അങ്കണവാടിയില്‍ രണ്ടര വയസ്സുകാരനെ പൂച്ച മാന്തി; വിവരം രഹസ്യമാക്കി വെച്ച് അങ്കണവാടി ജീവനക്കാര്‍; കുഞ്ഞ് പറഞ്ഞ് വീട്ടുകാര്‍ വിവരം അറിയുന്നത് രണ്ട് ദിവസം കഴിഞ്ഞ്: പൂച്ച ചത്തതോടെ ആശങ്ക
അങ്കണവാടിയില്‍ രണ്ടര വയസ്സുകാരനെ പൂച്ച മാന്തി; വിവരം രഹസ്യമാക്കി വെച്ച് ജീവനക്കാര്‍
തിരുവനന്തപുരം: അങ്കണവാടിയില്‍ എത്തിയ രണ്ടര വയസ്സുകാരനെ മാന്തിയ പൂച്ച ചത്തതില്‍ ആശങ്ക. എന്നാല്‍ കുഞ്ഞിനെ പൂച്ച മാന്തിയ വിവരം അങ്കണവാടി ജീവനക്കാര്‍ കുട്ടിയുടെ വീട്ടുകാരോട് മറച്ചു വെച്ചു. മാത്രമല്ല കുഞ്ഞിനെ മാന്തിയതിന് പിന്നാലെ പൂച്ച ചത്ത വിവരം ഉടമയും മറച്ചുവെച്ചത് വിവാദമായി. ചത്ത പൂച്ചയ്ക്ക് പേ വിഷബാധയുണ്ടോ എന്നറിയാന്‍ ആരോഗ്യ വകുപ്പിടപെട്ട് പൂച്ചയുടെ ജഡം മാന്തിയെടുത്ത് പാലോട് വെറ്ററിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് പരിശോധനയ്ക്ക് അയച്ചു.
പൂച്ച മാന്തി രണ്ട് ദിവസം കഴിഞ്ഞ് കുഞ്ഞ് പറയുമ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. കഴിഞ്ഞ മാസം 18നാണ് വിവാദമായ സംഭവം. കുറ്റിച്ചല്‍ ഗ്രാമപ്പഞ്ചായത്തില്‍ പേഴുംമൂട് വാര്‍ഡിലെ കുഴിയംകോണത്ത് വാടകക്കെട്ടിടത്തിലെ 126-ാം നമ്പര്‍ അങ്കണവാടിയിലാണ് സംഭവം. പേഴുംമൂട് സൈനബ മന്‍സിലില്‍ മാഹീന്റെയും സൈനബയുടെയും മകന്‍ ഹൈസിന്‍ സയാനിനെയാണ് അങ്കണവാടിയില്‍ വച്ച് അടുത്തവീട്ടില്‍ നിന്നുമെത്തിയ പൂച്ച മാന്തിയത്. കുട്ടിയുടെ ഇടതു കാലിലും കൈയിലുമാണ് മാന്ത് കിട്ടിയത്. എന്നാല്‍ ഇക്കാര്യം അങ്കണവാടി ജീവനക്കാര്‍ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മറച്ചുവെച്ചു.
അങ്കണവാടി അധികൃതര്‍ വിവരം മറച്ചുവെച്ചെങ്കിലും രണ്ട് ദിവസം കഴിഞ്ഞ് 20-ാം തിയതി കുഞ്ഞ് വിവരം രക്ഷാകര്‍ത്താക്കളോട് പറഞ്ഞു. 21-ന് പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിന് പ്രതിരോധ കുത്തിവെയ്പെടുത്തു. തുടര്‍ന്ന് മാഹീന്‍ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി. വെള്ളനാട് ബ്ലോക്ക് ഐസിഡിഎസ് സിഡിപിഒ ലേഖ അങ്കണവാടിയിലെത്തി തെളിവെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂച്ച ചത്ത വിവരം അറിയുന്നത്. കുഞ്ഞിനെ പൂച്ച മാന്തിയത് പൂച്ചയുടെ ഉടമ അറിഞ്ഞിരുന്നെങ്കിലും പൂച്ച ചത്ത വിവരം ഇവരും മറച്ചുവെച്ചു.
ഒരു വീടിനോട് ചേര്‍ന്ന ചായ്പിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ഈ വീട്ടുകാരുടേതാണ് പൂച്ചയെന്ന് അറിയുന്നു. അങ്കണവാടി പ്രവര്‍ത്തിക്കുന്ന സമയത്ത് പൂച്ച ഓടി അങ്കണവാടിയിലേക്ക് എത്തുക ആയിരുന്നു. കൃത്യവിലോപം കാട്ടിയ അങ്കണവാടി വര്‍ക്കര്‍ നിഷയെ അന്വേഷണവിധേയമായി ഒരു മാസത്തേക്ക് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അങ്കണവാടി വാര്‍ഡ് പരിധിയിലല്ല പ്രവര്‍ത്തിക്കുന്നത്. കൂടാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെനിന്നും സ്ഥാപനം മാറ്റണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നതായും, രണ്ടു മാസത്തിനകം മാറ്റാന്‍ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായും സിഡിപിഒ ലേഖ പറഞ്ഞു. എന്നാല്‍ ഇതേവരെ അങ്കണവാടി മാറ്റിയിട്ടില്ല. നിരവധി കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്ന അങ്കണവാടിയില്‍ നിലവില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മാത്രമാണുള്ളത്.
അങ്കണവാടിക്കായി വാര്‍ഡില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 12 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം പണിതെങ്കിലും തുറന്നുനല്‍കിയിട്ടില്ല. ഒരാള്‍ സംഭാവനയായി നല്‍കിയ മൂന്ന് സെന്ററില്‍ പണിത കെട്ടിടം ഇപ്പോള്‍ കാടുമൂടിയ നിലയിലാണ്. സ്ഥലം നല്‍കിയയാളും പഞ്ചായത്തുമായി കേസ് നിലനില്‍ക്കുന്നതിനാലാണ് അങ്കണവാടി തുറന്നു നല്‍കാത്തതെന്നറിയുന്നു.