടു ഹര്‍ജികളില്‍ ഒരെണ്ണം പിന്‍വലിച്ചതിന് പിന്നില്‍ സമവായമോ? സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിലെ കേസ് തീര്‍പ്പാക്കിയാല്‍ സര്‍വകലാശാല സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരുമായി സഹകരിക്കാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ക്കെതിരായ ഹര്‍ജികള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നതിന്റെ സൂചനയാണോ ഒരു ഹര്‍ജി പിന്‍വലിച്ച നടപടിയെന്ന ചോദ്യമാണ് സജീവമാകുന്നത്. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിക്കണമെന്ന ഹര്‍ജിയാണു പിന്‍വലിച്ചത്. അതേസമയം, ബില്ലുകളില്‍ തീരുമാനം ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിട്ടതു ചോദ്യംചെയ്തുള്ള ഹര്‍ജി പിന്‍വലിച്ചിട്ടില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ ഭിന്നതകളില്‍ തീര്‍പ്പുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ വ്യക്തമായ ഫോര്‍മുല ഇനിയും ഉരുത്തിരിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലും കേസുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ നിലപാടറിയിച്ചിരുന്നു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്കാലിക വിസിമാരെ നിയമിച്ചത് പുനഃപരിശോധിക്കില്ലെന്നും പരാതിയുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വകലാശാലാവിഷയങ്ങളില്‍ ചര്‍ച്ചമാത്രം പോരെന്നും നടപടിവേണമെന്നും നിര്‍ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ചതനുസരിച്ചാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയത്തിന്റെ പേരിലുള്ള തര്‍ക്കമൊഴിവാക്കി സര്‍ക്കാരുമായി സമവായത്തില്‍ നീങ്ങാമെന്നാണ് ഗവര്‍ണര്‍ സ്വീകരിച്ച നിലപാട്. എല്ലായിടത്തും സ്ഥിരം വിസിമാര്‍ വേണമെന്നും അനുയോജ്യരായവരെ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സെര്‍ച്ച് കമ്മിറ്റിയെച്ചൊല്ലി പലയിടത്തും കേസാണല്ലോയെന്ന് ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍, സ്റ്റേ ഒഴിവാക്കി, നിയമതടസ്സം നീക്കിയാല്‍ സ്ഥിരം വിസി നിയമനത്തെക്കുറിച്ച് ആലോചിക്കാമെന്നും വ്യക്തമാക്കി. അതിനുശേഷം മന്ത്രിമാരുമായി വീണ്ടും ചര്‍ച്ച നടത്താമെന്നും അറിയിച്ചു. കൂടിയാലോചിച്ചശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു മന്ത്രിമാരുടെ മറുപടി.

പുറത്തുപോയവര്‍ക്ക് വീണ്ടും നിയമനം നല്‍കാമെന്ന് തനിക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താല്‍കാലിക വിസി പുനര്‍നിയമനമെന്ന് ഗവര്‍ണര്‍ മറുപടി നല്‍കി. രണ്ട് നിയമനങ്ങളും താല്‍ക്കാലികം മാത്രമായതിനാല്‍ അനാവശ്യ ചര്‍ച്ച ഒഴിവാക്കണം. സര്‍വകലാശാല വിഷയങ്ങളില്‍ ഇടവിട്ടുള്ള ചര്‍ച്ചകള്‍ മാത്രം പോരെന്നും നടപടികളാണ് വേണ്ടതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തര്‍ക്ക വിഷയത്തില്‍ ഇരുവിഭാഗവും നിലപാടിലുറച്ചതോടെ ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച ധാരണയിലെത്താതെ അവസാനിച്ചു. അതേസമയം, തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത അടഞ്ഞിട്ടില്ല. സ്ഥിരം വി.സി നിയമന കാര്യത്തിലാണ് ഗവര്‍ണറില്‍നിന്ന് അനുകൂല സമീപനമുണ്ടായത്. ഇത് സംബന്ധിച്ച് അടുത്ത ആഴ്ച വീണ്ടും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. ഡിജിറ്റല്‍, കെ.ടി.യു സര്‍വകലാശാലകളില്‍ വി.സി നിയമനത്തിന് കോടതി നിര്‍ദേശപ്രകാരം മന്ത്രിമാരെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി രാജ്ഭവന് കത്ത് നല്‍കിയിരുന്നു.

എന്നാല്‍, സര്‍ക്കാറിന്റെ സമ്മതമില്ലാതെ താല്‍ക്കാലിക വി.സിമാരെ ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമിച്ചതാണ് സര്‍ക്കാറിനെ ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച വിമര്‍ശനവും പോരും തുടരുന്നതിനിടെയായിരുന്നു ഞായറാഴ്ചയിലെ ചര്‍ച്ച. മന്ത്രിമാരെ കേരള സര്‍വ്വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിലുള്ള നീരസം ഗവര്‍ണര്‍ മറച്ചുവെച്ചില്ല. കേരള സര്‍വകലാശാലയില്‍ പ്രതിഷേധിച്ചതും പ്രശ്‌നമുണ്ടാക്കിയതും നിങ്ങളുടെ പാര്‍ട്ടിയിലെ കുട്ടികളല്ലേയെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. കേരളയില്‍ രജിസ്ട്രാറെ സസ്പെന്‍ഡുചെയ്ത വിസിയുടെ നടപടി അംഗീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തര്‍ക്കം പരിഹരിക്കുന്നതിനെക്കുറിച്ച് വിസിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം മന്ത്രിമാരെ അറിയിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായുള്ള ചര്‍ച്ച തുടരുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ചര്‍ച്ച ചെയ്തുവേണം തീരുമാനിക്കാനെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകളെല്ലാം പോസിറ്റീവാണെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് ഗവര്‍ണര്‍ക്കെതിരായ ഒരു ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിക്കുന്നത്.

ഹര്‍ജികള്‍ പിന്‍വലിക്കാന്‍ സുപ്രീം കോടതി നേരത്തെ കേരളത്തിന് അനുമതി നല്‍കിയിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിര്‍ദേശിച്ചു തമിഴ്നാടിന്റെ കേസില്‍ വിധി വന്നതോടെ തങ്ങളുടെ വിഷയവും തീര്‍പ്പായെന്നു കാട്ടിയാണു കേരളം ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി തേടിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണു സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ധാരണയായത്. അതിന്റെ തുടക്കമായാണു സര്‍ക്കാര്‍ ഒരു ഹര്‍ജി പിന്‍വലിച്ചത്. ഹര്‍ജി പിന്‍വലിക്കാനുള്ള കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം എതിര്‍ത്തിരുന്നു.

ഇതേ വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അതോടൊപ്പം കേരളത്തിന്റെ ഹര്‍ജികളും കേള്‍ക്കണമെന്നാണു കേന്ദ്രത്തിന്റെ വാദം. രാഷ്ട്രപതിയുടെ റഫറന്‍സിന്മേല്‍ ഈമാസം വിശദമായ വാദം കേള്‍ക്കും. എന്നാല്‍, പിന്‍വലിക്കാനുള്ള ഹര്‍ജി എങ്ങനെയാണു റഫറന്‍സിനൊപ്പം കേള്‍ക്കുകയെന്നു കേരളം ചോദിച്ചു. തുടര്‍ന്നാണു ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.

Tags:    

Similar News