അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങ് തിരിച്ചറിഞ്ഞ രാഹുല്‍; മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്ന 'കുത്ത്' തുടരുമ്പോഴും പ്രതിപക്ഷ നേതാവിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാട് പ്രതീക്ഷ തന്നെ; ഒടുവില്‍ 'ചതി' കോണ്‍ഗ്രസും തിരിച്ചറിഞ്ഞു; ഇനി വേണ്ടത് തരൂരിസം! റഷ്യയില്‍ നിന്നും ഇന്ത്യ ഇനിയും എണ്ണ വാങ്ങും
ന്യൂഡല്‍ഹി: അമേരിക്കന്‍ ചതി രാഹുല്‍ ഗാന്ധിയും തിരിച്ചറിഞ്ഞു. ഇതോടെ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ഒരുമിച്ച് നീങ്ങുമെന്ന വിലയിരുത്തല്‍ ഉയരുകയാണ്. നേരത്തെ ഇന്ത്യയെ നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചതിനെ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പിന്തുണച്ചിരുന്നു. ഇത് ഏറെ വിവാദമായി. എന്നാല്‍ ഇന്ത്യയെ തളര്‍ത്താന്‍ കൂടുതല്‍ പ്രതികാര ചുങ്കവുമായി ട്രംപ് വരുമ്പോള്‍ രാഹുലും ചതി മനസ്സിലാക്കുന്നു. ഇന്ത്യയ്ക്ക് നേരെ അധിക പകരംതീരുവ ചുമത്തിയ യുഎസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തു വന്നത് രാാജ്യ താല്‍പ്പര്യങ്ങള്‍ കൂടി ഉയര്‍ത്തി പിടിച്ചാണ്. നടപടി അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്മെയിലിങ്ങാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലഹീനത ഇന്ത്യയിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. മോദിയെ കുറ്റം പറയുമ്പോഴും അമേരിക്കയെ രാഹുല്‍ തള്ളി പറഞ്ഞു. കടുത്ത നടപടികളിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാരിനും ഇതിലൂടെ കഴിയും. അമേരിക്കയെ തള്ളി പറയുമ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിച്ചത് ഇരട്ടത്താപ്പാണെന്ന വാദവും ഉയരുന്നുണ്ട്.
പഹല്‍ഗാം അടക്കമുള്ള വിഷയങ്ങളിലെ കോണ്‍ഗ്രസ് നിലപാട് എറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നിര്‍ജ്ജീവ സമ്പദ് വ്യവസ്ഥയെന്ന പരാമര്‍ശത്തേയും രാഹുല്‍ പിന്തുണച്ചത്. എന്നാല്‍ തീരുവ 50 ശതമാനമാക്കിയതിനെ മറ്റൊരു തലത്തില്‍ രാഹുല്‍ കണ്ടു. അതേ സമയം, അമേരിക്ക ഇന്ത്യയോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും പുതിയ വ്യാപാര പങ്കാളികളെ ഇന്ത്യ കണ്ടത്തേണ്ടതുണ്ടെന്നും ശശി തരൂര്‍ എം പി വ്യക്തമാക്കി. 'യുറേനിയം, പല്ലേഡിയം, എന്നിവ അമേരിക്ക റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈനക്കാര്‍ നമ്മളേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നവരാണ് പക്ഷെ ചൈനക്കാര്‍ക്ക് 90 ദിവസത്തെ ഇടവേള അവര്‍ നല്‍കിയിട്ടുണ്ട്. അമേരിക്ക നമ്മുടെ രാജ്യത്തോട് നല്ല സൗഹൃദം പുലര്‍ത്തുന്നവരാണെന്നാണ് കരുതിയത്. എന്നാല്‍ അവര്‍ ചെയ്തത് സൗഹൃദപരമായ പ്രവൃത്തിയല്ല. ഈ അനുഭവത്തില്‍ നിന്ന് നമ്മള്‍ പാഠം പഠിക്കേണ്ടതുണ്ടെന്നും തരൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതായത് രാജ്യതാല്‍പ്പര്യ വിഷത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ എള്‌ലാ അര്‍ത്ഥത്തിലും തരൂര്‍ പിന്തുണയ്ക്കുന്നു. കുത്തു വാക്കുകള്‍ മാറ്റി വച്ച് രാഹുല്‍ ഗാന്ധിയും ഈ തരൂര്‍ രീതിയിലേക്ക് എത്തിയാല്‍ അമേരിക്കയെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയും.
റഷ്യയില്‍ നിന്ന എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തിയത്. ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇതോടെ ഇന്ത്യക്കെതിരെ 50% പകരം തീരുവ ചുമത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ നേരിട്ടോ അല്ലാതെയോ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതായി ട്രംപ് ഉത്തരവില്‍ അറിയിച്ചു. 21 ദിവസത്തിനുള്ളില്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണി തുടരുന്നുവെന്നാണ് ഈ നടപടി സൂചിപ്പിക്കുന്നത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് അറിയിച്ചു. ഇതിനെയാണ് ബ്ലാക് മെയിലിംഗ് എന്ന് രാഹുല്‍ വിളിക്കുന്നത്. ഇന്ത്യയോടുളള ഈ ഇരട്ടത്താപ്പ് തകര്‍ക്കാന്‍ മോദി സര്‍ക്കാരിന് എല്ലാ വിധ പിന്തുണയും രാഹുല്‍ നല്‍കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്തില്ലെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബലഹീനത ഇല്ലാത്ത ഇന്ത്യന്‍ നിലപാടാണ് എന്നതാണ് വസ്തുത.
ഇന്ത്യയ്ക്ക് 25 ശതമാനം അധികം തീരുവ പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ വിമര്‍ശനവും ശക്തമാണ്. ഇന്ത്യയ്ക്കുള്ള തീരുവ ഇരട്ടിയാക്കിയ ട്രംപ്, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴ കൂടി ഈടാക്കുന്ന ഉത്തരവിലാണ് ഒപ്പിട്ടത്. ഇതോടെ ആകെ തീരുവ 50 ശതമാനമായി ഉയര്‍ത്തി. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തില്‍ വരുന്ന നിലയിലാണ് ട്രംപിന്റെ ഉത്തരവ്. ട്രംപിന്റേത് അന്യായവും ദൗര്‍ഭാഗ്യകരവുമായ നടപടിയെന്ന വിമര്‍ശനം ഇതിനകം ശക്തമായിട്ടുണ്ട്. ട്രംപിന്റേത് ഇരട്ടത്താപ്പാണ് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ചൈനക്ക് 90 ദിവസത്തെ സമയമാണ് ട്രംപ് നല്‍കിയിരിക്കുന്നത്. ഇന്ത്യയെക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ശക്തമാകുന്നത്. താരിഫ് വിഷയത്തില്‍ ഇന്ത്യക്കും യു എസിനും ഇടയിലെ തര്‍ക്കം പുതിയ മാനങ്ങളിലേക്ക് നീങ്ങുകയാണ്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനത്തിനു പുറമെ ഈ പിഴ കൂടി ട്രംപ് പ്രഖ്യാപിച്ചത്. നേരത്തെ 25 ശതമാനം നികുതി ഇന്ത്യക്ക് ഈടാക്കാനാനാണ് ട്രംപ് നിശ്ചയിച്ചത്. വ്യാപാര കരാറില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തതു കൊണ്ടായിരുന്നു ട്രംപ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയത്. ഇത് അമ്പതാക്കി ഉയര്‍ത്തുന്നു എന്നാണ് ഇന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷമാകും ഈ പിഴ ഈടാക്കി തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിറുത്തി വയ്ക്കാനാണ് ഈ മൂന്നാഴ്ച ട്രംപ് നല്‍കിയിരിക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി ഇന്ത്യ, റഷ്യയ്ക്ക് യുദ്ധം ചെയ്യാനുള്ള ഇന്ധനം നല്‍കുന്നു എന്ന് ട്രംപ് വാദിച്ചിരുന്നു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയിലെ ഐ ടി, ടെക്‌സ്‌റ്റൈല്‍ തുങ്ങി പല മേഖലകള്‍ക്കും തിരിച്ചടിയാകും.
മറ്റ് പല രാജ്യങ്ങളും രാജ്യങ്ങളും റഷ്യയില്‍ നിന്ന് ഇറക്കുമതി നടത്തുന്നു എന്ന സൂചനയും ഇന്ത്യയുടെ പ്രസ്താവനയിലുണ്ട്. ഇന്ത്യ - യു എസ് ബന്ധത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപിന്റെ ഈ നീക്കം. എന്നാല്‍ യു എസുമായുള്ള ചര്‍ച്ചകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാന്‍ സാധ്യതയില്ല. വ്യാപാര കരാറിലെ ചര്‍ച്ചകള്‍ക്ക് യു എസ് ഉദ്യോഗസ്ഥര്‍ ഈ മാസം ഇന്ത്യയിലെത്തുന്നത് ഇത് വരെ റദ്ദാക്കിയിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ട്രംപിന്റെ നീക്കത്തെ കരുതലോടെ നേരിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു.
എന്തായാലും ഈ തീരുവ പ്രഹരം സര്‍ക്കാരിന് മേലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ശക്തമാക്കുകയാണ്. അതിനിടെ ചൈനയിലേക്ക് പ്രധാനമന്ത്രി മോദി പോകുന്നുണ്ട്. അമേരിക്കന്‍ നിലപാട് പരിഗണിച്ച് പുതിയ നീക്കങ്ങള്‍ക്ക് ഇന്ത്യ തയ്യാറാകുമെന്നാണ് സൂചന. ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുക്രൈനിലെ കൂട്ടക്കൊല നിര്‍ത്താന്‍ എല്ലാവരുമാവശ്യപ്പെടുന്ന സാഹചര്യത്തില്‍പ്പോലും റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങിക്കൊണ്ടിരിക്കുന്നെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
ചര്‍ച്ചയിലൂടെ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കിയാല്‍ തീരുവയിളവ് എന്നതായിരുന്നു ട്രംപിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്ത്യയും യുഎസും വ്യാപാരച്ചര്‍ച്ച ഊര്‍ജിതമാക്കിയിരുന്നു. എന്നാല്‍, ക്ഷീര, കാര്‍ഷിക വിപണികള്‍ യുഎസിനു തുറന്നുനല്‍കുന്നതിന് ഇന്ത്യ വിസമ്മതിച്ചതോടെ ചര്‍ച്ച പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള ട്രംപിന്റെ ആദ്യ പ്രഖ്യാപനമുണ്ടായത്. ഇന്ത്യ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഇത് ഇപ്പോള്‍ 50 ശതമാനമാക്കി ഉയര്‍ത്തിയത്.